Saturday
26 May 2018

തൊഴില്‍രംഗം: അനിശ്ചിതത്വത്തെ മറികടക്കാന്‍ കേരളത്തിന് കഴിയണം

By: Web Desk | Monday 11 September 2017 1:40 AM IST

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സംഘടന ‘പ്രതിധ്വനി’ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനം നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്ന ഒരു തൊഴില്‍മേഖലയില്‍ വളര്‍ന്നുവരുന്ന അനിശ്ചിതത്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കേരളത്തില്‍ വിവരസാങ്കേതിക രംഗത്ത് ഒരു ലക്ഷത്തില്‍പരം പേര്‍ പണിയെടുക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. വളരെ ഉയര്‍ന്ന വരുമാനം ലഭിക്കുന്നവരാണ് ഇവരെന്നാണ് പൊതുധാരണ. എന്നാല്‍ അത്തരം ധാരണകള്‍ ശരിയല്ലെന്ന് ഈ മേഖലയിലെ പല സംഘടനാപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. അതിലുപരി യാതൊരു തൊഴില്‍ സുരക്ഷിതത്വവും ഈ രംഗത്തില്ലെന്ന് അവര്‍ പറയുന്നു. തൊഴില്‍ സുരക്ഷിതത്വവും തൊഴില്‍ നിയമങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും ഈ രംഗത്ത് നിലവിലില്ലെന്നും അവര്‍ പരാതിപ്പെടുന്നു. വിദേശ രാജ്യങ്ങളിലെ തൊഴില്‍നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി കനത്ത അനിശ്ചിതത്വമാണ് ഈ രംഗത്ത് ഉയര്‍ന്നുവരുന്നത്. ഒരു പതിറ്റാണ്ടായി യുഎസിനെയും പാശ്ചാത്യ സമ്പദ്ഘടനകളെയും പിടികൂടിയ സാമ്പത്തിക കുഴപ്പങ്ങളില്‍ നിന്ന് അവരും ലോകവും ഇനിയും കരകയറിയിട്ടില്ല. തല്‍ഫലമായി ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും എല്ലാ കപട നാട്യങ്ങളും കയ്യൊഴിഞ്ഞ് സ്വന്തം വിപണികളും തൊഴിലും സംരക്ഷിക്കാനുള്ള തീവ്രയത്‌നത്തിലാണ് അവര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. തങ്ങളുടെ രാജ്യത്ത് വിദേശ പൗരന്മാര്‍ക്ക് തൊഴില്‍നിഷേധിക്കുന്നതും തൊഴില്‍ പുറംകരാറുകള്‍ അവസാനിപ്പിക്കുന്നതും അവരുടെ മുഖ്യനയസമീപനമായി മാറിക്കഴിഞ്ഞു. അതിന്റെ കെടുതികള്‍ നേരിടേണ്ടിവരുന്നത് ഇന്ത്യയെപ്പോലെ വന്‍തോതില്‍ സാങ്കേതിക വിദഗ്ധരെ കയറ്റുമതി ചെയ്യുന്നതും പുറംകരാര്‍ തൊഴില്‍ ഇറക്കുമതി ചെയ്യുന്നതുമായ സമ്പദ്ഘടനകളും വിദഗ്ധ തൊഴിലാളികളുമായിരിക്കും. ഇന്ത്യയിലെ വിവരസാങ്കേതിക തൊഴില്‍ രംഗത്തുള്ള പതിനായിരങ്ങളെ ഇത് ഇതിനകംതന്നെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. വളരെ വേഗത്തിലൊന്നും പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും സാധാരണ നില പുനഃസ്ഥാപിക്കാനാവുമെന്നും പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യം കരുതലോടുകൂടിയ നടപടികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കുന്നു.
ആഭ്യന്തര, ആഗോളതലങ്ങളില്‍ ഇതിനകം നടന്ന പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഏറ്റവും താഴെ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആദ്യത്തെ ഇരകളായി മാറുന്നതെന്നാണ്. ഉന്നത സാങ്കേതിക നൈപുണ്യം ആവശ്യമായ രംഗങ്ങളില്‍ കാര്യമായ തൊഴില്‍നഷ്ടം ഉണ്ടാവില്ലെന്നു മാത്രമല്ല ആ തലങ്ങളില്‍ ഒരുപക്ഷെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. അതിനൂതന സാങ്കേതികവിദ്യകള്‍, കൃത്രിമ ധീഷണ, ഓട്ടമേഷന്‍, റോബോട്ടിക്‌സ് തുടങ്ങിയ പുത്തന്‍ സങ്കേതങ്ങള്‍ കവര്‍ന്നെടുക്കുന്നത് താരതമേ്യന കുറഞ്ഞ തോതില്‍ മാത്രം നൈപുണ്യം ആവശ്യമായ തൊഴിലവസരങ്ങളാണ്. അത് ഫലത്തില്‍ വ്യാപകമായ തൊഴില്‍ നിഷേധത്തിനും തൊഴില്‍രഹിത വളര്‍ച്ചയ്ക്കും ആക്കം കൂട്ടും. ഇത്തരം ഒരു സാഹചര്യത്തേയും അത് സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയേയും നേരിടാന്‍ കേരളമോ ഇന്ത്യയോ ഇനിയും തയാറെടുത്തിട്ടില്ല.
വിവരസാങ്കേതിക തൊഴില്‍രംഗത്ത് വളര്‍ന്നുവരുന്ന ഈ അനിശ്ചിതാവസ്ഥ തിരിച്ചറിഞ്ഞ് അത്തരം സാമൂഹിക, സാമ്പത്തിക ആഘാതങ്ങളെ നേരിടാന്‍ പര്യാപ്തമായ ഇന്‍ഷുറന്‍സ് അടക്കം സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കേരളവും രാജ്യവും സത്വര നടപടികള്‍ക്ക് തയാറാവണം. താഴ്ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരെ അതിവേഗം വളര്‍ന്നു വികസിച്ച വൈവിധ്യവല്‍ക്കരിക്കപ്പെടുന്ന സാങ്കേതിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുകയാണ് മറ്റൊരു ദൗത്യം. അത്തരത്തില്‍ നിരന്തര നവീകരണത്തിനും നൈപുണ്യ വികസനത്തിനും വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണം. വിവരസാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ ഉയര്‍ന്നുവന്ന വ്യവസായങ്ങളെ മാത്രം ആശ്രയിച്ച് കേരളത്തിന്റെയോ രാജ്യത്തിന്റെയോ സമ്പദ്ഘടനകള്‍ക്ക് നിലനില്‍ക്കാനാവില്ല. ഏറെ ആഘോഷപൂര്‍വം നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ പോലെയുള്ള സ്വപ്‌ന പദ്ധതികള്‍ക്ക് ആവശ്യമായ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ പേരില്‍ നടക്കുന്ന നാമമാത്ര നിക്ഷേപങ്ങള്‍ തൊഴില്‍രഹിത വളര്‍ച്ചയ്ക്ക് മാത്രമേ സഹായകമാവൂ എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. സാമ്പത്തിക അന്തരം വളര്‍ത്താന്‍ മാത്രമേ അവയ്ക്ക് കഴിയൂ. തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച് ലക്ഷ്യങ്ങള്‍ എല്ലാം വാചകകസര്‍ത്തുകളില്‍ ഒതുങ്ങുകയാണ്. അത് രാജ്യത്തെ സ്‌ഫോടനാത്മകമായ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ് തള്ളിനീക്കുന്നത്. വ്യത്യസ്തമായ ഒരു വികസനപാതയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യാവസായിക അന്തരീക്ഷവും വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിയണം. ജനങ്ങള്‍ അത് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും ന്യായമായും പ്രതീക്ഷിക്കുന്നു.

Related News