Wednesday
23 Jan 2019

കേരളത്തിന്റെ റയില്‍വേ വികസനം: വിശാല ജനകീയ മുന്നേറ്റം വേണം

By: Web Desk | Thursday 30 November 2017 10:31 PM IST

തിരുവനന്തപുരം റയില്‍വേ ഡിവിഷന്റെ തന്ത്രപ്രധാനമായ ഒരു ഭാഗം വിഭജിച്ച് മധുര ഡിവിഷനോട് ചേര്‍ക്കാനുള്ള നീക്കം വിജയിച്ചാല്‍ അത് കേരളത്തിന്റെ റയില്‍ വികസന സ്വപ്‌നങ്ങളുടെ ശവപ്പെട്ടി മേലുള്ള അവസാനത്തെ ആണിയാവും.

കേരളത്തിന്റെ തികച്ചും ന്യായമായ റയില്‍വേ വികസന ആവശ്യങ്ങള്‍ നേടിയെടുക്കാനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്താനും പാര്‍ലമെന്റിനകത്തും പുറത്തും ഒരുപോലെ പൊരുതാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം അത്തരം ഒരു സൂചനയാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്. റയില്‍വേ വികസന കാര്യത്തില്‍ നിരന്തരമായ അവഗണനയാണ് കേരളം അനുഭവിച്ചുപോരുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്തെ റയില്‍പാതാ ദൈര്‍ഘ്യം ഒരിഞ്ചുപോലും കൂട്ടാനായിട്ടില്ല. പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ പാതകളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. നിലവിലുള്ള പാതകളുടെ ഇരട്ടിപ്പുപണികളും അവയുടെ വൈദ്യുതീകരണവും അനന്തമായി നീളുന്നു. കാലപ്പഴക്കം ചെന്ന പാതകള്‍ നവീകരിക്കാനോ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനോ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നവയുടെ തന്നെ സമയനിഷ്ഠ ഉറപ്പുവരുത്താനോ അധികൃതരുടെ ഭാഗത്തുനിന്നും ആത്മാര്‍ഥമായ യാതൊരു ശ്രമവും നടക്കുന്നതായി കാണുന്നില്ല. പഴഞ്ചന്‍ പാതകളും പഴകിയ കോച്ചുകളും താറുമാറായ സമയക്രമവും കേരളത്തില്‍ ട്രെയിന്‍ യാത്ര ദുരിതപൂര്‍ണവും ആപത്കരവുമാക്കിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോടും ആവലാതികളോടും പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ദക്ഷിണ റയില്‍വേ, റയില്‍വേ ബോര്‍ഡ്, റയില്‍ മന്ത്രാലയം, കേന്ദ്രസര്‍ക്കാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ അധികാര കേന്ദ്രങ്ങളും അവലംബിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ റയില്‍പാത മധുര ഡിവിഷനുമായി സംയോജിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതു സംബന്ധിച്ച് റയില്‍വേ മന്ത്രിയുമായും റയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടന്ന ചര്‍ച്ചയിലുണ്ടായ ധാരണകള്‍ക്ക് വിരുദ്ധമാണ് പുതിയ നീക്കം. സമാനമായ രീതിയിലാണ് പാലക്കാട് ഡിവിഷനിലെ 544 കിലോമീറ്റര്‍ സേലത്തിനു വിട്ടുനല്‍കിയത്. പാലക്കാട് ഡിവിഷനില്‍ നിന്ന് മംഗ്‌ളൂരു വരെയുള്ള ഭാഗം വേര്‍പെടുത്തി മംഗ്‌ളൂരു ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കവും