Thursday
18 Oct 2018

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടും അതുയര്‍ത്തുന്ന തുടര്‍ചലനങ്ങളും

By: Web Desk | Saturday 11 November 2017 1:00 AM IST

കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പനപോലെ തഴച്ചുവളര്‍ന്ന ജീര്‍ണതയുടെ അന്തരീക്ഷത്തിനാണ് സോളാര്‍ ആരോപണവും തുടരന്വേഷണവും വിരാമമിടുന്നത്. അത് രാഷ്ട്രീയ ധാര്‍മികതയും പൊതുജീവിതത്തില്‍ സുതാര്യതയും ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ യുഗത്തിന് തുടക്കമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കേരളത്തിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ആഖ്യാനരീതിയില്‍ മൗലിക മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒന്നാണ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മേശപ്പുറത്ത് വച്ച സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും പ്രഖ്യാപിച്ച തുടര്‍നടപടികളും. സംസ്ഥാനത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ മറ്റൊരു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും ഒരു ഭരണസംവിധാനത്തില്‍ ഉള്‍പ്പെട്ട ഇത്രയും വലിയൊരു നേതൃനിരയെ കുറ്റാരോപിതരായി കണ്ടെത്തിയിട്ടില്ല. ജസ്റ്റിസ് ജി ശിവരാജന്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന തുടരന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കി കുറ്റവാളികള്‍ നിയമാനുസൃതം ശിക്ഷിക്കപ്പെട്ടാല്‍ അത് കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറും. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ക്കും അതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശങ്ങള്‍ക്കും അനുസൃതമായി പ്രഖ്യാപിക്കപ്പെട്ട തുടര്‍ നടപടികള്‍ക്കുമെതിരെ കോണ്‍ഗ്രസ് അടക്കം യുഡിഎഫ് നേതൃത്വത്തില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകളുടെയും വിമര്‍ശനങ്ങളുടെയും ദുര്‍ബലത തന്നെ ഭാവിയിലേക്കുള്ള വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെയും ആ കുംഭകോണത്തില്‍ പല രൂപത്തിലും പങ്കാളികളായ രാഷ്ട്രീയ നേതാക്കളുടെയും രാഷ്ട്രീയരംഗത്തെ നിലനില്‍പിനും ഭാവിക്കും നേരെ റിപ്പോര്‍ട്ടും തുടര്‍നടപടികളും ശക്തമായ ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. കേരളത്തിലെ ഇടത്തരക്കാരടക്കം വലിയൊരു വിഭാഗം വിശ്വാസമര്‍പ്പിച്ചുപോന്നിരുന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തുടര്‍ന്നുള്ള നിലനില്‍പും സ്വാധീനശക്തിയുമാണ് സോളാര്‍ അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുതകള്‍ പിടിച്ചുലയ്ക്കുന്നത്. ഹൈക്കമാന്‍ഡടക്കം കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന്റെ നിശബ്ദത റിപ്പോര്‍ട്ട് അവരില്‍ സൃഷ്ടിച്ചിരിക്കുന്ന അമ്പരപ്പിനെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെമ്പാടും ബിജെപിയുടെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പ്രതിരോധിക്കാനാവുന്നതിലും കനത്ത പ്രഹരമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മാറിമാറി അധികാരത്തിലിരിക്കുകയും അതില്ലാത്തപ്പോള്‍ മുഖ്യപ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുകയും ചെയ്തുപോന്ന ഒരു പാര്‍ട്ടിയും മുന്നണിയുമാണ് അതിശക്തമായ ഒരു ഭൂചലനത്തിലെന്ന പോലെ അതിന്റെ വിശ്വസ്തതയ്ക്കും സ്വാധീനത്തിനും കനത്ത വെല്ലുവിളി നേരിടുന്നത്. കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെയും വര്‍ഗീയ, കോര്‍പ്പറേറ്റ് പ്രീണന പരിപാടികളുടെയും പശ്ചാത്തലത്തില്‍ രാജ്യത്താകെ ജനങ്ങള്‍ കയ്യൊഴിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഷ്ട്രീയ തിരിച്ചുവരവിന് വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടെന്ന ബോംബ്‌സ്‌ഫോടനത്തില്‍ ആടി ഉലയുന്നത്. അത് കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഇടം നല്‍കുന്നതായി മാറാതിരിക്കാന്‍ സംസ്ഥാനത്തെ ഇടതുപക്ഷ, മതേതര, ജനാധിപത്യ ശക്തികള്‍ കരുതലോടെ നേരിടേണ്ടതുണ്ട്. അതാവട്ടെ എല്‍ഡിഎഫ് നാളിതുവരെ ഉയര്‍ത്തിപ്പിടിച്ചുപോരുന്ന തത്വാധിഷ്ഠിത നിലപാടുകളോടും നയപരിപാടികളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലൂടെ മാത്രമേ സാധ്യമാകൂ. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയും ഭരണനിര്‍വഹണത്തിലെ കറകളഞ്ഞ സുതാര്യത വാഗ്ദാനം ചെയ്തുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരിച്ച് അഭിമാനകരമായ വിജയം കൈവരിച്ചത്. അഴിമതിക്കും ഭരണനിര്‍വഹണത്തിലെ കൊടിയ അരാജകത്വത്തിനുമുള്ള ശിക്ഷയാണ് കേരള ജനത യുഡിഎഫിന് നല്‍കിയത്. ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം അരക്കിട്ടുറപ്പിച്ചു മാത്രമേ വെല്ലുവിളികള്‍ നിറഞ്ഞ ദേശീയ അന്തരീക്ഷത്തില്‍ ഇടതുപക്ഷ ബദല്‍ എന്ന ആശയത്തിന് പിന്തുണയും വിപുലമായ സ്വാധീനവും വളര്‍ത്തിയെടുക്കാനാവൂ. അതിനുള്ള യത്‌നങ്ങളിലായിരിക്കണം എല്‍ഡിഎഫിന്റെ ഊര്‍ജ്ജം മുഴുവനും കേന്ദ്രീകരിക്കേണ്ടത്.
വൈവിധ്യമാര്‍ന്ന രാഷ്ട്രീയ ധാരകളുടേയും ചിന്തകളുടേയും പരീക്ഷണശാലയാണ് കേരളം. ഇടതുപക്ഷത്തോടും അത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയസംഹിതകളോടും വിയോജിപ്പുമുള്ള, എന്നാല്‍ വിശാലമായ ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടുകളെ മുറുകെപിടിക്കുന്ന ഗണ്യമായ ഒരു വിഭാഗം നമുക്കിടയിലുണ്ട്. അത്തരക്കാരെ വലതുപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് വിട്ടുനല്‍കാതെ മുഖ്യധാര രാഷ്ട്രീയത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിലേയും യുഡിഎഫിലേയും തത്വനിഷ്ടയും ആശയസ്ഥൈര്യവുമുള്ള നേതാക്കള്‍ക്ക് കഴിയണം. ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട കളങ്കിതരായ നേതൃനിരയ്ക്ക് പകരം അവരുടെ ആശയാഭിലാഷങ്ങളോട് തുറന്ന മനസോടെ സംവദിക്കാനും ആശയവിനിമയത്തിനും ശേഷിയുള്ള ഒരു നേതൃനിര ആ പ്രസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുമെന്നാണ് നിശബ്ദമായ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും അത്തരമൊരു മാറ്റത്തെ ആശ്ലേഷിക്കാനായാല്‍ കേരളത്തില്‍ സമാധാന ജീവിതവും നീതിപൂര്‍വമായ പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിഞ്ഞേക്കും.