Thursday
24 Jan 2019

യുപി, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നത്

By: Web Desk | Thursday 15 March 2018 10:25 PM IST

രാഷ്ട്രത്തിനാകെ ബാധകമായ ഒരു സാര്‍വത്രിക പ്രതിരോധനിര ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്നിരിക്കെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും പുരോഗതിയുടെയും ശക്തികള്‍ പരസ്പരം ഏറ്റുമുട്ടി ഛിന്നഭിന്നമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്

ക്കഴിഞ്ഞ ദിവസം പുറത്തുവന്ന യുപി ,ബിഹാര്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റിയുള്ള മുന്നറിയിപ്പാണ്. അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും പേശീബലത്തിന്റെയും പിന്തുണയോടെ ത്രിപുരയില്‍ നേടിയ വിജയത്തിന്റെ ആഹ്ലാദാരവം ഒഴിച്ചുനിര്‍ത്തിയാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുവരുന്ന സൂചനകള്‍ ഒന്നുംതന്നെ ബിജെപിക്ക് സന്തുഷ്ടിക്ക് വക നല്‍കുന്നവയല്ല. തൊട്ടുമുമ്പ് രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മധ്യപ്രദേശില്‍ നടന്ന മേയര്‍, നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുഫലങ്ങളും ബിജെപിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിനീങ്ങുന്നുവെന്ന സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. നാല് വര്‍ഷം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ബിജെപിക്ക് മൃഗീയഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലെ ബിജെപിയുടെ പരാജയം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. യുപി മുഖ്യമന്ത്രി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മൂന്ന് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ലോക്‌സഭാ മണ്ഡലങ്ങളാണ് അവ. ഗൊരഖ്പൂരാവട്ടെ കഴിഞ്ഞ അഞ്ച് തവണകളില്‍ ആദിത്യനാഥിനെ ലോക്‌സഭയില്‍ എത്തിച്ചിരുന്ന മണ്ഡലം കൂടിയാണ്. കേന്ദ്ര-സംസ്ഥാന ഭരണങ്ങള്‍ക്കെതിരെ യുപിയില്‍ വളര്‍ന്നുവരുന്ന വന്‍ ജനരോഷത്തിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി വിരുദ്ധ ചേരികളില്‍ നിലയുറപ്പിച്ചിരുന്ന ബിഎസ്പിയും എസ്പിയും പരിമിതമായ ലക്ഷ്യത്തോടെയാണെങ്കിലും കൈകോര്‍ക്കാന്‍ തയാറായത് പൊതുശത്രുവിനെതിരായ സാധ്യതകളിലേക്കാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്ണ് തുറപ്പിക്കുന്നത്. ബിഹാറിലെ അരാരിയ ആര്‍ജെഡിക്ക് നിലനിര്‍ത്താനായത് ജെഡിയു-ബിജെപി അവസരവാദ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയായി.

അധികാരവും പണക്കൊഴുപ്പും പേശീബലവും ബിജെപിയെയും സംഘപരിവാറിനെയും ഇന്ത്യന്‍ ജനാധിപത്യ, മതനിരപേക്ഷത, ബഹുസ്വരതയുടെയും എല്ലാറ്റിലുമുപരി ഭരണഘടനയുടെ തന്നെയും കരുത്തുറ്റ പ്രതിയോഗിയാക്കി മാറ്റിയിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ നേരിടേണ്ടി വന്ന തിരിച്ചടികള്‍ 2019ലെ പൊതുതെരഞ്ഞെടുപ്പിനെ തീപാറുന്ന പോരാട്ടമാക്കി മാറ്റാന്‍ ബിജെപിയേയും സംഘ്പരിവാറിനേയും നിര്‍ബന്ധിതമാക്കും. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥാ പ്രവചനങ്ങളെ തകിടംമറിക്കാന്‍ പോരുന്ന രാഷ്ട്രീയ പ്രതിക്രിയകള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന മുന്നറിയിപ്പുകളാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്ത് വില നല്‍കിയും പൊതുതെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ അവര്‍ ശ്രമിക്കുക തന്നെ ചെയ്യും. അത്തരമൊരു സാഹചര്യത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ, മതനിരപേക്ഷ ശക്തികള്‍ കരുതലോടെ കരുക്കള്‍ നീക്കേണ്ടതുണ്ട്. സാമ്പത്തിക നയപരിപാടികള്‍ക്കും ആശയഭിന്നതകള്‍ക്കും അപ്പുറം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ആ തിരിച്ചറിവിന്റെ മിന്നലൊളി ശത്രുപാളയങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ബിഎസ്പി-എസ്പി പാര്‍ട്ടികളുടെ താല്‍ക്കാലികമെങ്കിലും ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ യോജിച്ച പ്രവര്‍ത്തനത്തില്‍ ദര്‍ശിക്കാനാവും. 2014 പൊതുതെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും കൂടി ഗൊരഖ്പൂരില്‍ ലഭിച്ചത് 39 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. ബിജെപിക്ക് ഒറ്റക്ക് 52 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും ഉപതെരഞ്ഞെടുപ്പില്‍ കാഴ്ചവച്ച രാഷ്ട്രീയ പക്വത ജനരോഷത്തെ സമന്വയിപ്പിച്ച് ആവിഷ്‌കരിക്കുന്നതില്‍ വിജയിച്ചുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിച്ചുതരുന്നത്. ആ യോജിപ്പിന് ഇടതുപക്ഷമടക്കം ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകളെയും ആകര്‍ഷിക്കാനായി. ഈ വസ്തുത മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് ബിജെപിയും സംഘ്പരിവാറുമാണ്. അതുകൊണ്ടുതന്നെ വര്‍ഗീതയിലൂന്നിയുള്ള തങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രം അവര്‍ കൂടുതല്‍ തീവ്രതയോടെ തുടരുക തന്നെ ചെയ്യും.

ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ മതേതര രാഷ്ട്രമെന്ന സങ്കല്‍പം തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്. ആ സങ്കല്‍പത്തെ തകര്‍ത്തു മാത്രമേ ബിജെപിക്കും അവരുടെ പ്രതിലോമ പ്രത്യയശാസ്ത്ര പദ്ധതികള്‍ക്കും നിലനില്‍ക്കാനാവു. അങ്ങനെ വന്നാല്‍ വിശാല ജനവിഭാഗങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുള്ള ഇടം പോലും നമ്മുടെ രാഷ്ട്രഭൂമികയില്‍ നിന്നും തുടച്ചുമാറ്റപ്പെടും. പരസ്പരം പൊരുതിയിരുന്ന എസ്പിക്കും ബിഎസ്പിക്കും സാധ്യമായ ആ തിരിച്ചറിവ് രാജ്യത്തെ ഇതര രാഷ്ട്രീയ ശക്തികള്‍ക്കും മാതൃകയാക്കാവുന്നതാണ്.

Related News