Thursday
24 Jan 2019

ആള്‍ക്കൂട്ട നിഷ്‌ക്രിയത്വവും ക്രൂരതയും അവസാനിപ്പിക്കണം

By: Web Desk | Wednesday 31 January 2018 10:08 PM IST

മനുഷ്യമനഃസാക്ഷിക്ക് കാര്യമായ ദുരന്തം സംഭവിക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന നടുക്കുന്ന അത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് ആസുരമായൊരു കാലത്തിലേയ്ക്കാണ്. മനുഷ്യബന്ധങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ധര്‍മ്മച്യൂതി ആഗോളവല്‍ക്കരണത്തിന്റെ സംഭാവനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എല്ലാം ഉപകരണങ്ങള്‍ മാത്രമാകുന്ന കച്ചവടകാലത്ത് മൂല്യങ്ങളും വില്‍പ്പനച്ചരക്കോ വിലയ്‌ക്കെടുക്കാവുന്ന വെറും വസ്തുവോ ആവുക സ്വാഭാവികം.
അതുകൊണ്ടാണ് പിതാവും മക്കളും തമ്മിലും മാതാവും മക്കളും തമ്മിലും ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മിലും സഹോദരീസഹോദരന്മാര്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലും വിചിത്രമായ പെരുമാറ്റരീതികള്‍ പ്രകടമാക്കപ്പെടുന്നത്. അസഹിഷ്ണുതയും ക്രൂരതയും ക്ഷിപ്രകോപവും മൃഗവാസനകളാണെന്ന് പറയുന്നത് മൃഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. രാക്ഷസീയത വിവേകിയെന്ന് നടിക്കുന്ന മനുഷ്യനില്‍ വര്‍ധിച്ചുവരുന്നതായാണ് സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നടുറോഡില്‍ കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടം നടുക്കുന്ന കാഴ്ചയാണ്. തിരക്കുള്ള നഗരത്തില്‍ ആള്‍ക്കൂട്ടത്തിന് നടുവിലാണ് ഒരാള്‍ കൈസഹായം കിട്ടാതെ ചോരവാര്‍ന്ന് കിടക്കേണ്ടിവന്നതെന്നതാണ് ഏറെ അസ്വസ്ഥമാക്കുന്ന കാര്യം. വഴിപോക്കയായ സ്ത്രീക്ക് അയാളെ രക്ഷിക്കണമെന്ന് തോന്നിയില്ലായിരുന്നെങ്കില്‍ ആ മനുഷ്യന്‍ നടുറോഡില്‍ ചോരവാര്‍ന്ന് മരിക്കുമായിരുന്നു. സഹായമഭ്യര്‍ഥിച്ച് രഞ്ജിനി രാമാനന്ദ് എന്ന സ്ത്രീ വേവലാതിയോടെ സഹാത്തിനായി നോക്കിനില്‍ക്കുന്നവരോടും പോകുന്ന വാഹനങ്ങളോടും മാറിമാറി യാചിക്കുന്ന കാഴ്ച മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കെട്ടകാലത്തിന്റെ ലക്ഷണമായാണ് അനുഭവപ്പെടുന്നത്.

സഹജീവികള്‍ക്കുനേരെയുണ്ടാകുന്ന ക്രൂരതകളും അവര്‍ അനുഭവിക്കുന്ന വേദനകളും പീഡനങ്ങളും നേരില്‍ കാണുമ്പോള്‍ പോലും നിസംഗത പുലര്‍ത്തുന്ന മനുഷ്യസമൂഹത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നതെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാവുകയാണ്. കൊച്ചിയില്‍ തലകറങ്ങി കെട്ടിടത്തില്‍ നിന്നും താഴെ പതിച്ച ആളിന്റെ സ്ഥാനത്ത് നാളെ നമ്മളില്‍ ആരുമാകാം, ആകില്ലെന്നതിന് ഒരുറപ്പും ആര്‍ക്കുമില്ല. അതുതന്നെയാണ് നമുക്ക് ചുറ്റും സംഭവിക്കുന്ന ഓരോ ദുരന്തങ്ങളിലും നാം തിരിച്ചറിയാതെ പോകുന്ന സത്യം. അപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കുന്നതിനെക്കാള്‍ താല്‍പ്പര്യം മൊബൈലില്‍ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നതിലാകുന്ന മനുഷ്യക്കൂട്ടം ഇവിടെ ഉണ്ടാകുന്നത് നാം കാണേണ്ടിവരുന്നതും മനുഷ്യനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ചോദനകളുടെ ഫലമാണ്.

മനോദൗര്‍ബല്യമുള്ള സ്ത്രീയെ അയല്‍വാസികളായ സ്ത്രീകള്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ വളഞ്ഞിട്ട് മര്‍ദ്ദിക്കുമ്പോള്‍ മനഃസാക്ഷി മരവിച്ച ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന സ്ത്രീകളേക്കാള്‍ അപകടകാരികളാണ്.

