Wednesday
21 Nov 2018

കരകയറാനാകാതെ പിഎന്‍ബി; കിട്ടാക്കടം വീണ്ടും പെരുകുന്നു

By: Web Desk | Sunday 8 July 2018 9:48 PM IST

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ കിട്ടാക്കടം ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 15534.52 കോടി രൂപയാണ് വന്‍കിട വായ്പാ ഇനത്തില്‍ ബാങ്കിന് കിട്ടാനുള്ളതെന്നാണ് ജൂണ്‍ 30 ന് അവസാനിച്ച് പാദത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരുപത്തിഅഞ്ച് ലക്ഷമോ അതിലധികമോ രൂപ വായ്പ എടുത്ത തിരിച്ചടക്കാവത്തവരുടെ പട്ടികയാണ് ബാങ്ക് തയ്യാറാക്കിയത്. ഇതിലാണ് 15354.52 കോടി രൂപ ബാങ്കിന് ലഭിക്കാനുള്ളത്.

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 12282. 82 കോടി രൂപയാണ് വന്‍കിട വായ്പാ കുടിശിക ഇനത്തില്‍ ലഭിക്കേണ്ടത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1324.80 കോടി രൂപ ആയിരുന്നു ബാങ്കിന്റെ ലാഭം. ഒരു വര്‍ഷത്തിനിടെയാണ് ബാങ്ക് കടക്കെണിയിലേക്ക് കുപ്പുകുത്തിയതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ അടിവരയിടുന്നത്.
കുഡോസ് കെമിക്കല്‍സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത്. 1301.82 കോടി രൂപയാണ് കുടിശിക വരുത്തിയത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 597.44 കോടി രൂപ, ജാസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ 410.96 കോടി, വിഎംസി സിസ്റ്റംസ് 296.08 കോടി, എംബിഎസ് ജൂവലേവ്‌സ് 266.17 കോടി, അരവിന്ദ് റെമഡീസ് 158.16 കോടി രൂപ എന്നിങ്ങനെയാണ് വായ്പാ ഇനത്തില്‍ കുടിശിക വരുത്തിയത്. കിട്ടാക്കടത്തിന്റേയും നിഷ്‌ക്രീയ ആസ്ഥികളുടേയും കാര്യത്തില്‍ എസ്ബിഐയാണ് ആദ്യ സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനത്ത് കനാറാ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കുമെണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം 13000 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുള്‍പ്പെടെ സിബിഐയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന വായ്പാ തട്ടിപ്പ് കേസുകളുടെ അന്വേഷണ സംഘത്തിലേക്ക് വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ബാങ്കിങ്, നികുതി വിദഗ്ദ്ധരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ കത്തയച്ചു. ധനവകുപ്പിനും മറ്റ് പ്രധാന വകുപ്പുകള്‍ക്കുമാണ് ആവശ്യമുന്നയിച്ച് സിബിഐ കത്ത് നല്‍കിയത്.

ഏജന്‍സി ഉപദേഷ്ടാവ് (ബാങ്കിങ്), മുതിര്‍ന്ന ഉപദേഷ്ടാവ് (വിദേശ വ്യാപാരം/വിദേശ വിനിമയം), ഡെപ്യൂട്ടി ഉപദേഷ്ടാവ് (വിദേശ വ്യാപാരം/വിദേശ വിനിമയം), മുതിര്‍ന്ന ഉപദേഷ്ടാവ്(ടാക്‌സേഷന്‍) എന്നീ പദവികളിലേക്കാണ് ഉദ്യോഗസ്ഥരെ വിട്ടു നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  അന്വേഷണസംഘത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരെ പ്രാരംഭ അന്വേഷണ ഏജന്‍സിയില്‍ ഹ്രസ്വകാല കരാറടിസ്ഥാനത്തിലാവും നിയമിക്കുക. ശമ്പളത്തിനു പുറമെ 20 ശതമാനത്തിലധികം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സോടെയായിരിക്കും ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിലേക്ക് നിയമിക്കുക എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

Related News