Wednesday
21 Nov 2018

സാമ്പത്തിക വളര്‍ച്ചാമുരടിപ്പ് രണ്ട് വര്‍ഷമെങ്കിലും തുടരും

By: Web Desk | Sunday 19 November 2017 10:12 PM IST

എസ് സേതുരാമന്‍

പ്പോള്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തെ കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. വളര്‍ച്ചനിരക്കിലുണ്ടായ കുറവ്, വിലക്കയറ്റം, ദുര്‍ബലമായ കയറ്റുമതി, തൊഴില്‍നഷ്ടം, ധനക്കമ്മി ഇതൊക്കെതന്നെ സാമ്പത്തിക പ്രതിസന്ധി ഇടക്കാലത്തൊന്നും മാറില്ലെന്ന ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷവും ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാന്‍ മോഡി സര്‍ക്കാരിന് കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്കുസേവന നികുതിയും മറ്റ് ഘടനാത്മകമായ പരിഷ്‌കാരങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേയ്ക്കാണ് രാജ്യത്തെ എത്തിച്ചത്.
ഉല്‍പ്പാദനമേഖല ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകളില്‍ നിന്നും ആവശ്യാനുസരണം വായ്പകള്‍ ലഭിക്കാത്തത് ഇടത്തരം ഉല്‍പ്പാദനമേഖലയെ പ്രതികൂലമായി ബാധിച്ചു. നിക്ഷേപത്തിലും വായ്പ നല്‍കുന്നതിലും ഉണര്‍വ് ലഭിച്ചാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയൂ. ഇങ്ങനെയുണ്ടായാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 8 ശതമാനത്തിലെത്തും. ഇതിനുള്ള സാധ്യത തുലോം കുറവാണ്. ഗാര്‍ഹിക നിക്ഷേപത്തിലുണ്ടായ കുറവ്, മൂലധന സമാഹരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ കോര്‍പ്പറേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുമുണ്ട്. ഇതിന്റെ ഫലമായി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഫലപ്രദമായി നടക്കാന്‍ സാധ്യതയില്ല.
ഇപ്പോഴുള്ള സ്ഥിതിയില്‍ നടപ്പുസാമ്പത്തിക വര്‍ഷവും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ക്കായിരിക്കും ധനമന്ത്രാലയം പ്രാധാന്യം കല്‍പ്പിക്കുന്നത്. കൂടാതെ നിലവില്‍ നടപ്പാക്കിയ ഘടനാത്മകമായ പരിഷ്‌കാരങ്ങള്‍ താറുമാറായ അവസ്ഥയിലും. ചരക്കുസേവന നികുതി നടപ്പാക്കിയതുമൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, 2018-19 വര്‍ഷത്തിലേയ്ക്കുള്ള ബജറ്റ് തയ്യാറാക്കുക തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും ധനമന്ത്രാലയത്തിന്റെ പ്രവര്‍ത്തനം. 2018-19ലെ ബജറ്റ് മോഡി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് എന്ന നിലയില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
ഗുജറാത്തിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളായിരിക്കും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത്. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ ബിജെപിക്ക് മറ്റൊരു മാര്‍ഗമില്ലാത്ത അവസ്ഥയാണ്. ഗുജറാത്തിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളവും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളവും ഏറെ പ്രധാനപ്പെട്ടതാണ്. ഗുജറാത്തില്‍ വിജയിച്ചാല്‍ മാത്രമേ 2019ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ബിജെപിക്ക് കഴിയൂ.
തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പിന്നാക്കം പോകും. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ ഒരു അല്‍പ്പം ആശ്വാസം ബിജെപിക്കും നരേന്ദ്രമോഡിക്കും ലഭിക്കുമെങ്കിലും 2018ലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. അതുകൊണ്ടുതന്നെ 2018ല്‍ വോട്ടുകള്‍ നേടാനുള്ള പ്രചാരണത്തിനാകും മോഡി ശ്രദ്ധപതിപ്പിക്കുന്നത്.
സാര്‍വദേശീയതലത്തില്‍ മോഡി ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുന്നതായാണ് പൊതുവെയുള്ള ഭാഷ്യം. മോഡി വളരെ ശ്രദ്ധേയമായ ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞത്. എന്നാല്‍ വൈരുദ്ധ്യമെന്നോണം ഈ മികവ് പുലര്‍ത്താന്‍ രാജ്യത്തിനകത്ത് അദ്ദേഹത്തിന് കഴിയുന്നില്ല. വ്യക്തികേന്ദ്രീകൃത തീരുമാനങ്ങളാണ് മോഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപം ആഭ്യന്തരതലത്തില്‍ ശക്തമാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടണം. എന്നാല്‍ ആധാര്‍, ജിഎസ്ടി തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാന്‍ മോഡിക്ക് കഴിഞ്ഞില്ല. രാജ്യത്ത് മോഡി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യുക്തിരഹിതമായ തീരുമാനങ്ങളുടെ വിനാശകരമായ ഫലങ്ങള്‍ ഉള്‍ക്കൊള്ളാനും അദ്ദേഹം തയ്യാറാകുന്നില്ല.
വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് നോട്ട് പിന്‍വലിക്കല്‍ നടപടി നടപ്പാക്കിയത്. സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ആവശ്യമായ പണം ലഭ്യമാക്കുന്നതിനും മോഡിക്ക് കഴിഞ്ഞില്ല. ഇതിന്റെ ഭാഗമായി ജിഡിപി നിരക്ക് കുറയുമെന്ന് ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും വ്യക്തമാക്കി. 2017-ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഏഴ് ശതമാനം പോലും എത്തില്ലെന്നും അടുത്ത സാമ്പത്തികവര്‍ഷം ജിഡിപി 6നും 6.5നുമിടയില്‍ ചുരുങ്ങുമെന്നും വ്യക്തമാക്കുന്നു. വിവിധ സ്ലാബുകളിലായി ഏര്‍പ്പെടുത്തിയ ജിഎസ്ടിയും ഗുരുതരമായ പ്രത്യാഘാതമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തിയത്. ആവശ്യത്തിന് പണം ലഭിക്കാതെ ദശലക്ഷക്കണക്കിനുപേരാണ് കഷ്ടപ്പെടുന്നത്. ഇത് വരുംവര്‍ഷത്തിലും തുടരുമെന്നാണ് വിലയിരുത്തല്‍. ചെറുകിട – ഇടത്തര സംരംഭങ്ങളും വളരെ ഗുരുതരമായ പ്രതിസന്ധിയിലാണ്. കയറ്റുമതി, ജിഡിപി എന്നിവയുടെ കാര്യത്തില്‍ പകുതിയിലേറെയും സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. 110 ദശലക്ഷം പേരാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. 2016 നവംബര്‍ 8ന് നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ഭാഗമായി ലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അതിന്റെ പ്രത്യാഘാതത്തില്‍ നിന്നും രാജ്യം ഇനിയും പൂര്‍ണമായി മുക്തിനേടിയിട്ടില്ല.

