Thursday
24 Jan 2019

ഹാദിയ: ഇടക്കാല സുപ്രിംകോടതി ഉത്തരവ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

By: Web Desk | Tuesday 28 November 2017 9:59 PM IST

പ്രായപൂര്‍ത്തിയെത്തിയ, ചിന്താശേഷിയും വിദ്യാഭ്യാസവും സ്വന്തം ഭാവിയെപ്പറ്റി തീരുമാനിക്കാനുള്ള വിവേചനബുദ്ധിയുമുള്ള ഒരാളെ അതിനുവിരുദ്ധമായി ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമല്ലാതെ മറ്റൊന്നുമല്ല.

ഹാദിയ കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റിയും അത് ഉറപ്പുവരുത്തുന്നതില്‍ പരമോന്നത കോടതിയടക്കം രാജ്യത്തെ കോടതികള്‍, ഒരു പക്ഷെ, നേരിടുന്ന ആശയക്കുഴപ്പത്തെപ്പറ്റിയും നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. സുപ്രിംകോടതിയുടെ ഇടക്കാലവിധി അതുമായി ബന്ധപ്പെട്ട ഓരോരുത്തരും വിലയിരുത്തുന്നത് ആ ആശയക്കുഴപ്പത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആ വിധി വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടന വ്യവസ്ഥകള്‍ക്കോ സാര്‍വത്രിക മനുഷ്യാവകാശ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലോ ഉള്ളതല്ലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഒരു പടികൂടി കടന്നുപറഞ്ഞാല്‍ കേരളാ ഹൈക്കോടതിയും തുടര്‍ന്ന് ഇപ്പോള്‍ തങ്ങളുടെ ഇടക്കാല ഉത്തരവു വഴി സുപ്രിംകോടതിയും നീതിപീഠം എന്നതിനെക്കാള്‍ ഉപരി ഒരു പുരുഷാധിപത്യ സമൂഹത്തില്‍ വിവേചനാധികാരം പ്രയോഗിക്കുന്ന രക്ഷകര്‍ത്താവിന്റെ പങ്കാണ് നിര്‍വഹിച്ചിരിക്കുന്നതെന്ന് നിയമപാണ്ഡിത്യം അവകാശപ്പെടാനില്ലാത്ത സാമാന്യജനം കരുതേണ്ടിവരും. ഇരു കോടതികളിലും ആവലാതിക്കാരന്‍ ഉന്നയിച്ച വിഷയത്തെ മറികടന്നുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. സുപ്രിംകോടതി അന്തിമതീരുമാനം കൈക്കൊള്ളുമ്പോള്‍ സാമാന്യജനങ്ങളുടെ ആശങ്കപരിഹരിച്ചുകൊണ്ടുള്ള ഒരു തീര്‍പ്പില്‍ എത്തിച്ചേരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്നലെ ഹാദിയയെ വിളിച്ചുവരുത്തിയ കോടതി തന്നെ അസാധാരണമായ ഈ കേസില്‍ കോടതിക്കുള്ള ആശയക്കുഴപ്പം തുറന്നുപ്രകടിപ്പിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ നൂറിലധികം ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതികളില്‍ കേട്ടിട്ടുണ്ടാവണം. പക്ഷെ ഹാദിയ കേസ് അവയില്‍ നിന്നെല്ലാം അസാധാരണമാണ് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ പറഞ്ഞതായി കോടതി നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഹിന്ദു ദിനപത്രത്തിന്റെ ലേഖകന്‍ കൃഷ്ണദാസ് രാജഗോപാല്‍ വിവരിക്കുന്നുണ്ട്.
