Friday
19 Oct 2018

ഡിപി വേള്‍ഡിന്റെ പരിഷ്‌കാരം ; വല്ലാര്‍പാടത്ത് രണ്ടുനീതി

By: Web Desk | Friday 8 December 2017 9:54 PM IST

ബേബി ആലുവ

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇടപാടുകാരോട് രണ്ടുതരം സമീപനം സ്വീകരിക്കുന്നതായി കേരളത്തിലെ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി. ഇതര സംസ്ഥാന കമ്പനികള്‍ക്ക് നിരക്കുകളില്‍ ഇളവ് അനനുവദിക്കുമ്പോള്‍, ടെര്‍മിനലില്‍ കയറ്റുമതിക്കായി വന്ന കണ്ടെയ്‌നറുകളുടെ 80 ശതമാനവും എത്തിക്കുന്ന കേരളത്തിലെ കമ്പനികള്‍ക്ക് ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ദുബൈ പോര്‍ട്ട് വേള്‍ഡ് ഈ ആനുകൂല്യം നിഷേധിക്കുന്നുവെന്നാണ് ആക്ഷേപം.
വല്ലാര്‍പാടം ടെര്‍മിനലിലെ കൈകാര്യ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത് താരിഫ് അതോറിട്ടി ഓഫ് മേജര്‍ പോര്‍ട്ട് (ടാംപ് )ആണ്. ടാംപ് നിശ്ചയിച്ച നിരക്കുകള്‍ മറ്റ് തുറമുഖങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് തുറമുഖ ഉപഭോക്താക്കളും കേരളത്തിലെ കപ്പല്‍ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു. ഇതുമൂലം കണ്ടെയ്‌നറുകള്‍ വല്ലാര്‍പാടത്തെ ഉപേക്ഷിച്ച് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് നീങ്ങുന്നസ്ഥിതിയുണ്ടാകും. ആക്ഷേപം പരിഗണിച്ച അതോറിട്ടി, നിരക്കുകളില്‍ ഇളവാകാമെന്നും ഇളവ് അനുവദിക്കുമ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികളോട് തുല്യത പാലിക്കണമെന്നും വിവേചനം പാടില്ലെന്നും വ്യക്തമാക്കി വിജ്ഞാപനമിറക്കി. എന്നാല്‍, വിജ്ഞാപനമിറക്കി ആറ് മാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാന്‍ ഡി പി വേള്‍ഡ് കൂട്ടാക്കുന്നില്ലെന്നാണ് കേരളത്തിലെ കമ്പനികളുടെ സംഘടനയായ കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ പറയുന്നത്
നിരക്ക് ഇളവിനു പിന്നില്‍ കടുത്ത അഴിമതിയുടെ സാഹചര്യമുണ്ടെന്നുമാണ് സംഘടനയുടെ വാദം. നിരക്ക് ഇളവ് എത്രയെന്നു അതിന്റെ മാനദണ്ഡമെന്തെന്നും ആര്‍ക്കൊക്കെ നല്‍കുന്നുവെന്നും ഡി പി വേള്‍ഡ് വെളിപ്പെടുത്തുന്നില്ല. സംസ്ഥാനത്തിനു പുറത്തുനിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ വല്ലാര്‍പാടത്തേക്ക് ആകര്‍ഷിക്കാനാണ് നിരക്ക് ഇളവ് എന്നു മാത്രമാണ് വിശദീകരണം.