തിടുക്കത്തില്‍ നടപ്പാക്കിയ ചരക്കുസേവന നികുതി സമ്പ്രദായവും സാധാരണക്കാരന് ഇരുട്ടടിയായി. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ഇനിയും ക്രിയാത്മകമായി നടക്കുന്നില്ല. വന്‍കിട വ്യവസായങ്ങള്‍ ഇപ്പോഴുള്ള പ്രതിസന്ധിയുമായി പൊരുത്തപ്പെടുമെങ്കിലും ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നടിയും. 58 ദശലക്ഷം ചെറുകിട വ്യവസായ യൂണിറ്റുകളാണ് നിലനില്‍പ്പിനായി പോരടിക്കുന്നത്. പണരഹിത സമ്പദ്‌വ്യവസ്ഥ നടപ്പിലാക്കാനുള്ള മോഡിയുടെ തീരുമാനം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉതകുന്നതല്ല.

അസംഘടിത മേഖലയില്‍ പണരഹിത സമ്പദ്‌വ്യവസ്ഥ നടപ്പാക്കാന്‍ ഇനിയും കഴിയില്ല. ആരോഗ്യം, സാക്ഷരത, മറ്റ് അടിസ്ഥാന ഘടകങ്ങള്‍ എന്നിവയൊന്നുംതന്നെ ഉയര്‍ത്താതെ പണരഹിത സമ്പദ്‌വ്യവസ്ഥ നടപ്പാക്കുകയെന്നത് രാജ്യത്ത് അസംഭവ്യമാണ്.
കള്ളപ്പണത്തിനെതിരെ ധീരമായ പോരാട്ടമാണ് മോഡി നയിക്കുന്നതെന്നാണ് പൊതുവേയുള്ള മതം. വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം രാജ്യത്തെത്തിച്ച് പാവപ്പെട്ടവന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോഡി വ്യക്തമാക്കിയിരുന്നത്. ഇത് ധനക്കമ്മി പരിഹരിക്കാന്‍ ഉതകുമെന്നും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 3.2 ശതമാനം ഉയര്‍ച്ചയുണ്ടാകുമെന്നുമാണ് ബിജെപി കൊട്ടിഘോഷിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പണരഹിത സമ്പദ്‌വ്യവസ്ഥ നടപ്പാക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഐടിയും അനുബന്ധ മേഖലകളിലും ഇപ്പോള്‍തന്നെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
കള്ളപ്പണം നിയന്ത്രിക്കുക, നികുതി വെട്ടിപ്പ് തടയുക തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്നും സമ്പദ്‌വ്യവസ്ഥയെ അടുക്കും ചിട്ടയുള്ളതുമാക്കി മാറ്റിയെന്നുമാണ് ആസിയാന്‍ ഉച്ചകോടിയില്‍ മോഡി പറഞ്ഞത്. എന്നാല്‍ ഇതൊന്നും നടപ്പായില്ലെന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ സൂചിപ്പിക്കുന്നു. 2018 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 6 മുതല്‍ 6.5 ശതമാനം വരെയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 6.7 ശതമാനം വരെ ആകുമെന്ന് അന്താരാഷ്ട്ര നാണയനിധിയും പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഉണ്ടായ പണപ്പെരുപ്പത്തിന്റെ ഭാഗമായി മൊത്തവില സൂചികയില്‍ 3.59 ശതമാനവും ഉപഭോക്തൃസൂചികയില്‍ 3.58 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വില വര്‍ധിച്ചു. ഇതിന്റെയൊക്കെ വില കുറയ്ക്കുന്നതിനുള്ള നടപടികളൊന്നുംതന്നെ റിസര്‍വ് ബാങ്കിന്റെ നടപ്പ് സാമ്പത്തികവര്‍ഷത്തെ സാമ്പത്തിക നയങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. വാണിജ്യകമ്മി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഇത് ജിഡിപിയില്‍ രണ്ട് ശതമാനത്തിന്റെ കുറവുവരുത്തും. എണ്ണയുടെ വിലവര്‍ധനയും ആവശ്യമായ എണ്ണയുടെ 80 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്നതുകൊണ്ടും ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും മറികടക്കാന്‍ കഴിയില്ലെന്ന് വ്യക്തം.