ക്രൂരമായ ഇത്തരം ഓരോ സംഭവങ്ങളിലും മോബ് സൈക്കോളജി പ്രവര്‍ത്തിക്കുന്നത് മനുഷ്യത്വവിരുദ്ധമായാണ്. ഒന്നുകില്‍ നിസംഗതയോടെ സംഭവം കണ്ടുനില്‍ക്കുക, അല്ലെങ്കില്‍ മൊബൈലില്‍ ചിത്രീകരിച്ച് സായൂജ്യമടയുക – പൊതു ഇടങ്ങളില്‍ നമ്മള്‍ കാണുന്ന മനുഷ്യത്വത്തിന്റെ ഭീകരമുഖം ഇതാണെങ്കില്‍ വീടുകള്‍ക്കുള്ളില്‍ നടക്കുന്ന ക്രൂരതകള്‍ അതിനേക്കാള്‍ ഭയാനകമാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളും കുട്ടികളും ഏറ്റവുമധികം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഇടമായി നമ്മുടെ വീട്ടകങ്ങള്‍ മാറിക്കഴിഞ്ഞു. സ്വന്തം മക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന മാതാപിതാക്കളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ജയ്പൂരില്‍ ഏറ്റവുമൊടുവില്‍ നടന്ന സംഭവം കുട്ടികളുടെ പിതൃസഹോദരന്റെ മൊബൈലില്‍ നിന്നാണ് പുറംലോകമറിയുന്നത്. പിതാവ് കുട്ടികളെ വസ്ത്രങ്ങള്‍ മുഷിഞ്ഞതിന്റെ പേരില്‍ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കയറില്‍ കെട്ടിത്തൂക്കിയാണ് തല്ലിച്ചതച്ചത്. എന്നാല്‍ ഇത് നിത്യസംഭവമാണെന്ന് വാര്‍ത്ത പുറത്തുവന്നതോടെ അയല്‍വാസികള്‍ പറയുന്നു. കുടുംബകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലയെന്ന മര്യാദ പാലിക്കുന്ന അയല്‍വാസികളും മര്‍ദ്ദനം ചിത്രീകരിക്കുന്ന പിതൃസഹോദരനും ഉള്ളനാട്ടില്‍ ക്രൂരതകള്‍ അരങ്ങുവാഴുന്നതില്‍ അത്ഭുതപ്പെടാനെന്തുണ്ട്. പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയാകുന്നത് സംബന്ധിച്ച് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത് കുറ്റവാളികളില്‍ 90 ശതമാനവും അടുത്ത ബന്ധുക്കളോ അടുത്ത പരിചയക്കാരോ ആയ പുരുഷന്മാരാണെന്നാണ്.

 

കേരളത്തില്‍ നടത്തിയ മറ്റൊരു കേന്ദ്ര സര്‍വേയില്‍ ഒരു തല്ലുകൊള്ളുന്നതില്‍ കുഴപ്പമില്ലെന്ന് 69 ശതമാനം സ്ത്രീകള്‍ പ്രതികരിച്ചെന്നതും വിരല്‍ചൂണ്ടുന്നത് മനുഷ്യക്രൂരതയുടെ മറ്റൊരുവശത്തിലേയ്ക്കാണ്.

സ്വന്തവും ബന്ധവും സൗഹൃദവും ഒന്നുംതന്നെ ക്രൂരതയെ ചെറുക്കുന്നതില്‍ ഒരു പങ്കും വഹിക്കുന്നില്ല എന്ന അവസ്ഥ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹം ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ടകൊലകള്‍ക്കും വര്‍ഗീയ കൊലകള്‍ക്കും മൗനംകൊണ്ട് പ്രോത്സാഹനം നല്‍കുന്ന ഭരണകൂടങ്ങളുള്ള നാട്ടില്‍, സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തില്‍, നവോത്ഥാനമൂല്യങ്ങള്‍ക്ക് മുകളില്‍ ഊട്ടിയുറപ്പിക്കപ്പെട്ട സാമൂഹ്യ പരിഷ്‌കരണം നടന്ന നാട്ടില്‍ മനുഷ്യത്വം മരവിക്കുക എന്ന് വരുന്നത് നമ്മള്‍ ഇക്കാലമത്രയും നേടിയെടുത്ത പുരോഗമന മൂല്യങ്ങള്‍ പണയപ്പെടുത്തുക എന്നാണര്‍ഥം. കൊച്ചിയില്‍ സമീപകാലത്തുണ്ടായ ആള്‍ക്കൂട്ട നിഷ്‌ക്രിയത്വം ഈ ശൃംഖലയിലെ അവസാനത്തേതാകാന്‍ സമൂഹമനഃസാക്ഷി ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്.