സമാന്തരമായി നടക്കുന്നുണ്ട്. ഇവ രണ്ടും പ്രാവര്‍ത്തികമാകുന്നതോടെ ശിഷ്ടഭാഗത്തെ ഒറ്റ ഡിവിഷനാക്കി കേരളത്തിന്റെ റയില്‍വേ വികസന സ്വപ്‌നങ്ങളെ ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്ന് വേണം അനുമാനിക്കാന്‍. അതോടെ കേരളത്തിന്റെ സമഗ്ര റയില്‍ വികസനത്തിന് അടിത്തറയാവുന്ന പെനിന്‍സുലാര്‍ ഡിവിഷന്‍ എന്ന ആവശ്യം തന്നെ തുടച്ചുമാറ്റാനാവും. കേരളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റയില്‍വെ ശൃംഖലയുടെ ലാഭകരമായ ഘടകങ്ങള്‍ എല്ലാം തന്നെ അതോടെ ഇതര ഡിവിഷനുകളുടെ ഭാഗമായി മാറും.
തലശേരി-മൈസൂര്‍ റയില്‍വേ ലൈന്‍, തിരുവനന്തപുരം-ചെങ്ങന്നൂര്‍ റാപിഡ് റയില്‍ സിസ്റ്റം, അങ്കമാലി-ശബരി റയില്‍ ലൈന്‍, ബാലരാമുപരം-വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഗുരുവായൂര്‍-തിരുനാവായ ലൈന്‍ തുടങ്ങി അടിയന്തര പ്രാധാന്യമുള്ള നിരവധി നിര്‍ദേശങ്ങള്‍ കേരളം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന പാളങ്ങളുടെ നവീകരണം, സമ്പൂര്‍ണ പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണ പദ്ധതികളുടെ സമയബന്ധിത പൂര്‍ത്തീകരണം, റയില്‍വേ സ്റ്റേഷനുകളുടെ നവീകരണം തുടങ്ങി അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പദ്ധതികളെല്ലാം ഒച്ചിന്റെ വേഗത്തിലാണ് ഇഴഞ്ഞുനീങ്ങുന്നത്. ഉന്നത അധികാര കേന്ദ്രങ്ങളുടെ അലംഭാവവും അവഗണനയും, ഉദേ്യാഗസ്ഥ തലത്തില്‍ പ്രാദേശിക നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന പ്രവണത, രാഷ്ട്രീയ വിലപേശലിന് മതിയാവാത്ത പാര്‍ലമെന്ററി അംഗബലം എന്നിവയെല്ലാം കേരളത്തിനു പ്രതികൂലമായ ഘടകങ്ങളാണ്. കേന്ദ്രത്തില്‍ മാറിമാറി വരുന്ന അധികാര ശക്തികളെല്ലാം സംസ്ഥാനത്തിന്റെ ഈ പരിമിതികളെ മുതലെടുത്ത് അവഗണന തുടരുന്നതും പതിവാക്കിയിരിക്കുന്നു. ഈ സ്ഥിതിവിശേഷം തുടരാന്‍ അനുവദിക്കുന്നത് കേരളത്തിന് ഇപ്പോഴുള്ളതുപോലും കവര്‍ന്നെടുക്കുന്നതിലേക്കായിരിക്കും നയിക്കുക. സംസ്ഥാനത്തിന്റെ ഏറ്റവും ന്യായവും നീതിപൂര്‍വവുമായ റയില്‍ വികസന ആവശ്യങ്ങള്‍ നേടിയെടുക്കാനും ഉള്ളവ സംരക്ഷിക്കാനും കൂടുതല്‍ കരുതലോടെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് നേതൃത്വം നല്‍കണം. ഇത് സംബന്ധിച്ച് സമഗ്രമായ ഒരു പ്രമേയം അംഗീകരിക്കാനുള്ള സാധ്യത നിയമസഭ പരിഗണിക്കണം. സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കണം. റയില്‍വേയുടെ എല്ലാ ഉപഭോക്താക്കളും ഗുണഭോക്താക്കളും പങ്കാളികളായ ഒരു ചെറുത്തു നില്‍പ് പ്രസ്ഥാനം തന്നെ ഉയര്‍ന്നു വരണം. അത്തരമൊരു ജനകീയ നീക്കത്തിന് മാത്രമേ കേരളത്തിന്റെ റയില്‍വേ വികസന താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാവൂ.