Monday
16 Jul 2018

ദുബായില്‍ പെണ്‍മാവേലിയും തീവണ്ടിയില്‍ ഓണപ്പെരുമയും

By: Web Desk | Tuesday 10 October 2017 10:47 PM IST

കെ രംഗനാഥ്

ദുബായ്: കലാഭവന്‍ മണി ‘ദേ മാവേലി കൊമ്പത്ത്’ എന്ന് പാടിയപോലെ ദുബായിലെ മാവേലി ദേ തീവണ്ടിയില്‍, അതും നമുക്കു മുന്നില്‍ നിറഞ്ഞാടുന്ന കുടവയറും കപ്പടാമീശയുമുള്ള ആജാനുബാഹുവായ ആണ്‍ മാവേലിക്കു പകരം ഒരു പെണ്‍മാവേലി.
ഇത് ഗള്‍ഫിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മാവേലി. തീവണ്ടിയിലെ ഓണപ്പെരുമ മറ്റൊരു ദൃശ്യനൂതനാവിഷ്‌കാരമായി. തീവണ്ടിയുടെ മാതൃകയില്‍ ഒരു വേദി. യാത്രികരായി പെണ്‍ മാവേലി, കഥകളി, തിരുവാതിര, ചെണ്ടമേളം, കൊമ്പു – കുഴല്‍വിളി എന്നിവയെല്ലാം കോര്‍ത്തിണക്കിയിരിക്കുന്നു. ഇതെല്ലാം കാണാന്‍ മുണ്ടും മേല്‍മുണ്ടുമായി ഒരു നാടന്‍ മുത്തശിയും.
ദുബായി അല്‍ഖൈല്‍ ഗേറ്റ്‌സ് മലയാളി അസോസിയേഷനാണ് ഈ നവ്യാനുഭവം കാഴ്ചവച്ചത്. ഓണപ്പെരുമയുമായി ‘സഞ്ചരിക്കുന്ന’ തീവണ്ടിയുടെ പേരുതന്നെ റസിഡന്റ്‌സ് അസോസിയേഷന്റെ ചുരുക്കപ്പേരായ എകെജി, എംഎഎക്‌സ്പ്രസ്. തീവണ്ടി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുമ്പോള്‍ ഓരോ സ്റ്റേഷനിലും നിന്ന് അന്നാട്ടിലെ കലാരൂപങ്ങളും വണ്ടികയറുന്നു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ പരമ്പരാഗത കലാരൂപങ്ങളുടെയും ഗതകാലസ്മരണകളായി കുറ്റിയറ്റുപോകുന്ന കലാസൗകുമാര്യങ്ങളുടേയും സംഗമവേദിയായ തീവണ്ടിമുറിയില്‍ പെണ്‍മാവേലിയായി വേഷമിട്ട സന്ധ്യാമേനോനെ ആര്‍പ്പുവിളികളോടെയാണ് സദസ് വരവേറ്റത്. ഉണ്ണിയാര്‍ച്ചയായി വേഷമണിഞ്ഞ മൂന്നു വയസുകാരിയായിരുന്നു പ്രച്ഛന്നവേഷത്തിലെ വിജയി. മലയാളി മങ്കയായി അംബുജവും പുരുഷ കേസരിയായി വിഷ്ണു കിഷോറും തിരഞ്ഞെടുക്കപ്പെട്ടു.
രാജീവ് പിള്ള സംവിധാനം ചെയ്ത ഓര്‍മ്മയ്ക്ക് ഒരു ഓണം മലയാളിയുടെ ബഹുസ്വരതയുടെ നേര്‍ക്കാഴ്ചയായി. അജിതയും സംഘവും അണിയിച്ചൊരുക്കിയ കേരളപ്പെരുമ നമ്മുടെ ഗതകാല നടനകലകളിലേയ്ക്ക് വെളിച്ചം വീശി. ഒപ്പം കെങ്കേമായ ഓണസദ്യ കൂടിയായപ്പോള്‍ കന്നിയിലെ ഈ ഓണവും ഓര്‍മയില്‍ തങ്ങുന്നതായി.
ചിങ്ങം കഴിഞ്ഞ മാസം രണ്ടാകാറായിട്ടും ഗള്‍ഫ് നാടുകളിലെ ഓണാഘോഷങ്ങള്‍ നാട്ടിലെ തുലാവര്‍ഷക്കാലത്തും തുടരുന്നു. മലയാളി സംഘടനകളുടെ ബാഹുല്യവും ഒത്തിണങ്ങിവരുന്ന അവധി ദിവസങ്ങളുമാണ് തുലാമാസ ഓണങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബഹ്‌റൈന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പമ്പാ വാസന്‍ നായരും ജനറല്‍ സെക്രട്ടറി മനോജ് കുമാറും അറിയിച്ചു. സംഗീതജ്ഞനും പിന്നണി ഗായകനുമായ അനുവി കടമ്മനിട്ടയുടെദേവരാഗം സംഗീതപരിപാടി, കാഞ്ചികാമകോടി ആസ്ഥാന മൃദംഗവിദ്വാന്‍ കടമ്മനിട്ട മനു വി സുദേവ് നയിക്കുന്ന വാദ്യസമന്വയം എന്നിവയുണ്ടാവും. പ്രശസ്ത പടയണി ആചാര്യനും എഴുത്തുകാരനുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ളയുടെ പുത്രന്മാരാണ് അനു-മനു സഹോദരന്മാര്‍. പ്രശസ്ത പാചകവിദഗ്ധന്‍ ശ്രീഭദ്രാ ജയന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് ഓണസദ്യ.