18 April 2024, Thursday

ഹെയ്തിയില്‍ ഭൂകമ്പം; മരണം 300 കവിഞ്ഞു

Janayugom Webdesk
August 15, 2021 9:19 am

പോര്‍ട്ട്-ഓ‑പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 300 കവിഞ്ഞു. 2000 ത്തോളം പേര്‍ക്ക് പരിക്കേറ്റു. പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്-ഓ‑പ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി. പോര്‍ട്ട്-ഓ‑പ്രിന്‍സില്‍ വരെ പ്രകമ്പനമുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഹെയ്തി തീരത്ത് സുനാമിയോ മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

2010 ജനുവരിയില്‍ റിക്ടര്‍സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ടുലക്ഷത്തിലധികംപേര്‍ മരിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേര്‍ ഭവനരഹിതരായി.

Eng­lish sum­ma­ry; Earth­quake in Haiti; Death toll exceeds 300

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.