ഇളവ് അനുവദിക്കുമ്പോള്‍ സംഭവിക്കുന്ന അധിക സാമ്പത്തിക ബാദ്ധ്യത ഒരു വിധത്തിലും ഡി പി വേള്‍ഡിനെ ബാധിക്കുന്നില്ല എന്ന വലിയൊരു തട്ടിപ്പുകൂടി ഈ ഇടപാടിന് പിന്നിലുണ്ട്. നഷ്ടം കൊച്ചി തുറമുഖ ട്രസ്റ്റിനും കേന്ദ്രസര്‍ക്കാരിനുമാണ്. വല്ലാര്‍പാടം ടെര്‍മിനലിന്റെ നടത്തിപ്പ് സംബന്ധിച്ച് കൊച്ചി തുറമുഖട്രസ്റ്റും ഡി പി വേള്‍ഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം, പ്രതിമാസം തുറമുഖട്രസ്റ്റിനു നല്‍കേണ്ട 35 ശതമാനം വിഹിതത്തില്‍നിന്ന്, നിരക്ക് ഇളവിലൂടെ വരുന്ന അധിക സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുകയാണ് ഡി പി വേള്‍ഡ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പണമാണ്, മറുനാടന്‍ കമ്പനികള്‍ക്ക് ഇളവിനത്തില്‍ വീതിച്ചു നല്‍കാന്‍ ഡി പി വേള്‍ഡ് വിനിയോഗിക്കുന്നത് എന്ന് ചുരുക്കം. ഉള്ള വരുമാനം കൂടി നഷ്ടപ്പെടുത്തുന്ന ഡി പി വേള്‍ഡിന്റെ ഏകപക്ഷീയമായ ഇടപാടുകളില്‍ കൊച്ചി തുറമുഖ ട്രസ്റ്റും കേന്ദ്ര സര്‍ക്കാരും മൗനത്തില്‍. കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരിട്ടു നല്‍കിയ പരാതിക്കു പോലും മറുപടിയില്ല.
നിരക്ക് ഇളവുകള്‍ നല്‍കുന്നതിലെ വിവേചനം കേരളത്തിലെ കമ്പനികള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്.താത്പര്യമുള്ള സ്ഥാപനങ്ങളുടെ ചരക്കിന് 20 അടി കണ്ടെയ്‌നര്‍ കണക്കാക്കി 25 ശതമാനം ഇളവാണ് നല്‍കുന്നത്. അന്താരാഷ്ട്രതലത്തിലാണ് കണ്ടെയ്‌നര്‍ ചരക്കുകളുടെ ട്രാന്‍സ്‌പോര്‍ട്ടിംഗ് കരാറുകള്‍ നിശ്ചയിക്കുന്നത്. വല്ലാര്‍പാടത്ത് നിരക്കുകളില്‍ ആനുകൂല്യം ലഭിക്കുന്ന ഇതര സംസ്ഥാന കമ്പനികളുമായി മത്സരിക്കാന്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് കഴിയാതാവുകയും അത് കേരളത്തിലെ ബിസിനസ്സിനെ തകര്‍ക്കുകയും ചെയ്യുമെന്ന് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം ചെയര്‍മാന്‍ പ്രകാശ് അയ്യര്‍ പറഞ്ഞു.
2011 ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നടത്തിപ്പ് 30 വര്‍ഷത്തേക്ക് കുത്തക കമ്പനിയായ ദുബൈ പോര്‍ട്ട് വേള്‍ഡും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ദുബൈ പോര്‍ട്ട് വേള്‍ഡിനാണ്. കരാര്‍ കാലയളവില്‍ വരുമാനത്തിന്റെ 35 ശതമാനം ഡിപി വേള്‍ഡ് പോര്‍ട്ട് ട്രസ്റ്റിനു നല്‍കും. എന്നാല്‍, ചെലവിന്റെ അടുത്തേക്കൊന്നും എത്തിപ്പെടാന്‍ ഈ വിഹിതത്തിനു കഴിയുന്നില്ല. കപ്പല്‍ചാലിലെ ഡ്രഡ്ജിങ് അടക്കമുള്ള ചെലവുകളൊക്കെ ഈ വിഹിതത്തില്‍ നിന്ന് തുറമുഖ ട്രസ്റ്റ് വഹിക്കണം. ഫലത്തില്‍ കരാര്‍ രാജ്യത്തിന് നഷ്ടക്കച്ചവടമായി കലാശിച്ചിരിക്കുകയാണ്. കൊച്ചിന്‍ പോര്‍ട്ടിനെയും വല്ലാര്‍പാടം ടെര്‍മിനലിനെയും പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കരാര്‍ റദ്ദു ചെയ്യണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

Related News