Saturday
15 Dec 2018

നോട്ടുനിരോധനത്തിന്റെ വാര്‍ഷികം

By: Web Desk | Sunday 5 November 2017 1:00 AM IST

നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷികം ഈ നവംബര്‍ എട്ടിന് ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതേ്യകം പ്രതേ്യകമായി ആചരിക്കുകയാണ്. നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു. സാധാരണക്കാര്‍ മാത്രമല്ല, ഇടത്തരക്കാര്‍, കച്ചവടക്കാര്‍, സംരംഭകര്‍ എന്നിവരൊക്കെതന്നെ ഈ നടപടിയുടെ കഷ്ടപ്പാടുകള്‍ ഏറെ നേരിട്ടവരാണ്. തിടുക്കത്തില്‍ നടപ്പാക്കിയ ചരക്ക് സേവന നികുതി, പ്രതിസന്ധി കൂടുതല്‍ വഷളാക്കി. കള്ളപ്പണം, കള്ളനോട്ടുകള്‍, ഭീകരവാദത്തിനുള്ള ധനസഹായം എന്നിവയൊക്കെ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം 2016 നവംബര്‍ എട്ടിന് മോഡി പ്രഖ്യാപിച്ചത്. മിന്നലാക്രമണമെന്ന് നേരത്തെ വിശേഷിപ്പിച്ച ബിജെപി അനുഭാവികള്‍ പോലും ഇപ്പോള്‍ നോട്ട് പിന്‍വലിച്ചത് മോഡിയുടെ ബുദ്ധിശൂന്യമായ നടപടിയെന്ന് സമ്മതിക്കുന്നു. നോട്ടുകള്‍ പിന്‍വലിച്ച നടപടി ലക്ഷ്യത്തില്‍ എത്തുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. മാത്രമല്ല വിപരീത ഫലം മാത്രമാണ് ഉളവാക്കിയത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ട് പ്രതിഷേധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കള്ളപ്പണത്തിനെതിരെയുള്ള വിജയദിവസമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാര്യത്തില്‍ എല്ലാ ബിജെപി നേതാക്കളും അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. ബിജെപിയുടെതന്നെ നേതാക്കളും അനുഭാവികളും പൂഴ്ത്തിവച്ചിരുന്ന കള്ളപ്പണം വെളുപ്പിക്കാനായിരുന്നു നോട്ട് പിന്‍വലിക്കല്‍ എന്ന തന്ത്രമെന്നാണ് വ്യക്തമായത്. ആകെയുള്ള പതിനഞ്ച് ലക്ഷം കോടിയുടെ പിന്‍വലിച്ച നോട്ടുകളില്‍ 12 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തിയെന്നാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകരും കേന്ദ്ര സര്‍ക്കാരും അവകാശപ്പെട്ടത്. ബാക്കിയുള്ള പണം കള്ളപ്പണമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ആകെ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളില്‍ 15.28 ലക്ഷം കോടി, അതായത് പിന്‍വലിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ എത്തിയെന്ന് കഴിഞ്ഞ മാസം 30ന് പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെ പ്രചാരത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയില്‍ 16,050 കോടി രൂപ ബാങ്കുകളില്‍ എത്തിയില്ലെന്ന് ഈ വര്‍ഷം ജൂണ്‍ 30 ന് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ബിഐ തന്നെ പറയുന്നു. യഥാര്‍ഥ കാരണങ്ങള്‍കൊണ്ടുതന്നെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത പഴയ നോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള ഒരവസരം കൂടി നല്‍കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. അങ്ങനെയാണെങ്കില്‍ എല്ലാ നോട്ടുകളും ബാങ്കുകളില്‍ എത്തിയേനെ. കൂടാതെ തങ്ങളുടെ അനുഭാവികള്‍ക്ക് കള്ളപ്പണം മാറാനുള്ള ഒരവസരം കൂടി ലഭ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍ ഇതിനെ ഉപയോഗപ്പെടുത്തുമായിരുന്നു. ബിജെപി നേതാക്കളുടെയും അനുഭാവികളുടെയും മൂന്ന് ലക്ഷം കോടിയുടെ കള്ളപ്പണം വെളുപ്പിക്കുമായിരുന്നു. ഈ സാഹചര്യത്തില്‍ നവംബര്‍ എട്ട് ആഘോഷിക്കാനുള്ള ബിജെപിയുടെ തീരുമാനത്തില്‍ തെറ്റില്ല. ബിജെപി മാത്രമാണ് നോട്ടുകള്‍ പിന്‍വലിച്ച നടപടിയിലൂടെ നേട്ടമുണ്ടാക്കിയത്.
കള്ളപ്പണം നിയന്ത്രിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മോഡി നോട്ടുകള്‍ പിന്‍വലിച്ച നടപടി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ എത്രമാത്രം നോട്ടുകള്‍ കണ്ടെത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. 500 രൂപയുടെ 1134 കോടി നോട്ടുകളും ആയിരം രൂപയുടെ 52490 കോടി നോട്ടുകളും നശിപ്പിച്ചുവെന്നാണ് ആര്‍ബിഐ പറയുന്നത്. അതായത് 500 രൂപയുടെ 5.67 ലക്ഷം കോടി രൂപയുടെ നോട്ടുകളും ആയിരം രൂപയുടെ 5.24 ലക്ഷം കോടി രൂപയുടെ നോട്ടുകളും നശിപ്പിച്ചുവെന്നാണ് ആര്‍ബിഐ പുറത്തുവിട്ട രേഖകള്‍. നശിപ്പിച്ചവയില്‍ കള്ളനോട്ടുകള്‍ എത്രമാത്രമുണ്ട് എന്ന് പറയാന്‍ ആര്‍ബിഐക്ക് കഴിയുന്നില്ല. പഴയ നോട്ടുകളില്‍ മൂന്നിലൊന്ന് ശതമാനം ഇനിയും നശിപ്പിച്ചിട്ടില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. പുതിയ 2,000 രൂപയൂടെ നോട്ടുകള്‍ പ്രചാരത്തില്‍ എത്തുന്നതിന് മുമ്പുതന്നെ ഭീകരവാദികളുടെയും കൊടും കുറ്റവാളികളുടെയും കയ്യില്‍ ധാരാളമായി എത്തി. സാധാരണക്കാരന് 2,000 രൂപ നോട്ടുകള്‍ ലഭിക്കുന്നതിന് മുമ്പുതന്നെ തങ്ങള്‍ക്ക് ലഭിച്ചതായി ബിജെപി നേതാക്കളുടെ ബന്ധുക്കള്‍ പുതിയ നോട്ടുകളുയര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
കോര്‍പ്പറേറ്റുകള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കടക്കെണിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരം വരുത്തിവച്ചു. മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണത്തിനിടെ കിട്ടാക്കടവും നിഷ്‌ക്രിയ ആസ്തിയും മൂന്നുമടങ്ങ് വര്‍ധിച്ചു. ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന് 2.11 ലക്ഷം കോടിരൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഏറെ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതാണ്. കടക്കെണി നേരിടുന്നതിനുള്ള മറ്റൊരു മാര്‍ഗമായാണ് വീണ്ടുവിചാരമില്ലാതെ ജിഎസ്ടി നടപ്പാക്കിയത്. ചരക്ക് സേവന നികുതി നടപ്പാക്കിയതും സാധാരണക്കാരന്റെമേലുള്ള മറ്റൊരു ഇരുട്ടടിയാണ്. ഓരോ ഉപഭോക്താവും പരോക്ഷനികുതി നല്‍കേണ്ടതായിട്ടുവരുന്നു. നരേന്ദ്രമോഡി സര്‍ക്കാരിന്റെ വിഡ്ഢിത്തങ്ങള്‍ക്ക് വില നല്‍കേണ്ട അവസ്ഥ സാധാരണക്കാരന് ഉണ്ടാകും. നോട്ടു പിന്‍വലിച്ച നടപടിയുടെ ഒന്നാം വാര്‍ഷികം നരേന്ദ്രമോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന ജനവിരുദ്ധ നയങ്ങളുടെ ഭാഗമായുള്ള ആക്രമണങ്ങളുടെ ആരംഭമാണ്. 2019 ല്‍ ഈ സര്‍ക്കാരിനെ പുറത്താക്കലിലൂടെ മാത്രമേ ഇത് അവസാനിക്കുകയുള്ളു.

Related News