Wednesday
21 Nov 2018

ഇ പോസ് മെഷീന്‍; ഭക്ഷ്യവകുപ്പ് സ്വന്തമായി സര്‍വര്‍ വാങ്ങുമെന്ന് മന്ത്രി

By: Web Desk | Thursday 7 June 2018 10:15 PM IST

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ സേവനങ്ങളുള്‍പ്പടെ ലഭ്യമാക്കുന്നതിന് ഭക്ഷ്യവകുപ്പ് സ്വന്തമായി സര്‍വര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. വിവരസാങ്കേതിക വകുപ്പ് വഴി ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെത്തി കഴിഞ്ഞു. എ എന്‍ ഷംസീറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലവില്‍ സര്‍ക്കാരിന്റെ സര്‍വര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വാടക സര്‍വര്‍ ഉപയോഗിച്ചാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇ പോസ് മെഷീന്‍ സംബന്ധിച്ച സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ താലൂക്ക് തലത്തില്‍ തന്നെ സര്‍വീസ് എന്‍ജിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇ- പോസ് മെഷീനുകള്‍ ലഭ്യമാക്കിയ ലിങ്ക് വെല്‍ ടെലിസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ കണക്ട്‌വിറ്റി സംബന്ധിച്ചും ചില ബുദ്ധിമുട്ടുകള്‍ നിലവിലുണ്ട്. ഒരു സേവനദാതാവിന്റെയും മൊബൈല്‍ സര്‍വീസ് ലഭിക്കാത്ത സ്ഥലങ്ങളില്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെറ്റ് വര്‍ക്ക് ലഭ്യമായ സ്ഥലങ്ങളില്‍ ഇപ്പോള്‍ രണ്ട് മൊബൈല്‍ സിം കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇ പോസ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി ബോധവത്ക്കരണ നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകുന്നതോടെ ഇത് സംബന്ധിച്ച പരാതികളും ആശങ്കകളും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ വിതരണം സുതാര്യവും കുറ്റമറ്റതാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ പോസ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News