Wednesday
19 Dec 2018

നെടുമങ്ങാട് റവന്യൂ ടവര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

By: Web Desk | Thursday 6 December 2018 6:16 PM IST

തിരുവനന്തപുരം: കിഫ്ബി ധനസഹായത്തോടെ ബജറ്റില്‍ പ്രഖ്യാപിച്ച നെടുമങ്ങാട് റവന്യൂ ടവര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. റവന്യൂ ടവര്‍ നിര്‍മ്മാണം ഒരു സ്‌പെഷ്യല്‍ കേസായി പരിഗണിച്ച് അടിയന്തരമായി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സി ദിവാകരന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നകാര്യം ഉടന്‍ പരിശോധിക്കാമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും സഭയില്‍ ദിവാകരന് ഉറപ്പു നല്‍കി.
  2016-17 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചെങ്കിലും റവന്യൂ ടവര്‍ നിര്‍മ്മാണം ഇതുവരെയും ആരംഭിക്കാത്ത സാഹചര്യത്തില്‍ സ്‌പെഷ്യല്‍ കേസായി പരിഗണിച്ച് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി പൊതുമരാമത്ത് സ്‌പെഷ്യല്‍ ബില്‍ഡിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തണണെന്നും ദിവാകരന്‍ സഭയെ അറിയിച്ചു. കിഫ്ബി സഹായത്തോടെ 9.75 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ടവര്‍ നിര്‍മ്മാണത്തിനായി ലാന്‍ഡ് റവന്യൂ കമ്മീഷ്ണറേറ്റില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഹൗസിംഗ് ബോര്‍ഡില്‍ നിന്നും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പിന് നല്‍കുന്ന വിഷയത്തില്‍ തീരുമാനം എടുക്കുന്നതാണെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ശിപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട മൊത്തം പദ്ധതി അടങ്കല്‍ ഏറ്റവും കുറഞ്ഞത് 100 കോടി രൂപയ്ക്ക് മുകളില്‍ വേണമെന്നും സബ് പ്രൊജക്ടുകള്‍ 10 കോടി രൂപയക്ക് താഴെ ആകാന്‍ പാടില്ലെന്നതുമാണെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കിഫ്ബി സഹായത്തോടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിലവില്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനെയാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയി ചുമതലപ്പെടുത്തി ഉത്തരവിട്ടിട്ടുണ്ട്. അതില്‍ ഏതെങ്കിലും തരത്തില്‍ ഭേദഗതി ആവശ്യമുള്ള പക്ഷം അംഗീകൃത നിര്‍വ്വഹണ ഏജന്‌സിയെ എസ്പിവി ആയി മാറ്റി നിശ്ചയിച്ച് അനുമതി നല്‍കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Related News