Saturday
18 Nov 2017

സൈനിക നേതൃത്വം രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാകാന്‍ ശ്രമം

By: Web Desk | Saturday 9 September 2017 1:55 AM IST

ല്ല ബന്ധമുണ്ടാകുന്നത് അയല്‍ക്കാരുടെ നന്മയെ മാത്രമല്ല, നമ്മുടെ നന്മയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. എല്ലാ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യയുടെ പൂര്‍വികര്‍ ശ്രദ്ധിച്ചിട്ടുള്ളത്. അതേസമയം രാജ്യത്തിന്റെ അതിര്‍ത്തിയും ഭൂപ്രദേശവും അകത്തും പുറത്തുമുള്ള സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറായിരുന്നുമില്ല. നമ്മുടെ രാജ്യവുമായി വടക്കും വടക്കു കിഴക്കും അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളാണ് പാകിസ്ഥാനും ചൈനയും. അവരുമായും ഇതേ നിലപാട് തന്നെയാണ് പിന്തുടര്‍ന്നു പോന്നിരുന്നത്. യുദ്ധം ആവശ്യമായി വന്നപ്പോള്‍ അതിനും നമ്മുടെ പൂര്‍വികര്‍ മടിച്ചിരുന്നില്ലെന്നത് ചരിത്രത്തിന്റെ ഭാഗവുമാണ്. എന്നാല്‍ അക്കാലത്തെല്ലാം രാഷ്ട്രീയ നേതൃത്വമാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമാണോ കാര്യങ്ങള്‍ എന്ന് സംശയിക്കാവുന്ന ചില സന്ദര്‍ഭങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്‌ലാമുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഭീകരവാദികളെ പരിശീലിപ്പിച്ച് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിന് പറഞ്ഞയക്കുന്ന ഭീകര പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിനകത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും അതിര്‍ത്തിയുമായി ബന്ധപ്പെട്ടും പാകിസ്ഥാനുമായും നമ്മുടെ രാജ്യത്തിന് നല്ല അയല്‍ബന്ധമല്ല ഉള്ളതെന്നത് വസ്തുതയാണ്.
ദോക്‌ലാമില്‍ റോഡ് നിര്‍മാണത്തിനായി ചൈന നടത്തിയ നീക്കമാണ് സമീപകാല തര്‍ക്കത്തിന് കാരണമായത്. ഇരുരാജ്യങ്ങളുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്ന സാഹചര്യവുമുണ്ടായി. നയതന്ത്രപരമായ നീക്കത്തിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നായിരുന്നു രാജ്യത്തിന്റെയാകെ താല്‍പര്യം. അതുകൊണ്ട് തന്നെ ഒരു യുദ്ധമെന്ന കരിനിഴല്‍ പരന്നുനിന്നുവെങ്കിലും കടുത്തതും നയതന്ത്രപരവുമായ നിലപാടിലൂടെ അത് ഒഴിവാക്കാന്‍ നമുക്ക് സാധിച്ചു.
ഒന്നരമാസത്തോളം നീണ്ടുനിന്ന സൈനിക അഭിമുഖീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തിയത്. ജൂണ്‍ 16ന് ആരംഭിച്ച അഭിമുഖീകരണം ഓഗസ്റ്റ് 28ന് വിദേശമന്ത്രാലയം നടത്തിയ ഇന്ത്യന്‍ സൈനിക പിന്മാറ്റ പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്.
ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പരം സഹകരണം ശക്തമാക്കാനും ദോക്‌ലാമില്‍ ഉണ്ടായ സൈനിക അഭിമുഖീകരണം ഒഴിവാക്കാന്‍ സുരക്ഷാ സേനകളുടെ സഹകരണം ഉറപ്പുവരുത്താനും തീരുമാനിച്ചത്. ഇക്കാര്യം വിദേശകാര്യ സെക്രട്ടറി തന്നെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പഞ്ചശീലതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം ഇരുവരും പങ്കുവച്ചതായി ചൈനയുടെ വിദേശകാര്യ വക്താവ് ജെങ്ങ് ഷുവാങും അറിയിച്ചിരുന്നു. ജനാധിപത്യത്തിനും നയതന്ത്രത്തിനും പ്രാമുഖ്യമുള്ള സംവിധാനത്തില്‍ ഇത്തരം രീതികളാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ സ്വീകരിക്കാറുള്ളത്. അതാണ് ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ചയിലേയ്ക്ക് നയിച്ചതും തീരുമാനത്തിലെത്തിച്ചതും.
എന്നാല്‍ ഈ ചര്‍ച്ചകളും അതിന്റെ വാര്‍ത്തകളും നിറഞ്ഞു നിന്ന അതേ ദിവസം തന്നെയാണ് ഇന്ത്യയിലെ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് വിഭിന്നവും നിലവിലുള്ള രീതികള്‍ക്ക് വിരുദ്ധവുമായ നിലപാട് പ്രഖ്യാപനങ്ങളുണ്ടായത്. അതാണ് സൈനിക നേതൃത്വം രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാകാന്‍ ശ്രമം നടക്കുന്നുവോ എന്ന സംശയത്തിന്റെ കാതല്‍.
പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗത്ത് നിന്നും ഒരുമിച്ചുള്ള അക്രമത്തെ എന്നും പ്രതീക്ഷിച്ചിരിക്കണമെന്ന് പ്രസ്താവിച്ചത് കരസേനാ മേധാവി ബിപിന്‍ റാവത്തായിരുന്നുവെങ്കില്‍ ഏത് സമയത്തും മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സന്നദ്ധമാണെന്ന മുന്നറിയിപ്പുമായാണ് കരസേന ഉത്തരമേഖലാ കമാന്‍ഡര്‍ ദേവരാജ് അന്‍ബു രംഗത്തെത്തിയത്.
ചൈനയുമായി ദോക്‌ലാമിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹൃതമായെന്നും സഹകരണത്തിന്റെ വഴി തുറക്കുകയാണെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട് പ്രഖ്യാപനമുണ്ടായതിന് പിറകേ കരസേനാ മേധാവികള്‍ അതിന് വിരുദ്ധമായ നിലപാട് പ്രഖ്യാപനം നടത്തിയത് ശരിയാണോയെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ചൈനയുമായി സമീപകാലത്തുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ട ശേഷവും പാകിസ്ഥാന്റെ കൂട്ടുപ്രതിയായി ചിത്രീകരിക്കുകയും യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കരസേനയിലെ ഉന്നതരുടെ നടപടി ജനാധിപത്യത്തിന് നിരക്കുന്നതും നയതന്ത്രപരവുമാണോയെന്ന പരിശോധന അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.
ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നതിനാല്‍ അസാധാരണമായ ഇത്തരം സമീപനങ്ങള്‍ എത്ര ഉന്നതരില്‍ നിന്നായാലും ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും കേന്ദ്ര ഭരണാധികാരികളില്‍ നിന്നുണ്ടാകണം.