Monday
10 Dec 2018

മാലിദ്വീപ് പ്രതിസന്ധി ഗൗരവത്തോടെ സമീപിക്കണം

By: Web Desk | Sunday 11 February 2018 10:06 PM IST

മാലിദ്വീപിലെ പ്രശ്‌നപരിഹാരത്തിന് ഇന്ത്യയോട് ആവര്‍ത്തിച്ച് സഹായം ആവശ്യപ്പെടുകയാണ് രാഷ്ട്രീയകുറ്റവാളിയായി നാടുകടത്തപ്പെട്ട് ലണ്ടനില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. അവിടത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രം പോരാ, പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടുകതന്നെ വേണമെന്ന ആവശ്യം ‘വയര്‍’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് നഷീദ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ തന്ത്രപ്രധാനമായ ദ്വീപ് സമൂഹത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഭരണപ്രതിസന്ധി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ അയല്‍രാജ്യത്ത് ആഭ്യന്തരമായി നടക്കുന്ന രാഷ്ട്രീയ കോളിളക്കങ്ങളില്‍ രാജ്യം തണുത്ത പ്രതികരണമാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ രാജ്യത്തിനകത്ത് തുറന്ന പ്രതികരണം നടത്താത്ത പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇതേക്കുറിച്ച് ഫോണില്‍ ബന്ധപ്പെട്ടത് നയതന്ത്ര കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. മാലിയിലെ ഭരണകൂടം ചൈനയുമായി കൂടുതല്‍ അടുക്കുകയും 2006 മുതല്‍ ബെയ്ജിങ്ങില്‍ അവരുടെ എംബസി തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും രാജ്യാന്തര നയതന്ത്രരംഗത്ത് അമേരിക്കയെ ചൊടിപ്പിച്ച സംഭവമാണ്. മാലിദ്വീപ് വിഷയത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും അവരുടേതായ താല്‍പര്യങ്ങളും അജന്‍ഡകളുമുണ്ടെന്നും, അത് ആത്യന്തികമായി ദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തെ സഹായിക്കില്ലെന്നുമാണ് നഷീദ് പറയുന്നത്.

