Saturday
26 May 2018

ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ മുഖം

By: Web Desk | Sunday 10 September 2017 1:40 AM IST

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന സംഭവങ്ങള്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും യഥാര്‍ഥ മുഖം വെളിവാക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നെറികെട്ട പദ്ധതികളും വെളിപ്പെട്ടു. ഈ സര്‍ക്കാരുകള്‍ ജനവിരുദ്ധം മാത്രമല്ല രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍, ഭരണഘടന, സമ്പദ്‌വ്യവസ്ഥ, ധാര്‍മികമൂല്യങ്ങള്‍ എന്നിവയൊക്കെ തകര്‍ക്കുന്നതാണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ നിഷ്ഠുരമായ കൊലപാതകം സംഘപരിവാറിന്റെ നികൃഷ്ടവും ഗൂഢവുമായ സ്വഭാവമാണ് വ്യക്തമാക്കുന്നത്. സംഭവത്തോടുള്ള സംഘപരിവാറിന്റെ പ്രതികരണങ്ങളും ഈ ദിശയിലുള്ളതാണ്. കൊലപാതകത്തെ ഇവര്‍ ആഘോഷിക്കുന്നു. അഭിപ്രായം പറയാന്‍ ഒരവസരവും പാഴാക്കാത്ത ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഗൗരിയുടെ കൊലപാതകത്തില്‍ മൗനം പാലിക്കുന്നു. യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ അനുയായികളെ സംഘപരിവാര്‍ നേതൃത്വം സജ്ജരാക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തെറ്റായ കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതവരുടെ മേല്‍തന്നെ പതിക്കുന്നവയാണ്.
ക്രൂരമായ ഈ കൊലപാതകത്തിനോടുള്ള മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രതിഷേധം ഫാസിസ്റ്റ് അന്തരീക്ഷത്തിലെ പ്രതീക്ഷയുടെ കിരണമാണ്. ഐ ആം ഗൗരി, നോ ടു ഫാസിസം എന്ന മുദ്രാവാക്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി, വിയോജിക്കാനുള്ള അവകാശത്തിന്മേലുമുള്ള നിയന്ത്രണങ്ങളെ ഇഷ്ടപ്പെടാത്ത ജനങ്ങളുടെ പ്രതികരണമാണ്. ആയിരക്കണക്കിന് യുവാക്കളായ മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ താലോലിക്കുന്ന ആശയങ്ങള്‍ക്കുവേണ്ടി ജീവത്യാഗം ചെയ്തയാളാണ് ഗൗരി. അതുകൊണ്ടുതന്നെ അവരുടെ ദൗത്യം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇവര്‍ പ്രതിജ്ഞയെടുക്കുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ, പ്രഫസര്‍ കല്‍ബുര്‍ഗി എന്നിവരുടെ പാതയാണ് ഗൗരിയും പിന്തുടര്‍ന്നിരുന്നത്. ഇവരുടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ അതേ ഗുണ്ടകള്‍ തന്നെയാണ് ഗൗരിയെയും വകവരുത്തിയത്. എതിരാളികളെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും കൊല ചെയ്ത് നിശബ്ദരാക്കാന്‍ കഴിയില്ലെന്ന നിലപാട് അംഗീകരിക്കാന്‍ സംഘപരിവാര്‍ തയാറാകുന്നില്ല.
കഴിഞ്ഞയാഴ്ച നടന്ന മറ്റ് സംഭവങ്ങളും ഭരണകൂടത്തിന്റെ പരാജയത്തെ വ്യക്തമാക്കുന്നതാണ്. നരേന്ദ്രമോഡി വാനോളം പുകഴ്ത്തിയ ഒരു ലക്ഷ്യവും നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ നേടാന്‍ കഴിഞ്ഞില്ലെന്ന സത്യം കഴിഞ്ഞയാഴ്ച പുറത്തുവന്നു. ഒമ്പത് മാസമായി അസത്യങ്ങള്‍ വിളിച്ചോതുന്ന പ്രവൃത്തിയാണ് മോഡി പിന്തുടര്‍ന്നിരുന്നത്. