Saturday
15 Dec 2018

തോമസ് ചാണ്ടി: എല്‍ഡിഎഫ് രാഷ്ട്രീയം നേരിടുന്നത് കനത്ത വെല്ലുവിളി

By: Web Desk | Wednesday 15 November 2017 1:00 AM IST

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ധാര്‍മികതയേയും നിയമവാഴ്ചയേയും അംഗീകരിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെയും ഉത്തമബോധ്യമാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേരള ഹൈക്കോടതി അര്‍ഥശങ്കക്കിടയില്ലാതെ ഇന്നലെ വ്യക്തമാക്കിയത്. നിയമത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ തോമസ് ചാണ്ടിക്ക് അവസരം ലഭിച്ചു. ആ സാധ്യതകളുടെ വാതില്‍ പൂര്‍ണമായും അദ്ദേഹത്തിനു മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. നിയമവാഴ്ചയേയും ഒരു ജനാധിപത്യ സമൂഹത്തില്‍ കോടതിക്കുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത പങ്കിനെയും അംഗീകരിക്കുന്ന യാതൊരാള്‍ക്കും ഇനി അധികാരത്തില്‍ കടിച്ചുതൂങ്ങാനാവില്ല. ഒരു പൊതുപ്രവര്‍ത്തകനെന്ന പരിവേഷവും ഭരണഘടനാപരമായി അധികാരപദവി വഹിക്കുന്ന വ്യക്തിയെന്ന നിലയിലും അല്‍പ്പമെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ ഔചിത്യം തോമസ് ചാണ്ടിയില്‍ അവശേഷിക്കുന്നുവെങ്കില്‍ ഇനി ഒരു നിമിഷം പോലും അദ്ദേഹം മന്ത്രിപദവിയില്‍ തുടരാന്‍ അര്‍ഹനല്ല. ഇനിയും തോമസ് ചാണ്ടിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതിനു തയാറാവുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതും ഈ സന്ദിഗ്ധ ഘട്ടത്തില്‍ പ്രസക്തമാണ്. മാസങ്ങളായി കേരള രാഷ്ട്രീയ വ്യവഹാരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന കായല്‍ കയ്യേറ്റ ആരോപണം. അത് അടിസ്ഥാനരഹിതമാണെങ്കില്‍ അക്കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഏറെ സമയം അദ്ദേഹത്തിനു ലഭിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിക്കുന്നതിപ്പുറം യുക്തിഭദ്രമായും തെളിവുകളുടെ അടിസ്ഥാനത്തിലും അത്തരം ആരോപണങ്ങളെ ഫലപ്രഥമായി ഖണ്ഡിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. മാത്രല്ല അത്തരം ശ്രമങ്ങളെല്ലാം ദയനീയ പരാജയവുമായിരുന്നു. ആരോപണം സംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അവ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കുകയാണുണ്ടായത്.
വ്യവസായിയും സമ്പന്നനുമായ തോമസ് ചാണ്ടി തന്റെ സാമ്പത്തിക പിന്‍ബലത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന് ഇതെഴുതുമ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നിയമത്തിന്റെ ഏതെങ്കിലും പഴുതുകളിലൂടെ അദ്ദേഹം രക്ഷപ്പെട്ടാല്‍പോലും രാഷ്ട്രീയ ധാര്‍മ്മികതയേയും ഭരണഘടനാപരമായ കേവല മര്യാദകളേയും പൊതുജനാഭിപ്രായത്തേയും മറികടക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമായ ഘടകങ്ങളാണ് മേല്‍ പറഞ്ഞവ. അത് ആര്‍ക്കും സമ്പത്തിന്റെ പിന്‍ബലം കൊണ്ട് വിപണിയില്‍ നിന്ന് വിലകൊടുത്ത് വാങ്ങാവുന്നവയല്ല.

കായല്‍ കയ്യേറ്റ ആരോപണവും അത് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ത്തിയിരിക്കുന്ന വന്‍വിവാദങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അസ്തിത്വത്തിനുനേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇനിയും ഈ ആരോപണത്തെ കേവലം മാധ്യമ അജന്‍ഡയുടെ ഭാഗമായി അവഗണിക്കാന്‍ എല്‍ഡിഎഫിന് ആവില്ല.

കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിരത്തുന്ന തെളിവുകള്‍ വസ്തുതാപരമല്ലെങ്കില്‍ അത് അങ്ങനെ സ്ഥാപിക്കാന്‍ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്നലത്തെ കോടതിവിധി നിര്‍ദ്ദേശിക്കുംവിധം കളക്ടറെ സമീപിക്കുന്നതിന് പകരം രാജ്യത്തെ പരമോന്നത കോടതിയെ സമീപിക്കാനാണ് തോമസ്ചാണ്ടി മുതിരുന്നതെങ്കില്‍ കോടതിവിധിയില്‍ പരാമര്‍ശിക്കപ്പെട്ട മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തേയും ഭരണഘടനാ തത്ത്വങ്ങളെയുമായിരിക്കും അദ്ദേഹം പ്രതിക്കൂട്ടിലാക്കുക.
ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടടക്കം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ്ചാണ്ടിയുടെ കമ്പനി ഗുരുതരമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. കേരളത്തിലുടനീളം ഭവനരഹിതരായ അനേകായിരങ്ങള്‍ തങ്ങളുടെ തലയ്ക്കുമീതെ ഒരു കൂര ഉയര്‍ത്താന്‍ വര്‍ഷങ്ങളായി കാത്തുകെട്ടികിടക്കുമ്പോഴാണ് അധികാരത്തിന്റെ തണലില്‍ തോമസ്ചാണ്ടി കായല്‍ കയ്യേറ്റം നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നതും അത് സംരക്ഷിച്ച് നിലനിര്‍ത്താന്‍ പണം വാരിക്കോരി ചെലവഴിച്ച് വ്യവഹാര നടപടികളുമായി മുന്നോട്ടുപോകുന്നതും. കേരള നിയമസഭ നിര്‍മ്മിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍ മന്ത്രിയെന്ന ഭരണഘടനാപദവി നിലനിര്‍ത്തി ചോദ്യം ചെയ്യുന്നതിലെ അസാംഗത്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നും മന്ത്രിപദവി നിലനിര്‍ത്തിക്കൊണ്ട് സുപ്രിംകോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കില്‍ അത് കേരളത്തിലെ എല്‍ഡിഎഫിനോടും സംസ്ഥാന സര്‍ക്കാരിനോടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ വിലയിരുത്താനാവൂ. കേരളത്തിലെ ജനങ്ങളുടെ വിപുലമായ പിന്തുണയോടെ അധികാരത്തിലേറിയ എല്‍ഡിഎഫ് ആ വെല്ലുവിളി തിരിച്ചറിയണം. എല്‍ഡിഎഫും കേരളത്തിലെ സാമാന്യ ജനങ്ങളും മുഖ്യമന്ത്രിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുതന്നെയാണ് മുന്നണിയും ജനങ്ങളും ഉറച്ചുവിശ്വസിക്കുന്നത്.