Wednesday
23 May 2018

മദ്യലഹരിയില്‍ യുവതി പൊലീസുകാരുടെ നേരെ തട്ടിക്കയറി: വീഡിയോ വൈറല്‍

By: Web Desk | Monday 9 April 2018 1:54 PM IST

ഹൈദരാബാദ്: അമിത മദ്യലഹരിയിലെത്തിയ യുവതി പൊലീസിനെ ആക്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പരിശോധന നടത്തുന്നതിനിടെയാണ്  മദ്യപിച്ചെത്തിയ യുവതി പൊലീസിനെ ആക്രമിച്ചത്. പൊലീസിനെ കൂടാതെ ക്യാമറാമാനേയും യുവതി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിച്ചു വരികയായിരുന്ന യുവതിയെ പരിശോധനയ്ക്ക് വേണ്ടി  പൊലീസ് വാഹനം നിര്‍ത്തിച്ചു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് യുവതി മദ്യപിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്. തുടര്‍ന്ന് യുവതി പൊലീസുമായി കലഹിക്കുകയും പുലര്‍ച്ചെ ഒരു മണിയോടെ നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

പൊലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു. പൊലീസിനെ യുവതി കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും പൊലീസ് സ്‌റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു.

മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായിരുന്നു പരിശോധനയെന്നും ഇക്കാര്യം മാധ്യമങ്ങളെ നേരത്തേ അറിയിച്ചിരുന്നുവെന്നും ഹൈദരാബാദ് പൊലീസ് പറഞ്ഞു.

Related News