തുടക്കത്തില്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ദ്വീപ് 1968ല്‍ ദേശീയ ഹിതപരിശോധനയിലൂടെയാണ് സുല്‍ത്താന്‍ ഭരണം അവസാനിപ്പിച്ചത്. ആദ്യ പ്രസിഡന്റിന് ശേഷം 1978ല്‍ വന്ന മൗമൂണ്‍ അബ്ദുള്‍ഗെയുടെ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായി. നാല്‍പത് വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് 2008ല്‍ തെരഞ്ഞെടുപ്പിലൂടെ മുഹമ്മദ് നഷീദ് അധികാരത്തിലേറുന്നത്. ജനാധിപത്യവാദിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ നഷീദ് കാലാവസ്ഥ വ്യതിയാനം പോലുള്ള വിഷയങ്ങളില്‍ എടുത്ത നിലപാടുകള്‍ അന്ന് ലോകശ്രദ്ധ നേടിയിരുന്നു. കോപ്പന്‍ഹേഗണിലെ കാലാവസ്ഥ ഉച്ചകോടിയില്‍ തന്റെ നിലപാട് കാലാവസ്ഥ വ്യതിയാനത്തിനെതിരായതോടെ പരിസ്ഥിതി സംരക്ഷകര്‍ നഷീദിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. മറ്റ് ലോകരാഷ്ട്രങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ പദാര്‍ഥങ്ങളും രാസപദാര്‍ഥങ്ങളും കാരണമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം തങ്ങളുടെ ദ്വീപിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ലോകത്തെ കാണിച്ചുകൊടുക്കാന്‍ പ്രതീകാത്മകമായി വെള്ളത്തിനടിയില്‍ മന്ത്രിസഭായോഗം ചേരുകപോലുമുണ്ടായി. ഇത് മുങ്ങിപ്പോയേക്കാവുന്ന ദ്വീപുവാസികള്‍ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിക്കാനായി. ഏകാധിപത്യത്തെയും മതമൗലികവാദത്തെയും പിന്തുണയ്ക്കുന്ന ദ്വീപിലെ വിഭാഗം അധികകാലം നഷീദിനെ അധികാരത്തിലിരിക്കാന്‍ അനുവദിച്ചില്ല. മുന്‍പ്രസിഡന്റ് ഗെയുടെ അര്‍ധസഹോദരനായ നിലവിലെ പ്രസിഡന്റ് അബ്ദുള്ളയമീന്‍ 2013ല്‍ തെരഞ്ഞെടുപ്പ് നാടകത്തിലൂടെ അധികാരം പിടിച്ചെടുക്കുകയും ഭീകരപ്രവര്‍ത്തനക്കുറ്റം ചുമത്തി നഷീദിനെ 13 വര്‍ഷത്തേക്ക് തുറങ്കിലടയ്ക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്തു. പ്രോഗ്രസീവ് പാര്‍ട്ടി നേതാവായ യമീന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അഴിമതിയും സ്വജനപക്ഷപാതവും കാരണം യമീന്റെ ഭരണത്തിനെതിരെ രാജ്യത്തിനകത്തും സ്വന്തം കുടുംബത്തിനകത്തും പിന്നീട് പ്രതിഷേധം പുകയുകയും യമീന്റെ ഭരണത്തെ അട്ടിമറിക്കാന്‍ ഒരു തവണശ്രമം നടക്കുകയുമുണ്ടായി. തന്റെ മുന്‍ഗാമിയും പ്രസിഡന്റാക്കുന്നതില്‍ സഹായിയായി നിന്ന അര്‍ധസഹോദരനുമായ മൈമൂണ്‍ ഗെയുടെ പിന്തുണ ഈ അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന ആരോപണമുന്നയിച്ചാണ് രാജ്യത്ത് വീണ്ടും രാഷ്ട്രീയധ്രുവീകരണം ഉണ്ടായിരിക്കുന്നത്. യമീന്റെ ചെയ്തികളോട് വിയോജിപ്പുള്ളവര്‍ കൂറുമാറി അധികാരം പിടിച്ചെടുക്കുമെന്ന് ഭയന്നാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക മാത്രമല്ല രാജ്യത്തെ പരമോന്നത നീതിപീഠത്തെപോലും മരവിപ്പിക്കുകയും ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ നാടുകടത്തിയ സംഭവവുമുണ്ടായി.
വിദേശികള്‍ക്ക് ദ്വീപുകള്‍ വിലയ്ക്ക് വാങ്ങാന്‍ അനുമതി നല്‍കുന്ന ഭരണഘടനാ ഭേദഗതി പ്രസിഡന്റ് യമീന്‍ കൊണ്ടുവരികയും ഇതിന്റെ ബലത്തില്‍ പതിനേഴോളം ദ്വീപുകള്‍ ചൈന വിലയ്ക്ക് വാങ്ങുകയുമുണ്ടായി എന്ന ആരോപണമാണ് നാടുകടത്തപ്പെട്ട നഷീദ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് ദ്വീപ്‌സമൂഹത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കുമെന്നും അതുകൊണ്ടുതന്നെ മാലി പ്രശ്‌നത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യമാണെന്നുമാണ് നഷീദ് അഭിമുഖത്തിലാവശ്യപ്പെടുന്നത്.
ഇന്ത്യയോട് നഷീദിനുണ്ടായിരുന്ന അനുകൂല സമീപനം യമീനില്ലായിരുന്നു. ചൈനേയാടും സൗദി അറേബ്യയോടും മമത പുലര്‍ത്തുന്ന യമീന് പ്രതേ്യക വ്യാപാര താല്‍പര്യങ്ങളും നിക്ഷേപ അജന്‍ഡകളുമുണ്ട് താനും. ഇസ്‌ലാമികവാദത്തോട് കൂടുതല്‍ പ്രതിപത്തിയുള്ള യമീന്റെ നീക്കങ്ങള്‍ തികഞ്ഞ ഏകാധിപതിയുടേതാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സൂക്ഷിച്ചുവേണം മാലിയുടെ പ്രശ്‌നങ്ങളിലിടപെടാന്‍ എന്നൊരു പൊതുവികാരം ഉയര്‍ന്നിട്ടുണ്ട്.
അന്താരാഷ്ട്രതലത്തില്‍ വേരുകളുള്ള പ്രശ്‌നമായി മാലിദ്വീപ് വിഷയംമാറിക്കഴിഞ്ഞു. ആഭ്യന്തര അടിയന്തരാവസ്ഥ ആ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുകയുമാണ്. സുപ്രിംകോടതിയും പാര്‍ലമെന്റും നിശ്ചലമായ രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ അതേസമയം നഷീദ് അടക്കമുള്ളവര്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. ഉപരോധം ദ്വീപിനെ നിസഹായമാക്കുമെന്നാണ് അവര്‍ പറയുന്നത്. പ്രശ്‌നത്തില്‍ ഇന്ത്യ നയതന്ത്രതലത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതോടൊപ്പം ഐക്യരാഷ്ട്ര സഭയില്‍ പ്രശ്‌നം രമ്യതയിലെത്തിക്കുന്നതിനുവേണ്ട സമ്മര്‍ദങ്ങള്‍ ചെലുത്തുകയും വേണം. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളാണ് മാലിദ്വീപിലെ പ്രതിസന്ധിക്കിന്നാവശ്യം.