Monday
23 Jul 2018

ഉനൈസിന്‍റെ ദുരൂഹമരണത്തിന് പിന്നില്‍ ലഹരിമരുന്ന് റാക്കറ്റെന്ന് സൂചന

By: Web Desk | Wednesday 16 May 2018 7:45 PM IST

തലശ്ശേരി:

എടക്കാട്ടെ ഓട്ടോ ഡ്രൈവര്‍ അരേ ചെങ്കല്‍ ഉനൈസിന്‍റെ ദുരൂഹമരണത്തിന് പിന്നില്‍ പ്രദേശത്ത് വേരുകള്‍ ഉറപ്പിച്ചു വരുന്ന തലശ്ശേരി ബന്ധമുള്ള മയക്ക് മരുന്ന് റാക്കറ്റുകളാണെന്ന് സൂചന. ഉനൈസ് വീട്ടുമുറിയില്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തലശ്ശേരിയിലെ ഒരു ലഹരി ഇടപാടുകാരന്‍ വീട്ടിലെത്തിയതായി വിവരമുണ്ട്. ഉനൈസിനെ കാണണമെന്ന് ഇയാള്‍ മാതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ മുറിയിലുണ്ടെന്ന് ഉമ്മ പറഞ്ഞു. ഉനൈസുമായി മുന്‍ പരിചയമുള്ള ഇയാള്‍ മുറിയില്‍പോയി അല്‍പ സമയത്തിനകം തിരിച്ചുവന്ന് അപ്രത്യക്ഷനായി. പിന്നീട്, ഏറെ നേരം കഴിഞ്ഞിട്ടും ഉനൈസ് പുറത്ത് വരാത്തതിനെ തുടര്‍ന്ന് സക്കീന അകത്ത് ചെന്ന് നോക്കിയപ്പോഴാണ് കട്ടിലിനരികില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ വിവരം സംഭവ ദിവസം തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ ഇതുവരെയും പൊലീസിനായിട്ടില്ല.

ഇതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കസ്റ്റഡി മരണം എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട ഉനൈസിന്‍റെ എടക്കാട് ബൈപാസിലുള്ള വീട്ടില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹന്‍ദാസ് വീട്ടിലെത്തിയത്. ഉന്നൈസിന്റെ ഉമ്മ സക്കീനയോടും സഹോദരന്‍ നവാസിനോടും അദ്ദേഹം വിവരങ്ങള്‍ തിരക്കി.

പ്രസ്തുത ദിവസം രാവിലെ വീട്ടില്‍നിന്നും മുഖംപോലും കഴുകാന്‍ അനുവദിക്കാതെ പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് നവാസ് അറിയിച്ചു. മൂത്രം ഒഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് സ്‌റ്റേഷനില്‍ ചെന്നിട്ടാവാമെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. വൈകുന്നേരം വീട്ടിലെത്തിയത് അവശനിലയിലായിരുന്നു. നടക്കാന്‍ പ്രയാസപ്പെട്ടിരുന്നു. പൊലീസ് ഉപദ്രവിച്ചതായി പറഞ്ഞിരുന്നു. ശാരീരിക അസ്വാസ്ഥ്യം കൂടിയതിനാല്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രയാസം കാരണം കുറച്ച് ദിവസം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നുവെന്ന് നവാസ് മൊഴി നല്‍കി. സഹകരണ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വീട്ടുകാര്‍ കമ്മിഷന് നല്‍കി. ഇത് പരിശോധിച്ച കമ്മിഷന്‍ ചെയര്‍മാന്‍ രേഖകളില്‍ കാണുന്ന പരിക്കുകളൊന്നും മരണകാരണമാവാന്‍ ഇടയില്ലല്ലോ എന്നാണ് തത്സമയം സ്ഥലത്തുണ്ടായ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ അഭിപ്രായപ്പെട്ടത്.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തതായി ജസ്റ്റിസ് മോഹന്‍ ദാസ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉനൈസിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്നത് എടക്കാട് പൊലിസ് നിഷേധിച്ചു. മരിക്കുന്നത് വരെ ഇത് സംബന്ധിച്ച് ആരോടും ഒന്നും പറയാത്ത ഉന്നൈസ് ഡയറിയില്‍ എഴുതി വച്ചതായി പറയുന്ന കത്തിനെ അടിസ്ഥാനമാക്കിയാണ് ബന്ധുക്കള്‍ കസ്റ്റഡി മര്‍ദ്ദനം ആരോപിക്കുന്നത്. അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്ന് ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പ്രാഥമികമായി സൂചിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് ലോബികളുമായി നിരന്തരം ബന്ധപ്പെടാറുള്ള യുവാവിനെ ഒന്നിലേറെ തവണ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. എടക്കാട്ടും പരിസരങ്ങളിലും പിടിമുറുക്കിയ ലഹരി റാക്കറ്റിനെതിരെ പൊലീസ് നിങ്ങിത്തുടങ്ങിയപ്പോഴാണ് യാദൃശ്ചികമായി ദുരൂഹ സാഹചര്യത്തില്‍ ഉനൈസ് മരണപ്പെടുന്നത്. ഈ സന്ദര്‍ഭം മയക്കുമരുന്ന് റാക്കറ്റുകള്‍ പൊലീസിനെ തളയ്ക്കാനുള്ള ഉപകരണമാക്കുകയാണെന്നുള്ള സംശത്തിലാണ് നാട്ടുകാരും.