Wednesday
19 Dec 2018

സാമ്പത്തിക വളര്‍ച്ചാനിരക്ക് വീണ്ടും കുറഞ്ഞു

By: Web Desk | Friday 30 November 2018 11:13 PM IST

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വീണ്ടും കുറഞ്ഞ് 7.1 ശതമാനമായി. കഴിഞ്ഞ മൂന്ന് പാദങ്ങളെ അപേക്ഷിച്ച് ഇക്കുറി കുറവാണ് ഉണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ 8.2 ശതമാനമായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വ്യാപ്തി 33.98 ലക്ഷം കോടി രൂപ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ ഇത് 31.72 ലക്ഷം കോടി രൂപ ആയിരുന്നുവെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഉല്‍പ്പാദനമേഖലയില്‍ ഉണര്‍വ് രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിലെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 7.1 ശതമാനമായിരുന്നത് ഇക്കുറി 7.4 ശതമാനമായി ഉയര്‍ന്നു. ഖനന മേഖലയിലെ വളര്‍ച്ചയില്‍ വന്‍ കുറവുണ്ടായി.
കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 6.9 ശതമാനമായിരുന്നത് ഇപ്പോള്‍ 2.4 ശതമാനമായി. നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 3.1 ശതമാനമായിരുന്നത് ഇപ്പോള്‍ 7.8 ആയി ഉയര്‍ന്നു.