Thursday
24 Aug 2017

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി

By: Web Desk | Friday 28 July 2017 6:45 PM IST

നിജസ്ഥിതി പരിശോധിക്കാതെ അറസ്റ്റ് പാടില്ല

ന്യൂഡല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി. ഇത്തരം പരാതികളില്‍ നിജസ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്താതെ അറസ്‌റ്റോ ഏതെങ്കിലും തരത്തിലുള്ള നടപടിയോ സ്വീകരിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ഓരോ സംസ്ഥാനങ്ങളിലും കുടുംബക്ഷേമ സമതികള്‍ രൂപവത്കരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്ത്രീധന നിരോധന നിയമ വകുപ്പ് 498 എ ദുരുപയോഗം ചെയ്ത് ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ളവരെ കേസുകളില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. കുറ്റവാളികളല്ലാത്തവരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇത്തരം കേസുകള്‍ ഇടയാക്കുന്നതായും ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
സ്ത്രീധന പീഡന പരാതികളില്‍ പലതും പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തവയാണ്. ഇവയ്ക്കുമേല്‍ അറസ്റ്റ് പോലുള്ള അനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് ഒത്തുതീര്‍പ്പുകള്‍ക്കുള്ള സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീധന പഢന കേസുകളില്‍ വാദിയുടെ ആരോപണങ്ങള്‍ മാത്രം മുഖവിലയ്‌ക്കെടുത്ത് നടപടികളുമായി മുന്നോട്ടു പോകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദശം ഇത്തരം കേസുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും കുടുംബ ക്ഷേമ സമിതികള്‍ രൂപവത്കരിക്കണമെന്നും എല്ലാ കേസുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ജാമ്യം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും കഴിയുമെങ്കില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന ദിവസംതന്നെ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വിദേശത്താണെങ്കില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനക്കേസുകളില്‍ പല പരാതികളും വ്യാജമാണെന്ന് തെളിയുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി പരാമര്‍ശം നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

 

Related News