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ല, ഭീകരവാദത്തെ തടയാനും കഴിഞ്ഞില്ല. ദേശസാല്‍കൃത ബാങ്കുകളെ കടക്കെണിയില്‍ നിന്ന് കരകയറ്റാനും കഴിഞ്ഞില്ല. തെറ്റായ മാര്‍ഗങ്ങളിലൂടെ ബാങ്കുകളെ കൊള്ളയടിച്ചവര്‍ വരുത്തിവച്ച നിഷ്‌ക്രിയ ആസ്തി കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, അനുദിനം വര്‍ധിക്കുകയും ചെയ്തു. ഇത് സാധാരണക്കാരുടെ മേല്‍ കൊടിയ ഭാരമാണ് അടിച്ചേല്‍പ്പിച്ചത്. മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 235 കോടി രൂപയാണ് ഒരു ദേശസാല്‍കൃത ബാങ്ക് പാവങ്ങളെ പിഴിഞ്ഞെടുത്തത്. സംഘപരിവാറിന്റെയും ബിജെപിയുടെയും അനുയായികളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന സത്യം റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ ശരിവയ്ക്കുന്നു. ചരക്കുസേവന നികുതിയുടെ തിടുക്കത്തിലുള്ള നടപ്പാക്കലും പാവങ്ങളെ ഏറെ കഷ്ടപ്പാടിലാക്കി. ഒരു മാസത്തിനിടെ ഒരു ലക്ഷം കോടി രൂപയാണ് വിലവര്‍ധനയുടെ പേരില്‍ പാവങ്ങള്‍ നല്‍കിയത്. ജോലി നഷ്ടപ്പെട്ട 15 ദശലക്ഷത്തോളം ജനങ്ങള്‍ ഇപ്പോഴും സര്‍ക്കാരിനെ ശപിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളും തകരുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ തോത് 5.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് കണക്കാണിത്.
ബിജെപിയുടെ കപടമുഖം വെളിവാക്കുന്ന ഒരു മുഖപ്രസംഗമാണ് അവസാനമായി ഗൗരി ലങ്കേഷ് എഴുതിയത്. അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നു എന്ന് മാത്രമല്ല, പ്രതേ്യക ഐടി സെല്ലുകള്‍ രൂപീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്നു. ദോക് ലാം വിഷയത്തില്‍ പോലും ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോഡി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ സത്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. നമ്മുടെ വിദേശ നയത്തില്‍ നിന്നുള്ള വ്യതിയാനം മോഡിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ മറ നീക്കി പുറത്തുവന്നു. ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. റോഹിംഗ്യന്‍സ് അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പാര്‍ശ്വവല്‍ക്കരിക്കാനാണ് തന്റെ വിടുവായത്തത്തിലൂടെ മോഡി ശ്രമിച്ചത്. ബര്‍മയിലെ തീവ്രവാദികളുടെ അക്രമങ്ങളില്‍ പൊറുതിമുട്ടി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നരലക്ഷം പേരാണ് പലായനം ചെയ്തത്. റോഹിംഗ്യന്‍സിന്റെ കാര്യത്തില്‍ ദുഃഖം പ്രകടിപ്പിക്കുന്നതിനുപകരം തങ്ങളുടെ രാജ്യത്തെത്തിയ അഭയാര്‍ഥികളെ പുറത്താക്കുമെന്നാണ് ഒരു കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത്. ഈ കാര്യങ്ങളെയൊക്കെത്തന്നെ പാര്‍ശ്വവല്‍ക്കരിക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ നെറികേടുകള്‍ മറച്ചുവയ്ക്കുന്നതിനും ജനശ്രദ്ധ തിരിച്ചുവിടുന്നതിനും ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലും ഉപയോഗിച്ചു. ബിജെപിയുടെയും സംഘപരിവാറിന്റെയും ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ കുരിശുയുദ്ധം നയിച്ച് രക്തസാക്ഷിയായ ഗൗരി ലങ്കേഷിന്റെ ആശയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് തീരുമാനിക്കുമ്പോഴും കത്തിയാളുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ജനകീയ പ്രചരണത്തിനായി തയാറെടുക്കണം. കഴിഞ്ഞ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതിനായുള്ള ആഹ്വാനം നല്‍കിയിരുന്നു.

Related News