Monday
15 Oct 2018

എല്ലാ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തണം

By: Web Desk | Friday 12 October 2018 10:23 PM IST

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള ശത്രുതാപരമായ റെയ്ഡുകളിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ്, ആദായ നികുതി, റവന്യു ഇന്റലിജന്‍സ് തുടങ്ങിയ സംവിധാനങ്ങളെയാണ് ഇതിനായുള്ള ആയുധങ്ങളായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. തെറ്റു ചെയ്യുന്നവര്‍ക്കെതിരായ നടപടികള്‍ ആരും എതിര്‍ക്കുകയില്ല. എന്നാല്‍ തെറ്റ് ചെയ്യുന്ന എല്ലാവരെയും ഒരുപോലെ കാണാനും നടപടിയെടുക്കാനും സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ലെന്നതാണ് പ്രശ്‌നം.

ഡല്‍ഹിയിലെ എഎപി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയപ്പോള്‍ രാജ്യത്തെ പ്രമുഖ മോഡി വിമര്‍ശകരായ ദി ക്വിന്റിന്റെ മേധാവി രാഘവ് ബാലിന്റെ വീട്ടിലും ക്വിന്റിന്റെ ഓഫീസിലും മിന്നല്‍ പരിശോധന നടത്തി. അതിന് പിന്നാലെയാണ് ഇന്നലെ ആന്ധ്രയിലെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ രാജ്യസഭാംഗമായ സിഎം രമേശിന്റെ വസതിയിലും ഓഫീസിലുമായി റെയ്ഡ് നടന്നിരിക്കുന്നത്. ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം റെയ്ഡുകളെങ്കില്‍ എന്തുകൊണ്ടാണ് അടുത്ത കാലത്ത് നടന്ന ഒന്നില്‍പോലും രാഷ്ട്രീയ ബന്ധമില്ലാത്തതോ ബിജെപിയുമായി ബന്ധമുള്ളതോ ആയ ഒരാളും ഉള്‍പ്പെട്ടില്ലെന്നതാണ് പ്രസക്തമായ ചോദ്യം. അവിടെയാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എതിരാളികളെ കുടുക്കാനുള്ള ആയുധങ്ങളായി ഇത്തരം ഭരണ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നുവെന്ന ആരോപണമുയരുന്നത്.

സമീപകാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ അന്വേഷണാത്മകമായ നിരവധി വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ സ്ഥാപനമാണ് ദി ക്വിന്റ്. മോഡിയുടെ ഇഷ്ടക്കാരായ റിലയന്‍സിനും അദാനിക്കുമെല്ലാമെതിരെ നിരവധി വാര്‍ത്തകള്‍ അവര്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പരിശോധനയും നടപടിക്കുള്ള ശ്രമങ്ങളും ദുരുപദിഷ്ടമാണ്.
നേരത്തേ അമിത്ഷായ്ക്കും മകനുമെതിരെ വാര്‍ത്ത നല്‍കിയതിന് ദി വയര്‍ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിനെതിരെയും പ്രതികാരബുദ്ധിയോടെ നടപടികളെടുക്കാനും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ കക്ഷി നേതാക്കളായ മായാവതിയെയും മറ്റും സിബിഐയെ ഉപയോഗിച്ച് പ്രതിസന്ധിയിലാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായിരുന്നതും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. എന്‍ഡിടിവി സ്ഥാപകന്‍ പ്രണോയ് റോയുടെ വസതിയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയും രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നതാണ്. ഡല്‍ഹിയില്‍ ബിജെപിക്ക് പ്രധാന വെല്ലുവിളിയുയര്‍ത്തുന്ന പാര്‍ട്ടിയാണ് എഎപിയെങ്കില്‍ ബിജെപിയുടെ നയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ അവിശ്വാസത്തിന് വരെ മുന്‍കയ്യെടുത്ത പാര്‍ട്ടിയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്‌ദേശംപാര്‍ട്ടി.

അഴിമതിയുടെ കാര്യത്തില്‍ ബിജെപിയുടെ നിലപാടുകളെല്ലാം പൊള്ളയായിരുന്നുവെന്ന് നാലുവര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കള്ളപ്പണവും സാമ്പത്തിക കുറ്റവാളികളും ബിജെപി ഭരണത്തിന് കീഴില്‍ വിഹരിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന് വിവാദമായിരിക്കുന്ന റഫാല്‍ ആയുധ ഇടപാട് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും മുഖംമൂടി വലിച്ചുകീറിയിരിക്കുകയുമാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരാണ് അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും നടത്തുന്നതെന്ന് വരുത്താനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവുമധികം ധനസമാഹരണം നടത്തിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് ഓരോ റിപ്പോര്‍ട്ടുകളിലും വ്യക്തമാക്കുന്നുണ്ട്. കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കുന്നതിന് പോലും ബിജെപി തയ്യാറാകുന്നില്ല. നോട്ടുനിരോധനകാലത്ത് കള്ളപ്പണം വെളുപ്പിച്ച പ്രമുഖരില്‍ ബിജെപിക്കാരായിരുന്നു ഉണ്ടായിരുന്നത്.

അമിത്ഷായുടേതുള്‍പ്പെടെയുള്ള ബാങ്കുകളില്‍ ഭീമമായി കള്ളപ്പണം വെളുപ്പിച്ചതിന്റെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അപ്പോഴൊന്നും മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ റെയ്ഡുകളോ പരിശോധനകളോ നടന്ന വാര്‍ത്ത പുറത്തുവന്നിരുന്നില്ല.
അതെല്ലാം പോകട്ടെ സുശക്തമെന്ന് പറയാവുന്ന ഈ സംവിധാനങ്ങളെല്ലാം നിലനില്‍ക്കേ തന്നെയാണ് വിജയ് മല്ല്യയും നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും ഏറ്റവും ഒടുവില്‍ ഗുജറാത്ത് കേന്ദ്രമാക്കിയ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്ത നിതിന്‍ സന്ദേശരയും രാജ്യം വിട്ടുപോയത്. സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കുപോലും ഒന്നും ചെയ്യാനായില്ല. ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരായ മാധ്യമങ്ങളെയും അവരുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് നടപടിയെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന ഈ സംവിധാനങ്ങളെല്ലാം അപ്പോള്‍ എവിടെയായിരുന്നു. റെയ്ഡ് നടത്തുന്നതിന് ഒരുദ്യോഗസ്ഥന്‍ പോലും ഇവരുടെ കൊട്ടാരങ്ങളിലോ വ്യവസായ-വ്യാപാര സാമ്രാജ്യങ്ങളിലോ പരിശോധന നടത്തിയതുമില്ല.

അവിടെയാണ് ഇപ്പോഴത്തെ പരിശോധനയുടെ ഗൂഢോദ്ദേശ്യം വ്യക്തമാകുന്നത്. ഇത് രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എതിരാളികളെ കരിവാരിത്തേക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ്. ഈ പറഞ്ഞവര്‍ സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. അതോടൊപ്പം നേരത്തേ ആരോപണ വിധേയരായവരും സ്ഥിരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുമായ എല്ലാവരെയും അന്വേഷണ വലയത്തില്‍ കൊണ്ടുവരികയും വേണം. അപ്പോള്‍ മാത്രമേ ഈ പരിശോധനയുടെ ആത്മാര്‍ഥത ബോധ്യമാകുകയുള്ളൂ.