Wednesday
22 Aug 2018

മദ്യപ സംഘം അഴിഞ്ഞാടി ഗര്‍ഭിണിയെയും പൊലീസുകാരനെയും മര്‍ദ്ദിച്ചു

By: Web Desk | Thursday 2 November 2017 10:34 PM IST

കൊല്ലം: മദ്യലഹരിയില്‍ നഗരഹൃദയത്തില്‍ അഴിഞ്ഞാടിയ സംഘം ഗര്‍ഭിണിയായ സ്ത്രീയേയും പൊലീസുകാരെയും മര്‍ദ്ദിച്ചു. നീണ്ടകര പഞ്ചായത്ത് അംഗം അന്റോണിയോ ജോര്‍ജ്ജും സുഹൃത്തുക്കളാണ് നടുറോഡില്‍ അഴിഞ്ഞാടിയത്.
കണ്ണനല്ലൂര്‍ സുധീര്‍ മന്‍സിലില്‍ ഗര്‍ഭിണിയായ തസ്ലീമ, ഭര്‍ത്താവ് അനസ്, അനസിന്റെ സുഹൃത്ത് ഷെഫീക്ക്, കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ സത്യരാജ്, ജയലാല്‍ എന്നിവര്‍ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. രാമന്‍കുളങ്ങരയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന സുധീറിന്റെ സാന്‍ട്രോ കാറില്‍ ജില്ലാ ജയിലിന് മുന്നില്‍ വച്ച് അന്റോണിയോ ജോര്‍ജ്ജും കൂട്ടുകാരും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇടിച്ചു. ഇന്നോവയില്‍ നിന്നും ചാടിയിറങ്ങിയ അന്റോണിയോയും സുഹൃത്തുകളും സാന്‍ട്രോ കാറില്‍ അഞ്ഞിടിച്ചു. കാറില്‍ നിന്നും പുറത്തേക്കിറങ്ങിയ സുധീറിനും സുഹൃത്ത് ഷെഫീക്കിനും നേരെ അസഭ്യവര്‍ഷം നടത്തിയ ശേഷം സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. തടയാനെത്തിയ സുധീറിന്റെ ഭാര്യ തസ്ലീമയേയും മര്‍ദ്ദിച്ചു. ഇതോടെ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സംവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും ഇവര്‍ അക്രമം അഴിച്ചുവിട്ടു. ഏറെ പണിപ്പെട്ട് സംഘത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടും അഴിഞ്ഞാട്ടം തുടര്‍ന്നു.
സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ അക്രമിക്കാന്‍ ശ്രമിച്ചു. വനിത പൊലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ പൊലീസുകാര്‍ സ്റ്റേഷന്‍ പൂട്ടി പുറത്തേക്കിറങ്ങി. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് സംഘത്തെ നിയന്ത്രിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. സുധീറും ഭാര്യയും സുഹൃത്തും സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ പൊലീസുകാര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.

 

Related News