Thursday
24 Jan 2019

വിവര-വിജ്ഞാന ഉപകരണങ്ങള്‍ വിഷലിപ്തമാകുമ്പോള്‍

By: Web Desk | Sunday 25 March 2018 10:22 PM IST

തങ്ങളുടെ അധികാരമുള്‍പ്പെടെയുള്ള നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിനു മുതിരുന്ന നിരീക്ഷക ഭരണകൂടങ്ങളും നിരീക്ഷക മുതലാളിത്തവും കൈകോര്‍ക്കുകയെന്നാല്‍ അതിനോളം വിഷലിപ്തമായ യാതൊന്നും മനുഷ്യരാശിക്ക് സംഭവിക്കാനില്ല

വിജ്ഞാനവും വിവരവും മനുഷ്യരെ സ്വതന്ത്രമാക്കുമെന്ന കാലങ്ങളായുള്ള ധാരണകള്‍ അപ്പാടെ തിരുത്തിക്കുറിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. വിജ്ഞാനത്തിന്റെയും വിവരത്തിന്റെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ താക്കോല്‍ സാങ്കേതിക വിദ്യകള്‍ എത്രത്തോളം വികൃതവും ഭീതിദവും സ്വാര്‍ഥലക്ഷ്യത്തോടെയും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ് അവ ഓരോന്നും. ആഘോഷപൂര്‍വം ജനസഞ്ചയങ്ങള്‍ കൊണ്ടാടുകയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യകള്‍ എങ്ങനെ മുതലാളിത്ത സമൂഹങ്ങളും താല്‍പര്യങ്ങളും ജങ്ങളുടെ സ്വാതന്ത്ര്യത്തെയും ആശയാഭിലാഷങ്ങളെയും കവര്‍ന്നെടുക്കുകയും അസ്ഥിരീകരിക്കുകയും ചെയ്യുന്നുവെന്നാണ് അവ തുറന്നുകാട്ടുന്നത്. മുല്ലപ്പൂ വിപ്ലവമടക്കം വന്‍ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് ഉപകരണമായ സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് ജനങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ, ഉപഭോഗ സ്വഭാവങ്ങളുടെ നിയന്ത്രണം തന്നെ കയ്യടക്കുന്നത്. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപും വ്‌ളാദിമിര്‍ പുട്ടിന്റെ റഷ്യന്‍ താല്‍പര്യങ്ങളും കൈകോര്‍ത്തതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഏതോ വിദൂര ഭൂഖണ്ഡത്തില്‍ നടന്ന സംഭവമായി നിരീക്ഷിച്ചവരുണ്ടാകാം. എന്നാല്‍ 125 കോടിയില്‍പരം വരുന്ന ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും അവ വന്‍തോതില്‍ രാഷ്ട്രീയ-വാണിജ്യ താല്‍പര്യങ്ങള്‍ക്കായി ചോര്‍ത്തി നല്‍കപ്പെടുന്നുവെന്നതും ഇരുത്തിചിന്തിപ്പിക്കാന്‍ മതിയായതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പൗരന്മാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക എന്ന കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്ന ബിജെപിയുടെ ആരോപണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ‘പണ്ടാരപ്പെട്ടി’യാണ് തുറന്നിരിക്കുന്നത്. 2014 ലെ പൊതു തെരഞ്ഞെടുപ്പിനുവേണ്ടി അനലറ്റികയുടെ സേവനം വിപുലമായതോതില്‍ പ്രയോജനപ്പെടുത്തിയിരുന്നതായി ബിജെപിക്കെതിരെ പ്രത്യാരോപണം ഇതികം ഉയര്‍ന്നു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ആപ്ലിക്കേഷന്‍ തങ്ങളുടെ മൊബൈല്‍ ഫോണടക്കമുള്ള ഉപകരണങ്ങള്‍ വഴി ഉപയോഗിക്കാന്‍ തയാറായ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ഈ രംഗത്തെ കുത്തക കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയതായി സുരക്ഷാ ഗവേഷകര്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ 15 ലക്ഷത്തില്‍പരം വരുന്ന എന്‍സിസി കേഡറ്റുകള്‍ ഈ ‘നമോ ആപ്’ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നത് സ്ഥിതിഗതികളുടെ ഗുരതരാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രാജ്യത്തെ അന്‍പത് ലക്ഷത്തില്‍പരം വരുന്ന മുന്‍സൈനികരുടെ ബയോമെട്രിക് ഡാറ്റയടക്കം വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ ഇടപാടുകാരുടെ കൈവശത്തിലെത്തിയെന്ന വാര്‍ത്തയെപ്പറ്റി പ്രതിരോധമന്ത്രാലയം ഇരുട്ടില്‍ തപ്പുകയാണ്. മുന്‍ സൈനികരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ശേഖരിച്ച സുപ്രധാന വിവരങ്ങളാണ് ഇത്തരത്തില്‍ സ്വകാര്യ താല്‍പര്യങ്ങള്‍ കയ്യടക്കിയിരിക്കുന്നത്. ലോകജനസംഖ്യയില്‍ ആറിലൊന്നുവരുന്ന ഒരു ജനതയുടെ അതീവ നിര്‍ണായക വിവരങ്ങളാണ് അപകടകരമാംവിധം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നുത്. ഇത് വ്യക്തിഗതമായി പൗരന്മാരെ മാത്രം ബാധിക്കുന്ന ലളിതമായ ഒരു പ്രശ്‌നമല്ല. രാജ്യത്തിന്റെ സമ്പദ്ഘടന, രാഷ്ട്രീയ വ്യവസ്ഥ, രാഷ്ട്രസുരക്ഷ തുടങ്ങി എല്ലാ മേഖലകളെയും അസ്ഥിരീകരിക്കാന്‍ മതിയായ വിവരങ്ങളുടെ കലവറയാണ് അപായകരമാംവിധം തുറന്നിടപെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചോദ്യങ്ങളോടും ആശങ്കകളോടും തികഞ്ഞ അവഗണനയും പുച്ഛവുമാണ് ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളില്‍ നിന്നും പ്രകടമാവുന്നത്. ആധാര്‍ സംബന്ധിച്ച വിവരങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി അത് ആര്‍ക്കും ചോര്‍ത്താനാവില്ലെന്ന സത്യവാങ്മൂലമാണ് യുഐഎഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജയ് ഭൂഷണ്‍ പാണ്ഡെ കഴിഞ്ഞ വ്യാഴാഴ്ച സുപ്രിം കോടതിയില്‍ നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള സേവനകേന്ദ്രത്തില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോരുന്നതായി യു എസ് ആസ്ഥാനമായുള്ള ന്യൂസ് പോര്‍ട്ടല്‍ സെഡ് ഡി നെറ്റ് വെളിപ്പെടുത്തി. അതു നിഷേധിക്കാന്‍ തുനിയാത്ത കേന്ദ്രസര്‍ക്കാരടക്കുള്ള അധികൃതര്‍ അത് പുറത്തുകൊണ്ടുവന്ന വാര്‍ത്താ പോര്‍ട്ടലിനെതിരെ നിയമനടപടിയെന്ന ഉമ്മാക്കി പുറത്തെടുക്കുക മാത്രമാണുണ്ടായത്. ഇത് കേവലം വിവരങ്ങള്‍ ചോരുന്നതിന്റെ മാത്രം പ്രശ്‌നമല്ല. അത് തുറന്നുകാണിക്കുന്നത് ഇന്ത്യയുടെ പൊതു-സ്വകാര്യ വിവരസമുച്ചയത്തിന്റെ സുരക്ഷിതത്വത്തിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ്. സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശം മൗലികാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആധാര്‍ കേസില്‍ വാദിച്ചത് ഭരണകൂട സീപനത്തെയാണ് അനാവരണം ചെയ്യുന്നത്.

ഫേസ്ബുക്ക് അടക്കമുള്ള പുതുയുഗ മാധ്യമ കോര്‍പറേറ്റുകള്‍ പ്രതിനിധാനം ചെയ്യുന്നത് ഇരുപത്തിയൊന്നാം നുറ്റാണ്ടിലെ മുതലാളിത്തത്തെയാണ്. നിരുപദ്രവമെന്നു കരുതി നാം നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് മറിച്ചുവിറ്റാണ് അവര്‍ ലാഭം കൊയ്യുന്നത്. അതാണ് ആമസോണിന്റെ മേധാവി ജഫ് ബസോസിനെ മനുഷ്യചരിത്രത്തിലെ ആദ്യത്തെ ലക്ഷം കോടി ഡോളര്‍ ആസ്തിയുടെ ഉടമയാക്കി മാറ്റിയത്. ഇതിനെയാണ് നിരീക്ഷക മുതലാളിത്തം അഥവ സര്‍വേലന്‍സ് ക്യാപിറ്റലിസം എന്നു വിൡക്കുന്നത്. അധികാരത്തിന്റെ മറവില്‍ ആധാറിന്റെ പേരിലും ‘നമോ ആപ്’വഴിയും പൗരന്മാരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അറിഞ്ഞുകൊണ്ട് അത്തരക്കാര്‍ക്ക് നല്‍കുന്ന സര്‍ക്കാരുകള്‍ നിരീക്ഷക ഭരണകൂടങ്ങളാണ്. ജനതകളും രാഷ്ട്രീയ-പൗരസംഘടനകളും രാഷ്ട്രങ്ങള്‍തന്നെയും ഈ ഭീഷണി ഇനിയും അവഗണിച്ചുകൂട.

Related News