Thursday
24 Jan 2019

നീതിന്യായ വ്യവസ്ഥയിലെ പ്രതിസന്ധി

By: Web Desk | Saturday 20 January 2018 10:17 PM IST

മാസം 12ന് രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ മുന്‍കാലങ്ങളിലില്ലാത്തവിധത്തിലുള്ള പ്രതിസന്ധിയാണ് ഉണ്ടായത്. സുപ്രിം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അവരുടെ വീക്ഷണവുമായി മുന്നോട്ടുവന്നു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം നേരിടുന്ന ഭീഷണിയുടെ ഒരു പ്രതിഫലനമാണ് നീതിന്യായ മേഖലയിലും ഉണ്ടായതെന്നും ഇതൊരു ധ്രുവീകരണത്തിന്റെ ഭാഗമാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായി. എന്നാല്‍ ഈ പ്രതിസന്ധിക്ക് കാരണമായവര്‍ ഇതൊക്കെ മൂടിവയ്ക്കാനുള്ള തത്രപ്പാടിലാണ്.
സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍, കൊളീജിയത്തിലെ അഞ്ച് അംഗങ്ങളിലെ നാലുപേര്‍ അവരുടെ വീക്ഷണങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് നേരിട്ടും കത്തുകള്‍ മുഖേന അറിയിച്ചിട്ടും പരിഹാരം ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ച് വാസ്തവം വിളിച്ചുപറഞ്ഞത്. ഇവരുടെ നടപടി കീഴ്‌വഴക്കങ്ങളില്ലാത്തതാണ്. എന്നാല്‍ തങ്ങളുടെ മുന്നില്‍ വേറെ പോംവഴിയില്ലാതെയായിരുന്നു അവര്‍ ജനങ്ങളെ തങ്ങളുടെ വ്യഥ അറിയിച്ചത്. രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന അഥവാ ദൂരവ്യാപകമായ ഫലം ഉളവാക്കുന്ന പല കേസുകളും ജൂനിയറായ ജഡ്ജിമാര്‍ക്കാണ് ചീഫ് ജസ്റ്റിസ് നല്‍കുന്നത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയേയും നേരിട്ട് ബാധിക്കുന്ന കേസുകള്‍ പോലും കൊളീജിയത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടാത്ത ബെഞ്ചുകള്‍ക്കാണ് നല്‍കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി രാജ്യം നേടിയെടുത്ത നേട്ടങ്ങളെയൊക്കെ മോഡി സര്‍ക്കാര്‍ തകിടം മറിച്ചു. ജനാധിപത്യത്തിന്റെ നാലാംതൂണെന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും മുന്നില്‍ കീഴടങ്ങിയ അവസ്ഥയാണ്. ജുഡീഷ്യറി പ്രതിസന്ധിയിലായ അവസ്ഥയും. ഭരണഘടനയെത്തന്നെ തകിടംമറിക്കുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കൊളീജിയത്തിലെ അംഗങ്ങളായ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ തങ്ങളുടെ വീക്ഷണവുമായി എത്തിയതോടെ ബിജെപിയുടെ ഭക്തരും സാമൂഹ്യമാധ്യമങ്ങളിലെ ട്രോളര്‍മാരും ഈ പ്രശ്‌നെത്ത വളച്ചൊടിക്കാന്‍ തുടങ്ങി. ചില രാഷ്ട്രീയശക്തികളുടെ കൈകളിലെ പാവയാണ് ഈ ജഡ്ജിമാരെന്നും ചിലര്‍ പറഞ്ഞു. ജഡ്ജിമാരെ റിബല്‍ എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അമിത്ഷാ ഉള്‍പ്പെട്ട സുഹറാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ കേട്ട സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തിലെ നിഗൂഢതയുമായും ബന്ധപ്പെടുത്തി ജഡ്ജിമാരുടെ വെളിപ്പെടുത്തലുകളെ അധിക്ഷേപിച്ചു. ഇവിടെ ഒരു മൗനമായ ചോദ്യം ഉയരുന്നു. കൊളീജിയത്തിലെ അഞ്ചുപേരില്‍ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ എങ്ങനെയാണ് റിബലുകളാകുന്നത്.

വാര്‍ത്താസമ്മേളനം വിളിച്ച അടുത്ത ദിവസം തന്നെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്ന തെറ്റായ വാര്‍ത്തയുമായി സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മാധ്യമങ്ങള്‍ രംഗത്തെത്തി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നും എന്തിനാണ് ഒളിച്ചോടുന്നത്. യാഥാര്‍ഥ്യങ്ങള്‍ പൊതുജനം മനസിലാക്കിയാല്‍ ആരുടെ ദുഷ്‌ചെയ്തികളാകും പുറത്തുവരുന്നത്.
രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള അല്ലെങ്കില്‍ കോളിളക്കം സൃഷ്ടിക്കാന്‍ കഴിയുന്ന കേസുകള്‍ കൊളീജിയത്തിലെ അംഗങ്ങളുള്‍പ്പെടാത്ത ബെഞ്ചുകള്‍ക്ക് കൈമാറുന്നു. ഇങ്ങനെ കേസുകള്‍ നല്‍കുന്നതിന്റെ പിന്നില്‍ ഏതെങ്കിലും ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഈ ബാഹ്യശക്തികളുടെ സ്വാധീനഫലമായി അവരുദ്ദേശിക്കുന്ന വിധിയാണോ ആ ബെഞ്ചില്‍ നിന്ന് ലഭിക്കുന്നത്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ആരോപിക്കപ്പെട്ട ബിര്‍ല സഹാറ കോഴ സംബന്ധിച്ച കേസുതന്നെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട കേസും ഇത്തരത്തില്‍ കൊളീജിയംഅംഗങ്ങളില്ലാത്ത ബെഞ്ചിന് കൈമാറി. അമിത്ഷാ ഉള്‍പ്പെട്ട ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ഇത്തരത്തിലുള്ള നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്നത്.

ഭൂരിഭാഗം കേസുകളിലും ആവശ്യം വളരെ ലളിതമാണ്. പരാതിക്കാര്‍ക്ക് നീതിപൂര്‍വമായ അനേ്വഷണമാണ് നടക്കേണ്ടത്. എന്തിനാണ് സ്വതന്ത്രമായ അനേ്വഷണത്തെ സംഘപരിവാര്‍ ഭയക്കുന്നത്. തെളിവില്ലെന്ന പേരില്‍ ഒരാള്‍ക്കെതിരെയുള്ള കുറ്റത്തെ മറച്ചുവയ്ക്കാന്‍ കഴിയില്ല. തെളിവുകള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരണം. ജനഹിതത്തിന് വിധേയമാക്കണം. എന്നാലിത്തരത്തിലുള്ള അനേ്വഷണങ്ങളെ നിലവിലുള്ള സര്‍ക്കാര്‍ ഭയപ്പെടുന്നു. സാധാരണ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറം കാര്യങ്ങള്‍ ഇവര്‍ക്ക് മറച്ചുവയ്ക്കാനുണ്ട്. രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കോട്ടം തട്ടുന്ന വിധത്തിലുള്ള നയങ്ങളും തീരുമാനങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിനെ നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധിയുമായി കൂട്ടിവായിക്കാം.

നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധി കോടതിക്കുള്ളില്‍ത്തന്നെ പരിഹരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ മുതിര്‍ന്ന നാല് ജഡ്ജിമാരുന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും അവകാശമുണ്ട്. ഇപ്പോഴുണ്ടായ പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ കഴിയില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യസുരക്ഷ, പ്രതിരോധം, സാമ്പത്തിക ഭദ്രത, എന്നിവയൊക്കെത്തന്നെ രാജ്യത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളെയും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദേശീയതയ്ക്ക് തങ്ങളുടേതായ മാനം നല്‍കി വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ഇപ്പോഴത്തെ സര്‍ക്കാര്‍ മുദ്ര കുത്തുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇതംഗീകരിക്കാന്‍ കഴിയില്ല. വിയോജിക്കാനുള്ള അവകാശം ഒരു മൗലിക അവകാശങ്ങളാണ്.