Friday
19 Oct 2018

സാമ്പത്തിക വളര്‍ച്ചനിരക്ക് 6.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി

By: Web Desk | Friday 5 January 2018 10:41 PM IST

ന്യൂഡല്‍ഹി: 2017-18 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. 2016-17ല്‍ ഇത് 7.1 ശതമാനമായിരുന്നു.മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ആഭ്യന്തര ഉത്പാദന വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. നോട്ട് നിരോധനവും ചരക്ക് സേവന നികുതി സമ്പ്രദായവുമാണ് വളര്‍ച്ചനിരക്ക് ഇടിയാന്‍ കാരണമാക്കിയതെന്നാണ് അനുമാനിക്കുന്നത്.
2018ലെ ബജറ്റ് അവതരിപ്പിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ പുറത്ത് വന്നത്. 2016-17 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയായ 7.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ നിരക്കായ 6.5 ശതമാനം ഫെബ്രുവരിയിലെ ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍.
കാര്‍ഷിക മേഖലയിലും ഉത്പാദന മേഖലയിലും വലിയ തിരിച്ചടി നേരിട്ടതോടെയാണ് സാമ്പത്തിക വളര്‍ച്ച താഴേക്കു പതിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച 7.1 ആയിരുന്നു. ഇതിനാണ് വന്‍ ഇടിവ് നേരിട്ടിരിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയില്‍ 2.1 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഉണ്ടാവുക. കഴിഞ്ഞ തവണ ഇത് 4.9 ആയിരുന്നു. ഇതാണ് നേര്‍പകുതിയിലും താഴെയായി കുത്തനെ കുറയുന്നത്. ഉത്പാദന മേഖലയിലും വലിയ തളര്‍ച്ചയാണ് ഉണ്ടാവുക. ഇത്തവണ 4.6 ശതമാനം വളര്‍ച്ചനിരക്കു മാത്രമാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 7.9 ശതമാനമായിരുന്നു. കാര്‍ഷിക, നിര്‍മാണ മേഖലകളാണു മുഖ്യമായും വളര്‍ച്ചാ മാന്ദ്യത്തിനു വഴിവയ്ക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല 2.1 ശതമാനം വളര്‍ച്ചനിരക്കാണ് രേഖപ്പെടുത്തുക. മുന്‍ വര്‍ഷത്തെ വളര്‍ച്ചനിരക്കായ 4.9നെ അപേക്ഷിച്ച് ഏറെ പിന്നിലാണിത്. കഴിഞ്ഞ വര്‍ഷം 7.9 ശതമാനം വളര്‍ച്ചനിരക്കു രേഖപ്പെടുത്തിയ നിര്‍മാണ മേഖലയില്‍ ഈ വര്‍ഷം 4.6 ശതമാനം വളര്‍ച്ചനിരക്കേ പ്രതീക്ഷിക്കുന്നുള്ളൂ.
ഊര്‍ജ, ഹോട്ടല്‍ മേഖലകളാണ് ഇക്കാലയളവില്‍ കാര്യമായ വളര്‍ച്ചനിരക്കുമായി ശ്രദ്ധ നേടുന്ന രണ്ടു മേഖലകള്‍. ഈ മേഖലകളില്‍ യഥാക്രമം 7.5, 8.7 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചനിരക്ക് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം ആദ്യ പാദത്തേക്കാള്‍ മെച്ചപ്പെടുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവി ആനന്ദ് പറഞ്ഞു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലും ജനുവരി-മാര്‍ച്ച് പാദത്തിലും വളര്‍ച്ച ഏഴില്‍ എത്തുമെന്നും അദ്ദേഹം പറയുന്നു.