Friday
19 Jan 2018

ബിഎച്ച്‌യു: സര്‍വകലാശാലകളെ കലുഷിതമാക്കുന്നത് എന്ത്?

By: Web Desk | Friday 29 September 2017 1:18 AM IST

ലുഷിതമായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ അന്തരീക്ഷത്തില്‍ അയവു വരുത്താനുള്ള താല്‍ക്കാലിക അടവുകള്‍ക്കാണ് കേന്ദ്രസര്‍ക്കാരും മനുഷ്യ വിഭവശേഷി വികസന മന്ത്രാലയവും ശ്രമിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കടുത്ത വിവേചനവും കലാപഭൂമിയാക്കിയ ബിഎച്ച്‌യുവില്‍ ഒരു വനിതാ പ്രൊഫസറായ റൊയാന സിങ്ങിനെ പ്രോക്ടറായി നിയമിച്ച് പ്രശ്‌നം ലഘൂകരിക്കാനാണ് ഭരണകൂട നീക്കം. അതിക്രമങ്ങളില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളെ തല്ലിപ്പരിക്കേല്‍പിച്ചതിന് ഉത്തരവാദികളാണെന്ന് ആരോപിതരായ ഏതാനും പൊലീസ് ഓഫീസറന്മാരടക്കം ഉദേ്യാഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റൊയാന സിങ്ങിന്റെ മുന്‍ഗാമിയായിരുന്ന പ്രോക്ടര്‍ ഒ എന്‍ സിങ്ങ് പ്രശ്‌നത്തിന്റെ ധാര്‍മികഉത്തരവാദിത്വം ഏറ്റെടുത്ത് തല്‍സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍ സിങിനെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ബലിയാടാക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ബിഎച്ച്‌യു വൈസ് ചാന്‍സിലര്‍ ജി സി ത്രിപാഠിയെ പദവിയില്‍ നിന്ന് നീക്കം ചെയ്‌തേക്കുമെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അത് തല്‍ക്കാലം ഉണ്ടാവില്ലെന്നാണ് ഒടുവിലത്തെ സൂചന. ത്രിപാഠിയുടെ കാലാവധി നവംബറില്‍ അവസാനിക്കുമെന്നതിനാല്‍ പകരം പുതിയ ആളെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കാനാണ് ഇപ്പോഴത്തെ നീക്കം. ബിഎച്ച്‌യു കാമ്പസ് പെണ്‍കുട്ടികള്‍ക്ക് ‘സ്വന്തം ഭവനം പോലെ’ സുരക്ഷിതമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ വാഗ്ദാനം. കാമ്പസില്‍ സ്ത്രീകളടക്കം സുരക്ഷാഗാര്‍ഡുകളെ നിയോഗിക്കുക, വ്യാപകമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ കരുതല്‍ നടപടികള്‍ ഉടന്‍ നടപ്പാക്കുമത്രെ. എന്നാല്‍, യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പെണ്‍കുട്ടികളടക്കം വിദ്യാര്‍ഥികളുടെ മേല്‍ അച്ചടക്കവും കര്‍ക്കശ മേല്‍നോട്ട സംവിധാനവും അടിച്ചേല്‍പ്പിക്കാനേ ഇപ്പോഴത്തെ കരുതല്‍ നടപടികള്‍ സഹായകമാവു എന്ന് വലിയൊരു വിഭാഗം വിദ്യാര്‍ഥികളും ഉല്‍പതിഷ്ണുക്കളായ പൊതുസമൂഹവും കരുതുന്നു.
ബിഎച്ച്‌യുവിലെ അനിഷ്ട സംഭവങ്ങളുടെ പ്രഭവകേന്ദ്രം കേവലം പെണ്‍കുട്ടികളുടെ സുരക്ഷയുടേതു മാത്രമാെണന്നു വരുത്തിതീര്‍ക്കാനാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും സര്‍വകലാശാലാ മേലധികാരികളും ശ്രമിക്കുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ട ഒന്നല്ല. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളെ കഴിഞ്ഞ ഏതാനും കാലമായി അസ്വസ്ഥമാക്കിയതും പലതിലും നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതുമായ പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ അഭിമുഖീകരിക്കാനും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ അവയ്ക്ക് പരിഹാരം കാണാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും സന്നദ്ധമായിട്ടില്ല. