Saturday
26 May 2018

ജനപ്രതിനിധികളുടെ അനധികൃത സ്വത്തുസമ്പാദനമെന്ന ദുരവസ്ഥ

By: Web Desk | Wednesday 13 September 2017 1:17 AM IST

ഴിമതിയും അനധികൃത സ്വത്തുസമ്പാദനവും കുറ്റകൃത്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായി മാറിയിരിക്കുന്നു. അത്തരം അധാര്‍മികതകളില്‍ വിഹരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ലെന്ന് സാമാന്യജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം ചിന്തിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി പ്രൊഫഷണലുകള്‍ക്കും കടന്നുചെല്ലാന്‍ എളുപ്പമല്ലാത്ത വേദികളായി പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഈ ദുരവസ്ഥയെ സാധൂകരിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) 98 എംഎല്‍എമാരും ഏഴ് ലോക്‌സഭാംഗങ്ങളും പ്രഖ്യാപിത സ്രോതസുകളില്‍ നിന്നും ലഭ്യമാകുന്നതിനെക്കാള്‍ അഞ്ഞൂറ് ശതമാനം വരെ അധികസമ്പത്ത് ആര്‍ജിച്ചതിന് തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് തിങ്കളാഴ്ച സുപ്രിം കോടതിയെ അറിയിച്ചിരുന്നു. അത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് എന്താണ് തടസമെന്നും കോടതി തുടര്‍ന്ന് ആരാഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പടക്കം രാഷ്ട്രീയ രംഗത്ത് കുറ്റകൃത്യങ്ങളും പണക്കൊഴുപ്പും പുലര്‍ത്തുന്ന ആധിപത്യത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് യാതൊരു പുതുമയും ഇല്ലെന്നതാണ് വസ്തുത. അത്തരം അധാര്‍മികവും നിയമവിരുദ്ധവുമായ പ്രവണതകള്‍ക്കെതിരെ നിയമനിര്‍മാണമടക്കം നടപടി വേണമെന്ന ആവശ്യത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു പുതുമയുമില്ല. ആ ദിശയില്‍ പാര്‍ലമെന്റിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഗവണ്‍മെന്റിന്റെയും പരിഗണനയ്ക്കായ് വന്ന റിപ്പോര്‍ട്ടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും യാതൊരു അനുകൂല പ്രതികരണവും സൃഷ്ടിക്കാനായിട്ടില്ലെന്നതാണ് വസ്തുത. മാത്രമല്ല അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതും അധാര്‍മികതകളെ സംരക്ഷിക്കുന്നതുമായ സമീപനങ്ങളും നടപടികളുമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ വമ്പന്‍ കോര്‍പ്പറേറ്റ് സംഭാവനകളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തിക്കൊണ്ടും എല്ലാ പരിധികളും നിയന്ത്രണങ്ങളും അസാധുവാക്കിക്കൊണ്ടും 2017 മാര്‍ച്ചില്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്ത ഫൈനാന്‍സ് ബില്‍.
ഒരു ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യം എന്ന നിലയില്‍ പാര്‍ലമെന്റ്, നിയമസഭാംഗങ്ങളെ എല്ലാ അര്‍ഥത്തിലും നിയന്ത്രിച്ച് നിലയ്ക്ക് നിര്‍ത്താനുള്ള അവകാശാധികാരങ്ങള്‍ അവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിക്ഷിപ്തമാണ്. അത്തരം രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ക്ക് ആരോടും ഉത്തരം നല്‍കേണ്ടന്നതും അത് നല്‍കുന്നവര്‍ക്ക് അക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ നിയമസാധുത നല്‍കുന്നതും അഴിമതിക്കുള്ള ഭരണകൂട സംരക്ഷണമല്ലെങ്കില്‍ മറ്റെന്താണ്? പാര്‍ലമെന്റിലും നിയമസഭകളിലും ഭൂരിപക്ഷം ലഭിക്കാത്ത പാര്‍ട്ടി പ്രതിനിധികള്‍ക്ക് പണം നല്‍കിയും അധികാരത്തിന്റെ പ്രലോഭനം നല്‍കിയും ഭൂരിപക്ഷം ഉറപ്പാക്കാനാവുമെന്ന് ഗോവ, മണിപ്പൂര്‍ ഗവണ്‍മെന്റ് രൂപീകരണത്തില്‍ രാജ്യം ഭരിക്കുന്ന ബിജെപിയും നരേന്ദ്രമോഡി സര്‍ക്കാരും കാട്ടിത്തന്നത് സമീപകാലത്താണ്. അത്തരം ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയ നാടകങ്ങള്‍ക്കു മുന്നില്‍ ഭരണഘടനയും നീതിപീഠങ്ങളും നോക്കുകുത്തികളായി മാറുന്നു. അനേ്വഷണ ഏജന്‍സികള്‍ കേവലം കൂട്ടിലടച്ച തത്തകളാണെന്ന് വിലപിച്ചതും പരമോന്നത കോടതി തന്നെയാണ്.
പതിനാറാം ലോക്‌സഭയിലെ പുതിയ അംഗങ്ങളില്‍ 34 ശതമാനം പേര്‍ ക്രിമിനല്‍ കുറ്റാരോപിതരാണ്. 82 ശതമാനം പേര്‍ കോടീശ്വരന്മാരാണ്. കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ ശരാശരി സമ്പത്ത് 16 കോടിയും ബിജെപിയുടേത് 11 കോടിയുമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. കുറ്റാരോപിതരുടെയും അതിസമ്പന്നരുടെയും എണ്ണം ഓരോ തെരഞ്ഞെടുപ്പും കഴിയുമ്പോള്‍ ഉയരുകയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതാണ് അവസ്ഥയെങ്കില്‍ അധികാരവും പ്രതേ്യക അവകാശവും ഫലപ്രദമായി പ്രയോജനപ്പെടുത്തി അനധികൃതമായി കൂടുതല്‍ സമ്പത്താര്‍ജിക്കാന്‍ ജനപ്രതിനിധികളില്‍ ഒരുപറ്റമെങ്കിലും തയാറാവില്ലെന്ന് ആര്‍ക്കാണ് വിശ്വസിക്കാനാവുക. ‘ലോക് പ്രഹരി’ എന്ന സര്‍ക്കാരിതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിസിടി നടത്തുന്ന അനേ്വഷണവും സുപ്രിംകോടതിയുടെ ഇടപെടലും സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ അവയ്ക്ക് അഭിലഷണീയമായ എന്തെങ്കിലും മാറ്റം സൃഷ്ടിക്കാന്‍ കഴിയുമോ എന്നത് സംശയകരമാണ്. തെരഞ്ഞെടുപ്പ് നിയമങ്ങളിലും ജനപ്രാതിനിധ്യ നിയമത്തിലും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മൗലികവും വിപ്ലവകരവുമായ മാറ്റങ്ങള്‍ ഉറപ്പുവരുത്താതെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് അടിസ്ഥാനപരമായ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയില്ല. അത്തരമൊരു മാറ്റത്തിനുതകുന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ സുപ്രിംകോടതിക്ക് പോലും ഭരണഘടനാപരമായ പരിമിതികള്‍ കണ്ടേക്കാം. ഇപ്പോഴത്തെ പരാതിയില്‍ അനേ്വഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സുപ്രിംകോടതി ഇടപെടല്‍ വഴി കഴിഞ്ഞേക്കും. എന്നാല്‍ മൗലികമായ മാറ്റത്തിന് ജനകീയ ഇഛാശക്തിക്ക് പകരം മറ്റൊന്നുമില്ല.

Related News