Monday
15 Oct 2018

വിധിക്ക് മറുവിധി: പരമോന്നത നീതിപീഠത്തെ കളങ്കപ്പെടുത്തുന്നു

By: Web Desk | Tuesday 14 November 2017 1:00 AM IST

രമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിക്കുന്നുവോ? ഒഡിഷയില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂല വിധിയുണ്ടാക്കാന്‍ കൈക്കൂലി നല്‍കി എന്ന ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനെതിരായ സിബിഐ കേസാണ് ഇത്തരമൊരു ഉല്‍ക്കണ്ഠയ്ക്ക് കാരണമായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആകുന്നതിന് മുന്‍പ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് അഴിമതിയുടെ കുരുക്കില്‍ പെട്ടത്. ഈ കേസില്‍ ഒഡിഷ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ഖുദ്ദൂസി അടക്കമുള്ളവരെ സിബിഐ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ട് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് തുടര്‍ നടപടികളുണ്ടായില്ല. കേസ് നീതിന്യായ രംഗത്ത് നിലനില്‍ക്കുന്ന അതീവഗുരുതരമായ അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പരമോന്നത നീതിപീഠമലങ്കരിക്കുന്നയാള്‍ സംശയത്തിന്റെ നിഴലില്‍ പതിക്കുക എന്നത് ഒരു രാജ്യത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഭരണഘടനയുടെ നാല് സുപ്രധാന തൂണുകളില്‍ ഒന്നായ ജുഡിഷ്യറി എല്ലാവിധ ആരോപണങ്ങള്‍ക്കും ഉപരിയായിരിക്കണം. നീതിനിര്‍വഹണത്തില്‍ അവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍ അത്തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. സുതാര്യമായ വിധിന്യായങ്ങളുടെ ത്രാസ് കണ്ണുകെട്ടിയ ദേവതയുടെ കയ്യില്‍ തുല്യമായി തൂങ്ങിനില്‍ക്കുന്നത് ആ മാര്‍ഗനിര്‍ദേശകതത്വങ്ങളുടെ പ്രതിരൂപമായിട്ടാണ്. ഒരുതരത്തിലുള്ള പ്രലോഭനങ്ങളുമില്ലാതെ കൃത്യമായി നീതിനിര്‍വഹിക്കപ്പെടണമെന്നുള്ളതുകൊണ്ട് തന്നെയാണ് ജസ്റ്റിസുമാരുടെ പൊതുജീവിത റെക്കോഡ് കണിശമായി ഉറപ്പാക്കുന്നത്. കൊളീജിയത്തിന്റെ മുന്‍പില്‍ പരിഗണിക്കപ്പെടുന്ന ഘടകങ്ങളില്‍ തിരഞ്ഞെടുക്കപ്പെടേണ്ട ജഡ്ജിമാരുടെ പൂര്‍വകാല റെക്കോഡുകള്‍ ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കപ്പെടാറുണ്ട്. സംശുദ്ധിയും സുതാര്യതയും നീതിബോധവും മുഖംനോക്കാതെ നീതിനടപ്പാക്കാനുള്ള ഇച്ഛാശക്തിയുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ജനാധിപത്യ രാജ്യത്ത് ആരും വിമര്‍ശനത്തിന് അതീതരല്ല. എന്നാല്‍ ചീഫ് ജസ്റ്റിസ് കളങ്കിതനായാല്‍ അത് രാജ്യത്തെ നീതിനിര്‍വഹണത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അമേരിക്കയിലെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഒരു പ്രസ്താവന ഇങ്ങനെയാണ്- ഒരു സ്വതന്ത്രജനതയുടെ സ്വാതന്ത്ര്യ നിര്‍മിതിക്കാവശ്യം വിശ്വാസ്യതയുള്ള കോടതികളാണ്. കീഴ്‌ക്കോടതികള്‍ അവരുടെ പ്രവൃത്തികള്‍ വഴിയും ഉന്നത കോടതികള്‍ അവയുടെ ശരിയായ നിയന്ത്രണങ്ങള്‍ വഴിയും അത് നടപ്പിലാക്കേണ്ടതുണ്ട്.