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചന, പീഡന പ്രവണതകളില്‍ നിന്നും വേറിട്ട അന്തരീക്ഷമല്ല നമ്മുടെ കാമ്പസുകളില്‍ നിലനില്‍ക്കുന്നത്. പുത്തന്‍ തലമുറയുടെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ അച്ചടക്കത്തിന്റെയും തീവ്രദേശീയതയുടെയും ഫാസിസ്റ്റ് റജിമെന്റേഷന്റെയും ഭീഷണിയില്‍ ഒതുക്കിനിര്‍ത്താനാണ് ഭരണകൂടവും യാഥാസ്ഥിതിക അക്കാദമിക നേതൃത്വവും ശ്രമിക്കുന്നത്. അസഹ്യമായ അസ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷമാണ് കാമ്പസുകളെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. അത്തരം ഭരണകൂട, കാര്‍ക്കശ്യ അക്കാദമിക സമീപനങ്ങള്‍ക്കു പകരം സ്വാതന്ത്ര്യത്തിന്റെയും അറിവിന്റെയും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയുടെയും പ്രകാശമാനവും വായുസഞ്ചാരവുമുള്ള കാമ്പസുകളാക്കി മാറ്റുകയാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കുള്ള പ്രതിവിധി.
ബനാറസടക്കം രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെല്ലാം തന്നെ വിദ്യാഭ്യാസ വിരുദ്ധവും വിവേചനപരവും നീതിരഹിതവുമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് ബിരുദധാരികളെ സൃഷ്ടിക്കുന്ന ഫാക്ടറികളായി തരംതാണിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ മഹനീയ മാനവിക ലക്ഷ്യങ്ങളെ നിരാകരിക്കുന്ന അന്തരീക്ഷമാണ് അവിടങ്ങളില്‍ പലതിലുമുള്ളത്. 24 ഃ 7 വ്യവസ്ഥയില്‍ ലൈബ്രറികള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഭൂരിപക്ഷം സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ക്ക് നിഷിദ്ധമാണ്. കേന്ദ്രസര്‍വകലാശാലകളടക്കം കാമ്പസുകള്‍ ലിംഗ സൗഹൃദപരമാക്കി മാറ്റി ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിനുപകരം മഹാഭൂരിപക്ഷം സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ക്ക് പ്രഖ്യാപിതമോ പരോക്ഷമോ ആയ രാത്രികര്‍ഫ്യൂ നിലനില്‍ക്കുന്നു. അതിക്രമങ്ങള്‍ തടയുന്നതിനൊ അവയെപ്പറ്റി പരാതിപ്പെടാന്‍ കാര്യക്ഷമമായ സംവിധാനങ്ങളൊ അവിടങ്ങളില്‍ ഇല്ലെന്നുതന്നെ പറയാം. അനിഷ്ട സംഭവങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ ഇരകളും അവരുടെ രക്ഷിതാക്കളും പീഡിപ്പിക്കപ്പെടുന്നത് കാമ്പസുകളില്‍ പതിവായിരിക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ മൗലികവാദശക്തികളുടെ സദാചാര മേല്‍നോട്ടത്തില്‍ ഭയപ്പാടോടെ ജീവിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാണ്. ഈ മടുപ്പിക്കുന്ന അന്തരീക്ഷം മാറ്റിയെടുക്കാതെ നടത്തുന്ന ഏത് പരിഷ്‌കാരവും അര്‍ഥശൂന്യങ്ങളാണ്. അവ വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും കണ്ണില്‍ പൊടിയിടാനുള്ള യാഥാസ്ഥിതിക ശക്തികളുടെ കുതന്ത്രം മാത്രമായി അവശേഷിക്കും.