Monday
18 Dec 2017

മോഡിയ്ക്ക് സാമ്പത്തിക ഉപദേശക കൗണ്‍സില്‍

By: Web Desk | Monday 25 September 2017 8:02 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് സാമ്പത്തിക ഉപദേശക കൗണ്‍സില്‍. തിരിച്ചടികള്‍ നേരിടുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കുക എന്ന് ലക്ഷ്യംവെച്ചാണ് കൗണ്‍സില്‍ രൂപീകരണം. നീതി ആയോഗ് അംഗം ബിബേക് ഡെബ്രോയ്‌ ആയിരിക്കും കൗണ്‍സില്‍ ചെയര്‍മാന്‍.

പാര്‍ട്ട്‌ട്ടൈം മൂന്നംഗങ്ങളും കൗണ്‍സിലുണ്ടാകും. സുര്‍ജിത് ബല്ല, രതിന്‍ റായ്, അഷിമ ഘോയല്‍ എന്നിവരാണ് പാര്‍ട്ട്‌ടൈം അഗങ്ങള്‍. നീതി ആയോഗ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ രത്തന്‍ വറ്റയാണ് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി. സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് ഉപദേശം നല്‍കുക എന്നതാണ് കൗണ്‍സിലിന്റെ മുഖ്യചുമതല. സ്ഥൂലസാമ്പത്തിക വിഷയങ്ങളില്‍ കൗണ്‍സില്‍ ഊന്നല്‍ നല്‍കും.

പ്ലാനിങ് കമ്മിഷന്‍ പിരിച്ചുവിട്ട് പുതിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍ഫോമിങ് ഇന്ത്യ (എന്‍ഐടിഐ- നീതി ആയോഗ്) രൂപീകരിച്ച് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗംകൂട്ടാമെന്ന് മോഡിയും അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്രജ്ഞവൃന്ദവും കണക്കുകൂട്ടി. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായി എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഉപദേശക കൗണ്‍സിലിന്റെ രൂപീകരണമെന്ന് സാമ്പത്തിക ശാസ്ത്ര സമൂഹം വിലയിരുത്തുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്നു. നീതി ആയോഗിന്റെ ചെയര്‍മാനായിരുന്ന അരവിന്ദ് പനാഗരിയ സംഘപരിവാര്‍ സാമ്പത്തിക ശാസ്ത്രവിദഗ്ദരുമായി കലഹിച്ച് പുറത്തുപോയി. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതികൂല പ്രവണതകളെക്കുറിച്ച് നിശിതമായി വിമര്‍ശമുയര്‍ത്തി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗതയും പുതിയ മുഖവും നല്‍കുവാന്‍ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ രൂപീകരിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രസമൂഹം വിലയിരുത്തുന്നു. പുതിയ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ നിലവില്‍ വരുന്നതോടെ പ്ലാനിങ് കമ്മിഷനെ വെല്ലുവിളിച്ച് രൂപീകരിച്ച നീതി ആയോഗ് അപ്രസക്തമാകുകയാണെന്നുള്ള വിലയിരുത്തലുകളും ശ്രദ്ധേയമാകുകയാണ്.