Thursday
18 Oct 2018

പ്രതീക്ഷയുണര്‍ത്തുന്ന ജലശ്രീ പദ്ധതി

By: Web Desk | Wednesday 27 September 2017 1:48 AM IST

തിരുവനന്തപുരം ജില്ലയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാന്‍ ഉതകുന്ന ഒരു ബൃഹത്ത് പദ്ധതി സെപ്റ്റംബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കുന്നു. തലസ്ഥാന നഗരത്തിന് പുറത്തുള്ള ജലസ്രോതസുകള്‍ വൃത്തിയാക്കി സംരക്ഷിക്കുന്നതിനും നാല് ലക്ഷം കിണറുകള്‍ ശുചീകരിച്ച് മഴവെള്ളക്കൊയ്ത്തിലൂടെ സമൃദ്ധമാക്കുന്നതും ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളടക്കം തദ്ദേശഭരണകൂടങ്ങളുടെയും വിവിധ പദ്ധതികളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തന സമന്വയത്തിലൂടെ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. തദ്ദേശഭരണകൂടങ്ങളുടെ പ്ലാന്‍ഫണ്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി (എംഎന്‍ആര്‍ഇജിഎസ്), മണ്ണ്-ജലസംരക്ഷണ വകുപ്പ് എന്നിവകളില്‍ നിന്നും 200 കോടി രൂപ ചെലവ് ചെയ്തായിരിക്കും പദ്ധതി നടപ്പാക്കുക. ജനജീവിതത്തിന് അതിപ്രധാനമായ ഒരാവശ്യത്തിന് പരിഹാരം കാണാന്‍ നടത്തുന്ന ഭാവനാപൂര്‍ണമായ പദ്ധതി എന്ന നിലയില്‍ തികച്ചും ശ്ലാഘനീയമായ ഒരു മുന്‍കൈയാണ് ബന്ധപ്പെട്ട ഭരണനേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തുള്ള നാല് ലക്ഷം കിണറുകളില്‍ രണ്ട് ലക്ഷം സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളുടേതാണ്. അവര്‍ സ്വന്തം ചെലവിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ നിന്നും 8000 രൂപ വീതം ചെലവിട്ടും പദ്ധതി സാക്ഷാല്‍ക്കരിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്. കാര്യക്ഷമമായി നടപ്പാക്കാനായാല്‍ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് വലിയൊരളവുവരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ പദ്ധതി സഹായകമാവുമെന്നാണ് കരുതേണ്ടത്. കേരളത്തില്‍ ഇതിനകം വലിയൊരളവ് വിജയകരമായി നടപ്പാക്കിയ തൃശൂര്‍, മലപ്പുറം ജില്ലയിലെ ‘മഴപ്പൊലിമ’ പദ്ധതിയുടെ അനുഭവം തിരുവനന്തപുരം ജില്ലയിലെ ‘ജലശ്രീ’ പദ്ധതിക്ക് മാതൃകയും പ്രചോദനവുമാകും.
ഇടവപ്പാതിയും തുലാവര്‍ഷവുമടക്കം കാലവര്‍ഷംകൊണ്ടും നാല്‍പത്തിനാല് നദികളും തോടുകളും കുളങ്ങളും ലക്ഷക്കണക്കിന് കിണറുകളും തടാകങ്ങളുംകൊണ്ട് ജലസമൃദ്ധമാണ് കേരളം എന്ന് ഊറ്റംകൊണ്ടിരുന്നവരാണ് കേരളീയര്‍. ഇന്ന് അതിന് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ജലസ്രോതസുകള്‍ വ്യാപകമായി മലിനീകരിക്കപ്പെടുകയും പലതും വറ്റിവരണ്ട് മരണവക്ത്രത്തിലാവുകയും ചെയ്തിരിക്കുന്നു. വേനല്‍ക്കാലത്തേയും വരള്‍ച്ചയേയും ഉല്‍ക്കണ്ഠയോടെയും ഭീതിയോടെയും