Thursday
24 Jan 2019

സുപ്രിംകോടതി വിധിയുടെ ചൂണ്ടുപലക

By: Web Desk | Wednesday 24 January 2018 10:03 PM IST

വിവാഹത്തെയും തീവ്രവാദമാരോപിച്ചുള്ള അന്വേഷണത്തെയും ബന്ധിപ്പിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയത്തെ വഴിതിരിച്ചുവിടാനാണ് എന്‍ഐഎയും അവര്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരും ശ്രമിച്ചത്. രണ്ടു വ്യക്തികളുടെ വിവാഹത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനമാക്കി മാറ്റി സാമുദായിക സ്പര്‍ധയുണ്ടാക്കുകയും അവരുടെ ലക്ഷ്യത്തിന് പിന്നിലുണ്ടായിരുന്നു

ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ വിധിയുണ്ടായിരിക്കുന്നു. ഹാദിയ ഷെഫിന്‍ ജെഹാന്‍ എന്ന യുവാവിനെ വിവാഹം ചെയ്തത് റദ്ദാക്കാനാവില്ലെന്നാണ് വിധി. ഹാദിയയെ വീണ്ടും കേട്ട് മാത്രമേ അന്തിമ വിധി പുറപ്പെടുവിക്കുകയുള്ളൂ എന്ന് പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ വിധി നൈതികമായും ഭരണപരമായും സുപ്രധാനമാണ്.

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമല്ലെന്നതാണ് വിധിയുടെ ഒരു ഭാഗമെങ്കില്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ കുറിച്ച് അന്വേഷിക്കുക ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ ചുമതലയല്ലെന്ന സുപ്രധാന വിധിയാണ് രണ്ടാം ഭാഗം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയ. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് ഹാദിയ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ എന്‍ഐഎക്ക് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവും അന്വേഷണവും രണ്ടും രണ്ടാണ്.

കോടതി ഇന്നലെ പുറപ്പെടുവിച്ചിരിക്കുന്ന വിധി വ്യക്തികളുടെ സ്വാതന്ത്ര്യം സംബന്ധിച്ച് സുപ്രധാനമാണ്. പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ കോടതിക്ക് ഇടപെടാനാകുമോ എന്നതാണ് പ്രധാന വിഷയം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരിക്കുന്ന വിധി പ്രാധാന്യമര്‍ഹിക്കുന്നത്.
സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമസാധുത ചോദ്യം ചെയ്യാനാവില്ല. ആരുടെ കൂടെയാണോ ജീവിക്കേണ്ടതെന്ന് ഹാദിയക്ക് തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കണമെന്ന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. താന്‍ ഷെഫിന്‍ ജഹാനെന്നയാളെ വിവാഹം ചെയ്തുവെന്ന് ഹാദിയ തന്നെയാണ് കോടതിയില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് പ്രസ്തുത വിവാഹം റദ്ദാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

യഥാര്‍ഥത്തില്‍ ഹാദിയയുടെ വിവാഹമായിരുന്നില്ല ഹൈക്കോടതിയുടെ പരിഗണനാ വിഷയം. കാണാതായെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രസ്തുത കേസിലാണ് വിവാഹം റദ്ദാക്കുന്ന അപൂര്‍വ തീരുമാനം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. അന്നുതന്നെ അതിന്റെ നിയമസാധുത സംശയാസ്പദമായിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണയിലേയ്ക്ക് വിടുകയായിരുന്നു. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ നവംബറില്‍ ഹാദിയയെ പിതാവിനൊപ്പമോ ഭര്‍ത്താവിനൊപ്പമോ വിടാതെ കോളജിലേയ്ക്ക് പോകാന്‍ അനുവദിച്ചുകൊണ്ടുള്ള വിധി ഉണ്ടായിരുന്നു. ഹാദിയ പഠനം തുടരട്ടെയെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഈ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ഇപ്പോഴത്തെ സുപ്രിംകോടതി വിധിയുണ്ടായത്. വ്യക്തിസ്വാതന്ത്ര്യത്തെയാണ് വിധിയില്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്നത് വിധിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
അതുപോലെ തന്നെ ഒരു വിവാഹത്തെ ക്രിമിനല്‍കുറ്റമോ തീവ്രവാദ ബന്ധമോ ഗൂഢാലോചനയോ ആയി വ്യാഖ്യാനിച്ച് ഗതിമാറ്റുന്നതിനാണ് എന്‍ഐഎ എന്ന അന്വേഷണ ഏജന്‍സി ശ്രമിച്ചത്. വിവാഹവും കുടുംബവുമെന്ന പരിധിക്കകത്തുനില്‍ക്കേണ്ട വിഷയത്തെ ഇത്തരത്തിലൊരു മാനത്തിലേയ്ക്ക് നയിക്കാന്‍ എന്‍ഐഎ ശ്രമിച്ചത് യാദൃച്ഛികമാണെന്നു കരുതുക വയ്യ. അതിന് പിന്നില്‍ മറ്റൊരു രീതിയിലുള്ള ഗൂഢാലോചന നടന്നിരിക്കാനിടയുണ്ടെന്ന സംശയത്തിന് പ്രസക്തിയുണ്ട്. കാരണം ഇതുപോലൊരു കേസില്‍ എന്‍ഐഎ അന്വേഷണത്തിന് തീരുമാനിക്കപ്പെടണമെങ്കില്‍ ഉന്നതതല ഭരണ സ്വാധീനം തീര്‍ച്ചയായും ആവശ്യമുണ്ട്. ഒരു വിവാഹത്തെയും അതേതുടര്‍ന്ന് യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട കേസാണ് തീവ്രവാദബന്ധമുണ്ടോ എന്ന അന്വേഷണവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമുണ്ടായത്. ഈ സാഹചര്യത്തില്‍ വിവാഹത്തെയും അന്വേഷണത്തെയും കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമം പൊളിച്ചുകളഞ്ഞുവെന്നതും സുപ്രിം കോടതി വിധിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഷെഫിന്‍ ജഹാന് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന അന്വേഷണം പ്രത്യേകമായി നടത്താനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന അന്വേഷണം പോലും അതിനുള്ള ശ്രമങ്ങളാണ്. അത്തരം ദുരുദ്ദേശ്യത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധിയെന്ന കാര്യത്തില്‍ സംശയമില്ല.