Thursday
24 Jan 2019

പ്രതിരോധ വ്യവസായ സ്വകാര്യവല്‍ക്കരണം രാഷ്ട്രപരമാധികാരത്തെ തകര്‍ക്കും

By: Web Desk | Friday 1 December 2017 10:33 PM IST

നമ്മുടെ പ്രതിരോധ വ്യവസായത്തില്‍ കാര്യക്ഷമതാ രാഹിത്യം ആരോപിച്ചാണ് ഈ സ്വകാര്യവല്‍ക്കരണ നീക്കം നടത്തുന്നത്. എന്നാല്‍ ബഹിരാകാശ ഗവേഷണം, മിെസെല്‍ സാങ്കേതിക വിദ്യ തുടങ്ങിയ രംഗങ്ങളിലാകെ നാം കൈവരിച്ച നേട്ടങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് ഈ കോര്‍പറേറ്റ് പ്രീണന നീക്കം.

ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് ദിനംപ്രതിയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അത്യന്തം ആശങ്കാജനകമാണ്. സൈന്യത്തിന്റെ എട്ട് വര്‍ക്ക്‌ഷോപ്പുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതും 14 സ്റ്റേഷന്‍ വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചുപൂട്ടുന്നതും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ജനയുഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രതിരോധ വ്യവസായം രാജ്യത്തേയും വിദേശത്തേയും മൂലധനശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിന്റെ ഭാഗമാണ് വര്‍ക്‌ഷോപ്പുകളുടെ സ്വകാര്യവല്‍ക്കരണവും അടച്ചുപൂട്ടലും. മുന്‍ഗാമികള്‍ പിന്തുടര്‍ന്നിരുന്ന നയസമീപനങ്ങള്‍ക്ക് കടകവിരുദ്ധമാണ് തന്റേതെന്നും അവ ഓരോന്നും തിരുത്തിക്കുറിക്കുകയാണ് തന്റെ ദൗത്യമെന്നും മോഡി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കേവലം പ്രഖ്യാപനങ്ങള്‍ മാത്രമല്ല അവ ദേശീയ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലും മോഡിക്ക് തെല്ലും വൈമുഖ്യമില്ല. മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് റഫാല്‍ യുദ്ധവിമാനം സംബന്ധിച്ച് ഫ്രാന്‍സുമായുണ്ടാക്കിയ കരാറില്‍ നിന്നും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) ഒഴിവാക്കി തല്‍സ്ഥാനത്ത് അനില്‍ അംബാനിയുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അവസരമൊരുക്കിയത് അതിന്റെ തെളിവാണ്. മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല ചിന്താപദ്ധതി ബാങ്ക് ദേശസാല്‍ക്കരണത്തെപ്പറ്റി അദ്ദേഹം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ വന്‍കിട കുത്തകകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു പൊതുമേഖലയിലാക്കിയ ബാങ്കുകള്‍ അവരുടെ കൈകളില്‍ത്തന്നെ തിരിച്ചേല്‍പിക്കുമെന്നാണ് അദ്ദേഹം ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ സമ്പത്തും സല്‍പേരും അതിവിപുലമായ അടിസ്ഥാനസൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാക്കുന്ന റിലയന്‍സ്-എസ്ബിഐ പേമെന്റ് ബാങ്ക് അതിന്റെ പ്രതിഫലനമാണ്. സമാനമായ രീതിയില്‍ ഇന്ത്യയുടെ പ്രതിരോധ വ്യവസായവും കോര്‍പ്പറേറ്റ് ഇന്ത്യയുടെ കൈപ്പിടിയിലേക്കാണ് നീങ്ങുന്നത്.
പ്രതിരോധ വ്യവസായത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) എച്ച്എഎല്‍, ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് (ബിഇഎല്‍) തുടങ്ങി ലാഭകരവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തെ നേരിടുകയാണ്. ഇത് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തേയും അതിന്റെ പരമാധികാര അടിത്തറയേയും തകര്‍ക്കും. അത് കാലക്രമേണ ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ നിയന്ത്രണം തന്നെ ബഹുരാഷ്ട്ര സൈനിക വ്യവസായിക സമുച്ചയങ്ങളുടെ കൈകളില്‍ എത്തിച്ചേരാനാവും ഇടവരുത്തുക. ഫലത്തില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ കടിഞ്ഞാണ്‍ വിദേശശക്തികള്‍ക്ക് കൈമാറുന്നതിനു തുല്യമായിരിക്കും ഇത്. സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന സൈനിക വര്‍ക്‌ഷോപ്പുകളില്‍ യുഎസ് മാതൃകയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കരാര്‍ നടത്തിപ്പാണ് വിഭാവനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയെപോലെ ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രത്തിന് യുഎസിനെപോലെ സ്വകാര്യ മൂലധനം നിയന്ത്രിക്കുന്ന പ്രതിരോധ വ്യവസായം അനുകരണീയ മാതൃകയേ അല്ല. യുഎസിന് ഇരുന്നൂറ് വര്‍ഷത്തിലേറെ വരുന്ന അതിന്റെ ചരിത്രത്തിലൊരിക്കലും സ്വന്തം അതിര്‍ത്തികളില്‍ ശത്രുസേനയെ നേരിടേണ്ടിവന്നിട്ടില്ല. സൂക്ഷ്മപരിശോധനയില്‍ ഒരു രാജ്യവും അവരോട് നേരിട്ട് യുദ്ധത്തിന് മുതിര്‍ന്നിട്ടുമില്ല. അവര്‍ ഏര്‍പ്പെട്ടിട്ടുള്ളതെല്ലാം ‘അമേരിക്കന്‍ താല്‍പര്യ സംരക്ഷണാ’ര്‍ഥമുള്ള യുദ്ധങ്ങളിലാണ്. അവയെല്ലാം തന്നെ ആക്രമണ യുദ്ധങ്ങളായിരുന്നു. ഒന്നുപോലും പ്രതിരോധ യുദ്ധങ്ങളായിരുന്നില്ല. യാതൊരു തരത്തിലുമുള്ള യുദ്ധഭീഷണികളും കൂടാതെ ലോകത്തെ ഏറ്റവും വലിയ ആയുധശക്തിയായി അവരെ മാറ്റിയത് ആ രാജ്യത്തിന്റെ രാഷ്ട്രീയത്തെയും സമ്പദ്ഘടനയേയും നിയന്ത്രിക്കുന്ന ‘സൈനിക വ്യവസായിക സമുച്ചയ’ങ്ങളാണ്. അതിബൃഹത്തായ ആ മൂലധന ശക്തിയുടെ കച്ചവട താല്‍പര്യമാണ് അവരുടെ രാഷ്ട്ര താല്‍പര്യം. ആ താല്‍പര്യം സംരക്ഷിക്കാന്‍ ആയുധക്കച്ചവടം കൂടിയേ തീരൂ. ആയുധ കച്ചവടം കൊഴുക്കണമെങ്കില്‍ യുദ്ധം അനിവാര്യമാണ്. ആയുധങ്ങളും യുദ്ധങ്ങളും നിയന്ത്രിക്കുന്ന സമ്പദ്ഘടനക്കും രാഷ്ട്രീയത്തിനുമാണ് യുഎസ് സാമ്രാജ്യത്വം നേതൃത്വം നല്‍കുന്നത്. ആ യുദ്ധ-ആയുധ കച്ചവട ചുഴിയിലേയ്ക്കാണ് നരേന്ദ്രമോഡി ഇന്ത്യയെ തള്ളിവിടുന്നത്. ആ സാമ്രാജ്യത്വ രാഷ്ട്രീയ നീതിക്ക് അനുസൃതമായി ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തെ പുനഃസംഘടിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ഇന്ത്യയുടെ പ്രതിരോധ സന്നദ്ധതകര്‍ക്കും. അതിലുപരി അത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിത്തറയാണ് തകര്‍ക്കുക.