നോക്കിക്കാണാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. ജലസ്രോതസുകളോടുള്ള കടുത്ത അവഗണനയും കരുതലില്ലായ്മയുമാണ് ഓരോ വേനലിലും നമ്മെ കാത്തുനില്‍ക്കുന്ന ജലപ്രതിസന്ധിയുടെ കാരണം. അതിന് ബോധപൂര്‍വം മാറ്റം വരുത്തി അവയെ സംരക്ഷിച്ച് സമ്പന്നമാക്കി നിലനിര്‍ത്തിയാല്‍ മാത്രമേ കേരളത്തിന് അതിന്റെ അടിസ്ഥാന ജലആവശ്യകത നിറവേറ്റാനാവു എന്നതാണ് അവസ്ഥ. അതിന് ഒറ്റപ്പെട്ട പല ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളി സ്വന്തമായ ഒരു ജലസംസ്‌കാരം രൂപപ്പെടുത്താന്‍ സമയം അതിക്രമിച്ചിരിക്കുന്നു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ആരംഭിച്ച ‘മഴപ്പൊലിമ’യുടെ ഇന്നത്തെ ദുരവസ്ഥ ഇക്കാര്യത്തില്‍ നാം അവലംബിക്കുന്ന അലംഭാവത്തിനും ഉത്തരവാദിത്വരാഹിത്യത്തിനും ഉത്തമോദാഹാരണമാണ്. ആവശ്യമായ ഫണ്ടുകളുടെ അഭാവവും ഔദേ്യാഗികതലത്തിലെ അലംഭാവവും ഭാവനാപൂര്‍ണമായ ഒരു പദ്ധതിയുടെ മരണമണിയാണ് മുഴക്കുന്നത്. ‘മഴപ്പൊലിമ’ പദ്ധതിയുടെ ഏകോപന ചുമതല നിര്‍വഹിക്കുന്ന ഏജന്‍സി തന്നെ അവിടെ ഊര്‍ദ്ധശ്വാസം വലിക്കുന്ന അവസ്ഥയാണുള്ളത്. മുപ്പതിനായിരത്തില്‍പരം കിണറുകളെ ഇതിനകം ജലസമൃദ്ധമാക്കിയ പദ്ധതിയാണ് അവിടെ മരണം കാത്തുകിടക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആറ് മുന്‍ഗണനാ മേഖലകളിലായി നാല് ദൗത്യ നിര്‍വഹണത്തിലൂടെ നവകേരള കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അവയില്‍ ജലസ്രോതസുകളുടെ സുസ്ഥിര വികസനത്തിലൂടെ ഹരിത കേരള മിഷനും നാം ലക്ഷ്യം വയ്ക്കുന്നു. ഗവണ്‍മെന്റിന്റെ ഈ ലക്ഷ്യപ്രഖ്യാപനം സുസാധ്യമാവണമെങ്കില്‍ ജലസ്രോതസുകളുടെ സംരക്ഷണത്തിന് മറ്റെന്തിനെക്കാളും ഊന്നല്‍ നല്‍കിയേ മതിയാവൂ. നിര്‍മാണാവശ്യത്തിന് മണല്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതുപോലെ കുടിവെള്ളത്തിന്റെയും ജലസേചനത്തിന്റെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതര സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ അവസരം സൃഷ്ടിക്കാതെ ജലസ്രോതസുകളെ സംരക്ഷിച്ചു നിലനിര്‍ത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ സമൂഹം ഒന്നാകെ സന്നദ്ധമാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇതരജില്ലകള്‍ക്ക് മാതൃകയാകുംവിധം തിരുവനന്തപുരം ജില്ലയിലെ ജലശ്രീപദ്ധതി വിജയിപ്പിക്കാന്‍ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. വന്‍ ജനപങ്കാളിത്തം ആവശ്യമുള്ള പദ്ധതിയെന്ന നിലയില്‍ അതിന്റെ വിജയത്തിന് സ്‌കൂള്‍ കുട്ടികളടക്കം മുഴുവന്‍ സാമൂഹ്യശക്തികളെയും കെട്ടഴിച്ചുവിടുന്ന ജനകീയ പദ്ധതിയായി ജലശ്രീയെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം.