Thursday
24 Jan 2019

ഹാരിസണ്‍ വിധി: സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം

By: Web Desk | Wednesday 11 April 2018 10:36 PM IST

ഹൈക്കോടതി വിധിയോടെ എല്ലാം അവസാനിച്ചുവെന്നുള്ള പ്രചരണം കേവലം രാഷ്ട്രീയ പ്രേരിതമാണ്. ഭൂമി വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള ശ്രമം നിശ്ചയദാര്‍ഢ്യത്തോടെ തുടരുമെന്നുതന്നെയാണ് റവന്യു വകുപ്പ് മന്ത്രിയുടെ പ്രാഥമിക പ്രതികരണം സൂചിപ്പിക്കുന്നത്

ഹാരിസണ്‍ മലയാളം അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ കൈവശം വച്ചിരിക്കുന്ന 38,000 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി കേരളത്തിലെ ഗുരുതരമായ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. ആ വിധിന്യായത്തിന്റെ ശരിതെറ്റുകളിലേക്ക് കടക്കാതെതന്നെ അത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറയാതെ വയ്യ. കോടതിവിധി സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്നും കേസില്‍ കമ്പനിയുമായി ഒത്തുകളിച്ച് സര്‍ക്കാര്‍ ആ വിധി ചോദിച്ചുവാങ്ങിയതാണെന്നും മറ്റുമുള്ള പ്രതിപക്ഷ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ കേസില്‍ കക്ഷിചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കേസില്‍ ബോധപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നതിനു തുല്യമാണ് അവര്‍ ഇപ്പോഴുയര്‍ത്തുന്ന കോലാഹലങ്ങള്‍. കേസില്‍ പ്രഗത്ഭരായ അഭിഭാഷകരെ സര്‍ക്കാരും പ്രതിപക്ഷ നേതാക്കളും നിയോഗിക്കുകയുണ്ടായി. കേസ് ഹാരിസണ്‍ മലയാളത്തിനും പ്ലാന്റേഷന്‍ ഉടമകള്‍ക്കും അനുകൂലമായി വിധിക്കുന്നതിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നത് ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം തന്റെ ഔദ്യോഗിക ചുമതലയ്ക്ക് ഉപരിയായി ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് ഏകപക്ഷീയമായി നടപടിക്ക് മുതിര്‍ന്നുവെന്നതാണ്. രാജമാണിക്യം നല്‍കിയ ഉത്തരവുകളും നോട്ടീസുകളുമാണ് കോടതി ഇന്നലത്തെ വിധിയിലൂടെ റദ്ദാക്കിയിരിക്കുന്നത്. ഹാരിസണ്‍ മലയാളത്തിന് ഉടമസ്ഥാവകാശം ഇല്ലെന്നതുസംബന്ധിച്ച് ഗവണ്‍മെന്റിന് സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വിധി വ്യക്തമാക്കുന്നുണ്ട്. ഹാരിസണ്‍ അനധികൃതമായി കൈമാറ്റം ചെയ്ത ഭൂമിയുടെ കാര്യത്തിലും സമാനമായ സമീപനം തന്നെയാണ് ഹൈക്കോടതി വിധി അവലംബിച്ചിട്ടുള്ളത്. 192 പേജ് വരുന്ന വിധി റവന്യു വകുപ്പ് പരിശോധിച്ച് ഉചിതമായ തുടര്‍നടപടി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഭൂപരിഷ്‌കരണനിയമം നടപ്പാക്കുമ്പോള്‍ പ്ലാന്റേഷന്‍ മേഖലയ്ക്ക് ചില ഇളവുകള്‍ ബോധപൂര്‍വം നല്‍കുകയുണ്ടായി. വ്യാവസായിക രംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ അക്കാലത്ത് കേരളത്തിലെ പ്രധാന വ്യാവസായിക സംരംഭവും തൊഴില്‍ മേഖലയുമായിരുന്നു പ്ലാന്റേഷനുകള്‍. ആ മേഖലയെ സംരക്ഷിച്ചു നിലനിര്‍ത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്ത്വം തന്നെയായിരുന്നു. അത്തരത്തില്‍ ഭൂമി കൈവശം ലഭിച്ച പ്ലാന്റേഷന്‍ കമ്പനികള്‍ പലതും ആ ലക്ഷ്യം കാറ്റില്‍ പറത്തി ഭൂമി ഇതര ആവശ്യങ്ങള്‍ക്കുവേണ്ടി കൈമാറ്റം ചെയ്തും മറ്റും കൊള്ളലാഭമുണ്ടാക്കിയ നിരവധി സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഹാരിസണ്‍ മലയാളം തന്നെ അത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അതേപ്പറ്റി അന്വേഷണം നടത്തിയ വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 1849 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസണ്‍ ക്രോസ്ഫീല്‍ഡ് എന്ന ബ്രിട്ടീഷ് കമ്പനി തെക്കേ ഇന്ത്യയിലുടനീളം കോളനി ഭരണത്തിന്റെ ഒത്താശയോടെ വിശാലമായ ഭൂപ്രദേശങ്ങള്‍ പ്ലാന്റേഷനുകള്‍ക്കായി കയ്യടക്കിയിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശഷം ഹാരിസണ്‍ ക്രോസ്ഫീല്‍ഡിന്റെ നിയമാനുസൃത പിന്തുടര്‍ച്ചാവകാശികളായി പറയപ്പെടുന്ന ഹാരിസണ്‍ മലയാളത്തിന്റെ രൂപീകരണം തന്നെ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധവും കൃത്രിമവുമാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹാരിസണ്‍ മലയാളമടക്കം പ്ലാന്റേഷനുകള്‍ അനധികൃതമായും നിയമവിരുദ്ധമായും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനടപടികളും ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിനു തന്നെയും ഗവണ്‍മെന്റ് സന്നദ്ധമാകുമെന്ന സൂചന ഭരണവൃത്തങ്ങളില്‍ നിന്നും ഇതിനകം ഉണ്ടായിട്ടുണ്ട്.

