Saturday
26 May 2018

റോഹിംഗ്യ അഭയാര്‍ഥി പ്രശ്‌നം മനുഷ്യചരിത്രത്തിലെ മഹാദുരന്തം

By: Web Desk | Friday 8 September 2017 1:20 AM IST

നുഷ്യ ചരിത്രത്തിലെ അവസാനിക്കാത്ത ദുരന്തപര്‍വങ്ങളുടെ ആവര്‍ത്തനമാണ് ഓരോ അഭയാര്‍ഥി പ്രവാഹവും ഉയര്‍ത്തുന്നത്. അതിന്റെ ഏറ്റവും പുതിയതും അങ്ങേയറ്റം ദാരുണവുമായ അധ്യായമാണ് മ്യാന്‍മറിലെ റാഖിന്‍ സംസ്ഥാനത്ത് നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ആരംഭിച്ച റോഹിംഗ്യ മുസ്‌ലിങ്ങളുടെ പുതിയ അഭയാര്‍ഥി വേലിയേറ്റത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ഥി പ്രവാഹം രൂക്ഷതരമാക്കുന്ന സംഘര്‍ഷ പൂര്‍ണമായ അന്തരീക്ഷമാണ് റാഖിനില്‍ ഇപ്പോഴും തുടരുന്നതെന്നാണ് സൂചന. അഭയാര്‍ഥി പ്രവാഹങ്ങളെ താരതമ്യം ചെയ്യുന്നത് അസ്ഥാനത്തും അനുചിതവുമാണ്. എന്നാല്‍ റോഹിംഗ്യകളുടേത് സമാനതകളില്ലാത്ത ദുരന്തവും ക്രൂരതയുമാണ്. സ്വന്തമായി നാടോ പൗരത്വമോ അവകാശപ്പെടാനില്ലാത്ത എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട ഒരു ജനതയുടെ അതീവ ദാരുണമായ ചിത്രമാണ് അവര്‍ കാഴ്ചവെക്കുന്നത്. 2012 നു ശേഷം ബംഗ്ലാദേശില്‍ മാത്രം അഞ്ചു ലക്ഷം റോഹിംഗ്യകളാണ് മനുഷ്യത്വഹീനമായ അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നതായി ആ രാജ്യത്തിന്റെയും ഐക്യരാഷട്രസഭയുടെ അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഹൈക്കമ്മിഷന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനുപുറമെയാണ് പുതിയ അഭയാര്‍ഥി പ്രവാഹത്തിന്റെ വേലിയേറ്റം. അത് തങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്ന് ബംഗ്ലാദേശ് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിയും കടന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല്‍പതിനായിരത്തിലധികം റോഹിംഗ്യകള്‍ എത്തിച്ചേര്‍ന്നിട്ടുള്ളതായി രാജ്യസഭയില്‍ വെളിപ്പെടുത്തുകയുണ്ടായി. അവരെ രാജ്യത്തുനിന്നും പുറത്താക്കുമെന്ന കര്‍ക്കശ നിലപാടാണ് ഇന്ത്യന്‍ ഭരണകൂടം അവലംബിച്ചിട്ടുള്ളത്. ഇന്ത്യയുടെ പരമോന്നത കോടതിയും സര്‍ക്കാര്‍ നിലപാടിനോട് ഏതാണ്ട് അനുഭാവപൂര്‍ണമായ സമീപനമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതും. റോഹിംഗ്യകളെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം വിസമതിക്കുകയാണ്. മനുഷ്യ ജീവനോടുള്ള ക്രൂരമായ നിരാകരണമാണ് റോഹിംഗ്യകളുടെ കാര്യത്തില്‍ എല്ലാ കോണുകളില്‍ നിന്നും ഉയരുന്നത്.
ബംഗാളി നാടോടി ഭാഷ സംസാരിക്കുന്ന റാഖിനിലെ മുസ്‌ലിങ്ങള്‍ 1982 ലെ ബര്‍മീസ് പൗരത്വ നിയമമനുസരിച്ച് തങ്ങളുടെ പൗരന്മാരല്ലെന്ന നിലപാടാണ് അവര്‍ തലമുറകളായി ജീവിച്ചുപോരുന്ന മ്യാന്‍മറിന്റേത്. മ്യാന്‍മര്‍ അവര്‍ക്ക് തൊഴിലും വോട്ടവകാശവുമുള്‍പ്പെടെ എല്ലാ മാനുഷിക അവകാശങ്ങളും നിഷേധിക്കുന്നു. 