Saturday
26 May 2018

ഹാര്‍വിയും ഇര്‍മയും മനുഷ്യവികാസത്തിന്റെ മുന്‍ഗണനകളും

By: Web Desk | Tuesday 12 September 2017 1:52 AM IST

റ്റ്‌ലാന്റിക് ചുഴലി കൊടുങ്കാറ്റുകളായ ഹാര്‍വിയും ഇര്‍മയും കിഴക്കന്‍ കരീബിയന്‍ ദ്വീപുകളിലും പുര്‍ട്ടോറിക്കോ, ക്യൂബ തുടങ്ങിയ ദ്വീപുരാഷ്ട്രങ്ങളിലും യു എസ് സംസ്ഥാനങ്ങളായ ടെക്‌സാസ്, ഫ്‌ളോറിഡ എന്നിവിടങ്ങളിലും ജീവനാശമടക്കം കനത്ത നാശനഷ്ടങ്ങളുമാണ് വരുത്തിവച്ചത്. ഹാര്‍വിയുടെ താണ്ഡവത്തില്‍ ഹൂസ്റ്റണില്‍ മാത്രം 71 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം പേരാണ് തെരുവാധാരമായത്. ഇര്‍മ ഇതെഴുതുമ്പോഴും ഫ്‌ളോറിഡയില്‍ നാശംവിതച്ചുകൊണ്ടേയിരിക്കുകയാണ്. അറ്റ്‌ലാന്റിക് ചുഴലികളില്‍ ചരിത്രത്തിലേറ്റവും കരുത്തുറ്റതായി വിലയിരുത്തപ്പെടുന്ന ഇര്‍മ മനുഷ്യജീവനടക്കം സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ ഇനിയും കണക്കാക്കപ്പെടേണ്ടിയിരിക്കുന്നു. പൂര്‍വ കരീബിയന്‍ ദ്വീപുകളില്‍ നാശംവിതച്ച ഇര്‍മ ബര്‍ബൂഡ ഏതാണ്ട് പൂര്‍ണമായും വാസയോഗ്യമല്ലാതാക്കി മാറ്റി. ഇരു ചുഴലിക്കാറ്റുകളും വിതച്ച നാശത്തില്‍ നിന്നും അത് കടന്നുപോയ മേഖലകളെ പൂര്‍വസ്ഥിതിയില്‍ തിരികെ കൊണ്ടുവരാന്‍ അഭൂതപൂര്‍വമായ നിക്ഷേപവും അളവറ്റ അധ്വാനവും അനേക വര്‍ഷങ്ങളും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 1990 കളില്‍ ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചേക്കാവുന്ന പ്രകൃതിക്ഷോഭമെന്ന് ഈ ചുഴലികൊടുങ്കാറ്റുകളെ വിലയിരുത്താമായിരുന്നുവെങ്കില്‍ ഇന്ന് അത് പതിനഞ്ചു വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചേക്കാവുന്ന ഭീകര പ്രതിഭാസമായി മാറിയിരിക്കുന്നുവെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ചുഴലിക്കൊടുങ്കാറ്റുകള്‍ അസാധാരണമോ അപൂര്‍വമോ അല്ല. എന്നാല്‍ ഭൂഗോളത്തെയാകെ തുറിച്ചുനോക്കുന്ന കാലാവസ്ഥാ വ്യതിയാനം അതിന്റെ നശീകരണ ശക്തി ഭയാനകമാക്കി മാറ്റിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷോഷ്മാവിലുള്ള വര്‍ധന, സമുദ്രവിതാനത്തിന്റെ ഉയരല്‍, സമുദ്രാടിത്തട്ടിലെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഊഷ്മാവ് എന്നിവയെല്ലാം പതിവു പ്രകൃതിപ്രതിഭാസത്തെ മാരകമാക്കി മാറ്റിയിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ യാഥാസ്ഥിതിക ഭരണകൂടവും ആവര്‍ത്തിച്ചു നിഷേധിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെയാണ് പ്രകൃതി വാശിപൂര്‍വം സ്ഥാപിച്ച് ഉറപ്പിക്കാന്‍ മുതിര്‍ന്നിരിക്കുന്നത്.