ഗവണ്‍മെന്റുകള്‍ക്ക് പൊതുജനാഭിപ്രായത്തെ മാത്രം മുന്‍നിര്‍ത്തി മുന്നോട്ടുപോകാനാവില്ലെന്നും സമൂഹത്തിന്റെ നിലനില്‍പിന് കോര്‍പറേറ്റുകള്‍ക്കും സുപ്രധാന പങ്കുണ്ടെന്നും ഹൈക്കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. വിധിന്യായത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ കോര്‍പറേറ്റുകളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെക്കാള്‍ ഒരു ജനകീയ ഗവണ്‍മെന്റിന് ജനങ്ങളുടെ ന്യായവും നീതിപൂര്‍വവുമായ താല്‍പര്യം തന്നെയാണ് പ്രധാനം. ഭൂപരിഷ്‌കരണ നിയമത്തില്‍ പ്ലാന്റേഷനുകള്‍ക്ക് നല്‍കിയ ഇളവിന്റെ കാര്യകാരണങ്ങളെപ്പറ്റി തുടക്കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ആ ലക്ഷ്യം നിറവേറ്റുന്നതില്‍ കേരളത്തിലെ പ്ലാന്റേഷന്‍ മേഖല എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് ഒരു വിലയിരുത്തല്‍ അനിവാര്യമായിരിക്കുന്നു. സാമൂഹ്യവും സാമ്പത്തികവുമായ ആ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്ലാന്റേഷന്‍ മേഖല പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍, സമൂഹം അവരില്‍ അര്‍പ്പിച്ച വിശ്വാസം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, നിയമപരമായ ഒരു സംരക്ഷണവും അവര്‍ അര്‍ഹിക്കുന്നില്ല. ജനതാല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുള്ള നടപടികള്‍ ജനകീയ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നുതന്നെയാണ് അവര്‍ വിശ്വസിക്കുന്നത്.

Related News