ചീഫ് ജസ്റ്റിസിന്റെ കാര്യത്തില്‍ ഇതിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ടാണ് പ്രശാന്ത് ഭൂഷണെപ്പോലൊരാള്‍ അതിനെതിരെ കുറ്റാരോപിതന്‍ നിയന്ത്രിക്കുന്ന പരമോന്നത നീതിപീഠത്തെ തന്നെ സമീപിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിക്ക് മുതിരേണ്ടിവന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ വഴിമുടക്കാന്‍ തുടങ്ങിയിരുന്നു. ഒഡിഷയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ച കാലത്ത് 1979 ല്‍ ഭൂരഹിതരായ പാവങ്ങള്‍ക്ക് നീക്കിവച്ച ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയുമായി അവര്‍ അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുകയുണ്ടായി. റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് തെളിഞ്ഞെങ്കിലും അപ്പോഴേക്കും ദീപക് മിശ്ര ജഡ്ജിയായി സുപ്രിം കോടതിയിലെത്തിയിരുന്നു. അതോടെ റവന്യു അധികൃതര്‍ പിന്നോട്ടുപോയി. എന്നാല്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. ചീഫ് ജസ്റ്റിസ് സ്ഥാനലബ്ധിക്ക് ഭൂമി വിവാദം തടസമാകുമെന്ന് മനസിലാക്കിയ മിശ്ര 2013 ല്‍ ഭൂമി വിട്ടുകൊടുത്തു കൈകഴുകുകയായിരുന്നു. അതേസമയം സത്യവാങ്മൂലത്തില്‍ ”ജാത്യാ ബ്രാഹ്മണനായിട്ടും എനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഒരു തുണ്ട് ഭൂമിപോലു”മില്ലായെന്ന് എഴുതിവയ്ക്കാനും മടികാണിച്ചില്ല. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലിഖോ പുലിന്റെ ആത്മഹത്യാകുറിപ്പില്‍ മിശ്രയുടെ പേരുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ ഹൈക്കോടതി ബെഞ്ചിലിരിക്കെയാണ് വിവാദമായ ഒരു വിധി മിശ്ര പുറപ്പെടുവിക്കുന്നത്, കരണ്‍ ജോഹഗറിന്റെ ‘കഭിഖുശി, കഭിഗം’ എന്ന ചലച്ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച വിധി. മകന്‍ പാടിത്തുടങ്ങിയ ദേശീയഗാനം അമ്മ പൂര്‍ത്തിയാക്കുന്ന രംഗം ഒഴിവാക്കിയാല്‍ മാത്രമേ അനുമതി നല്‍കൂ എന്നായിരുന്നു ഉത്തരവ്. സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം പാടണമെന്ന വിധി നടത്തിയ ബെഞ്ചിലും മിശ്ര അംഗമായിരുന്നു.
ഇപ്പോള്‍ മെഡിക്കല്‍ കോഴക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് പുറമേ അഡ്വ. കാമിനി ജയ്‌സ്വാളിന്റെ മറ്റൊരു ഹര്‍ജികൂടി സുപ്രിം കോടതിയില്‍ ഉണ്ടായിരുന്നു, ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചില്‍. അദ്ദേഹം ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെട്ട കേസില്‍ വിഷയം പരിശോധിക്കാന്‍ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ബെഞ്ച് രൂപീകരിക്കണമെന്ന് വിധി പുറപ്പെടുവിച്ചതോടെ ചീഫ് ജസ്റ്റിസ് ആ വിധിക്കെതിരെ മറുവിധി നടത്തി. ഇത് കോടതികളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നാണ്. തന്റെ ബെഞ്ചിലല്ലാതെ ഒരു കോടതിയിലും മേലില്‍ പുതിയ ഹര്‍ജികള്‍ പരാമര്‍ശിക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയാണ് ഈ വിധിക്കെതിരെ നിലകൊണ്ടത്.
സുപ്രിം കോടതിയിലെ കേസുകള്‍ ഏത് ബെഞ്ചിന് വിടണമെന്നും ആ ബെഞ്ചില്‍ ആരൊക്കെ വേണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസിന്റെ നടപടി കോടതി നടപടികളില്‍ ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ കീഴ്‌വഴക്കത്തിന്റെ അപകടകരമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
പരമോന്നത നീതിപീഠം കളങ്കിതരുടെ വേദിയാകുന്നോ എന്ന ഭയം രാജ്യത്തെ നീതിനിര്‍വഹണത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരില്‍ ഉണ്ടായെങ്കില്‍ അതിനവരെ കുറ്റം പറയാനാകില്ല.