2012 ല്‍ ഒരു റാഖിന്‍ വനിത ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടതോടെ മനുഷ്യത്വഹീനമായ അതിക്രമങ്ങള്‍ക്കാണ് റോഹിംഗ്യകള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. ബുദ്ധമതക്കാരായ ഭൂരിപക്ഷ റാഖിനുകളുടെയും മ്യാന്‍മര്‍ പട്ടാളത്തിന്റെയും നിരന്തരമായ വേട്ടയാടലാണ് ഈ ഹതഭാഗ്യര്‍ക്കെതിരെ നടക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ അയല്‍രാജ്യങ്ങളായ മലേഷ്യയും ഇന്തോനേഷ്യയും തായ്‌ലന്റും അവരെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. റോഹിംഗ്യകള്‍ നിരന്തരമായ ബലാത്സംഗങ്ങള്‍ക്കും കൊലകള്‍ക്കും ഇരകളാകുന്നു. അവരുടെ ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെടുന്നു. കടല്‍താണ്ടിയെത്തുന്ന നിരാലംബരായ റോഹിംഗ്യകളെ കരയ്ക്കടുപ്പിക്കാതെ മരണത്തിലേക്ക് തള്ളിവിടുന്നതും പതിവായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം അറാകല്‍ റോഹിംഗ്യ വിമോചന സേന എന്ന പേരില്‍ രൂപംകൊണ്ട സംഘടനയുടെ പ്രവര്‍ത്തനം ആ ജനതയുടെ നിലനില്‍പ്പുതന്നെ വിവരണാതീതമായ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. നിരാലംബരായ ഒരു ജനത ഉന്മൂലനത്തെയാണ് നേരിടുന്നത്.
മനുഷ്യാവകാശ പോരാട്ടങ്ങളുടെ പേരില്‍ ലോകത്തിന്റെയാകെ ഐക്യദാര്‍ഢ്യവും പിന്തുണയും നേടി അധികാരത്തിലെത്തിയ മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചിയുടെ റോഹിംഗ്യകളോടുള്ള നിലപാട് ചരിത്രത്തിലെ അതിക്രൂരമായ വിരോധാഭാസങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടും. റോഹിംഗ്യകളുടെ ദുരവസ്ഥയെ ഭീകരവാദമായി കണ്ട് നേരിടാനാണ് അവര്‍ മുതിര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തോടെ റാഖിനിലെ ഭീകരവാദത്തെ യോജിച്ച് നേരിടാന്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ധാരണയായെന്ന വാര്‍ത്ത മാനുഷിക സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കുന്നതോ അംഗീകരിക്കാവുന്നതോ അല്ല. ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നടന്നിട്ടുള്ള പോരാട്ടങ്ങളെ അംഗീകരിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തുപോന്ന സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ ഇന്ത്യന്‍ സങ്കല്‍പങ്ങള്‍ക്കുതന്നെ വിരുദ്ധമാണ് ആ നിലപാട്. ട്രംപിന്റെ യുഎസില്‍ ഇന്ത്യന്‍ പൗരത്വം ഇപ്പോള്‍ നേരിടുന്ന കുടിയിറക്കു ഭീഷണിയുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങളുടെയും അവകാശ ധ്വംസനങ്ങളുടെയും പശ്ചാത്തലത്തില്‍ പോലും മനുഷ്യത്വഹീനവും സഹാനുഭൂതി രഹിതവുമായ സമീപനമാണ് റോഹിംഗ്യകളോട് അധികാര കേന്ദ്രങ്ങള്‍ അവലംബിക്കുന്നതെന്നതും അവരുടെ തനിനിറമാണ് തുറന്നുകാട്ടുന്നത്. റാഖിന്‍ റോഹിംഗ്യകള്‍ നേരിടുന്ന മനുഷ്യത്വ പ്രതിസന്ധിക്കു നേരെ കണ്ണടയ്ക്കാന്‍ ഉന്നത ജനാധിപത്യ സംസ്‌കാരം അവകാശപ്പെടുന്ന ഇന്ത്യയടക്കം ഒരു ജനതക്കും ആവില്ല. ഒരു മഹാദുരന്തം ഒഴിവാക്കാന്‍ ലോകമനഃസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Related News