ഹാര്‍വിക്കും ഇര്‍മയ്ക്കും പിന്നാലെ അറ്റ്‌ലാന്റിക്കില്‍ ഹൊസെ ചുഴലി കരുത്താര്‍ജിക്കുമെന്ന വാര്‍ത്ത കനത്ത ആശങ്കയോടെയാണ് ജനങ്ങളും ഭരണകൂടങ്ങളും കാത്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമടക്കം മനുഷ്യനിര്‍മിത പ്രകൃതി പ്രതിഭാസങ്ങളെ നിരാകരിക്കുന്ന നിലപാടുകളില്‍ നിന്നും മാറി ചിന്തിക്കാന്‍ ഈ ദുരന്തങ്ങള്‍ ട്രംപ് അടക്കം രാഷ്ട്ര നേതൃത്വങ്ങള്‍ക്ക് പ്രേരകമാവുമെന്ന് ലോകമെമ്പാടും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും തടയിടാനും നിയന്ത്രിക്കാനും മനുഷ്യരാശി നടത്തുന്ന ശ്രമങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയാനും ക്രിയാത്മകമായി പ്രതികരിക്കാനും ട്രംപ് അടക്കം ഭരണകൂട നേതൃത്വങ്ങള്‍ തയാറാവണം. പ്രകൃതിയേയും പരിസ്ഥിതിയേയും ജൈവവൈവിധ്യത്തേയും കൊള്ളലാഭത്തിനുള്ള ഉപാധികളും ഉപകരണങ്ങളുമായി കാണുന്ന മൂലധന യുക്തിക്ക് വിടനല്‍കി യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കാന്‍ മനുഷ്യരാശിയെ നിര്‍ബന്ധിതമാക്കുന്ന പ്രകൃതിദുരന്തങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇത് അനേകായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറം ടെക്‌സാസിന്റെയോ ഫ്‌ളോറിഡയുടെയോ മാത്രം പ്രശ്‌നമല്ല. മുംബൈയും കൊച്ചിയും ചെന്നൈയും ലോകമെമ്പാടും മനുഷ്യനും ജൈവവൈവിധ്യമാകെയും നേരിടുന്ന വിപത്തുകളെപ്പറ്റിയുള്ള മുന്നറിയിപ്പാണ്.
പ്രകൃതിയേയും പരിസ്ഥിതിയേയും ജൈവവൈവിധ്യത്തേയും പരിരക്ഷിച്ചും പരിപോഷിപ്പിച്ചും നിലനിര്‍ത്തുന്നതിനൊപ്പം മനുഷ്യസാധ്യമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടണമെന്ന മുന്നറിയിപ്പുകൂടിയാണ് ഈ ദുരന്തങ്ങള്‍ നല്‍കുന്നത്. വന്‍ നാശങ്ങള്‍ക്ക് ഇരയായ ഹൂസ്റ്റണില്‍ ഇരുപത്തിനാല് മണിക്കൂറില്‍ പെയ്തിറങ്ങുന്ന പതിനാല്, പതിനഞ്ച് ഇഞ്ച് പ്രളയജലത്തെ ഒഴുക്കിക്കളയാനുള്ള ബഹിര്‍ഗമന സംവിധാനം മാത്രമാണ് ആ നഗരത്തില്‍ ഉണ്ടായിരുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക-വാണിജ്യ തലസ്ഥാനമായ മുംബൈ നഗരത്തിലും പ്രളയജല നിര്‍ഗമനമടക്കം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാം ദര്‍ശിച്ചത്. അസന്തുലിത വികസനത്തിന്റെ ഫലമായി നഗരങ്ങളില്‍ ഈയാംപാറ്റകളെപ്പോലെ വന്നടിയുന്ന ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ജനജീവിതം സുരക്ഷിതമാക്കുന്നതില്‍ സര്‍ക്കാരുകളുടെ അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഹൂസ്റ്റണും മിയാമിയും മുംബൈയും ചെന്നൈയുമൊക്കെ കാഴ്ചവയ്ക്കുന്നത്. മനുഷ്യ ജീവന് പുല്ലുവില കല്‍പിക്കാത്ത, കൊള്ളലാഭത്തെ മറ്റെല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിക്കുന്ന, പ്രത്യയശാസ്ത്രങ്ങളും ധനതത്വങ്ങളും രാഷ്ട്രീയ മുന്‍ഗണനകളുമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. മുംബൈയും ചെന്നൈയും ടെക്‌സാസും ഫ്‌ളോറിഡയും നല്‍കുന്നത് കനത്ത മുന്നറിയിപ്പുകളാണ്. ഭരണകൂടങ്ങള്‍ തങ്ങളുടെ മുന്‍ഗണനകള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പുതുക്കി നിശ്ചയിക്കാന്‍ തയാറാവണം. ജനകീയ ശക്തി അതിന് അവര്‍ക്ക് പ്രേരകമാകുംവിധം തിരിച്ചുവിടാന്‍ രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങള്‍ തങ്ങളുടെ പ്രവൃത്തിപഥങ്ങള്‍ പുനഃക്രമീകരിക്കാന്‍ ഒട്ടും വൈകിക്കൂട.

Related News