ഹാദിയ വിദ്യാസമ്പന്നയായ, പ്രായപൂര്‍ത്തിയായ യുവതിയാണ്. അവര്‍ സ്വന്തം തീരുമാനമനുസരിച്ചാണ് മതപരിവര്‍ത്തനം നടത്തി ഷഫീന്‍ ജഹാനെ വിവാഹം ചെയ്തത്. അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് പരാതിയെത്തുടര്‍ന്ന് അവര്‍ തന്റെ തീരുമാനം സ്വതന്ത്രവും സ്വമേധയ ഉള്ളതുമാണെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. അതിനു വിരുദ്ധമായ ന്യായീകരിക്കാവുന്ന യാതൊരു തെളിവും അവര്‍ക്കെതിരെ ഇല്ലെന്നിരിക്കെ വിവാഹം തന്നെ അസാധുവാക്കിയ കോടതിവിധി വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമായേ കരുതാനാവൂ. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പ്രശ്‌നങ്ങളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തന്റെ ഭാവിയെക്കുറിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അര്‍ഥശങ്കക്കിടമില്ലാത്ത മറുപടിയാണ് അവര്‍ നല്‍കിയതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘എന്നെ ഒരു മനുഷ്യനായി കണക്കാക്കണം. ഞാന്‍ 11 മാസങ്ങളായി നിയമവിരുദ്ധ തടവിലാണ്. എന്നെ സ്വതന്ത്രയാക്കണം, ഒരു നല്ല പൗരയായി എന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം.’ ഇതായിരുന്നത്രെ ഹാദിയയ്ക്ക് പറയാനുണ്ടായിരുന്നത്.
ഹിന്ദുമത വിശ്വാസികളായ ഹാദിയയുടെ അച്ഛനമ്മമാരുടെ വൈകാരികാവസ്ഥ മനസിലാക്കാവുന്നതേയുള്ളു.  എന്‍ഐഎ പോലുള്ള ഏജന്‍സികളും അവരെ ഉപയോഗിച്ച് മതനിരപേക്ഷ ജനാധിപത്യ സംവിധാനവും പൗരസ്വാതന്ത്ര്യങ്ങളും നിഷേധിക്കാന്‍ ശ്രമിക്കുന്ന തീവ്രമൗലികവാദ സംഘടനകളും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തോപദേശ ആരോപണങ്ങളും ഗൂഢരാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതാണ്. സിദ്ധാന്തോപദേശത്തെപ്പറ്റി ആരോപണം ഉന്നയിക്കുന്നവര്‍ ഹാദിയ തന്റെ പിതൃഗൃഹത്തില്‍ തടവിലാക്കപ്പെട്ടിരുന്ന പതിനൊന്ന് മാസക്കാലം അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തെപ്പറ്റി മൗനം പാലിക്കുന്നത് അര്‍ഥഗര്‍ഭമാണ്. ഇക്കാലയളവില്‍ അവരെ സന്ദര്‍ശിക്കാന്‍ ആരെയെല്ലാം അനുവദിച്ചുവെന്നതും ആര്‍ക്കെല്ലാം അത് നിഷേധിക്കപ്പെട്ടുവെന്നതും സിദ്ധാന്തോപദേശത്തിനും ‘മതപരിവര്‍ത്തന’ത്തിനും ആരാണ് ശ്രമിച്ചതെന്ന് വ്യക്തമാകും. ഹാദിയയെ പഠിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് അവര്‍ക്ക് ഭരണഘടനയും സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനവും ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിലേക്കും മനുഷ്യാവകാശങ്ങളുടെ സ്ഥാപനത്തിലേക്കുമുള്ള ചവിട്ടുപടിയാകട്ടെയെന്ന് മാനവിക സമൂഹം ഒന്നായി ആഗ്രഹിക്കുന്നു. വിവാഹിതയായ ഒരു യുവതിയെ അവരുടെ ആഗ്രഹപ്രകാരം ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കാതിരിക്കുന്നത് കടുത്ത നീതിനിഷേധമാണ്. അതില്‍ വരുന്ന കാലതാമസം അക്ഷന്തവ്യമായ അപരാധമാണെന്ന് നീതിപീഠം തിരിച്ചറിയേണ്ടതുണ്ട്.