Wednesday
19 Sep 2018

മതനിരപേക്ഷ സര്‍വകലാശാല എന്ന വര്‍ഗീയകാപട്യം

By: Web Desk | Tuesday 10 October 2017 1:21 AM IST

രാജ്യത്തെ രണ്ട് പ്രമുഖ കേന്ദ്ര സര്‍വകലാശാലകളുടെ പേരില്‍ മാറ്റം വരുത്തി അവയുടെ മതനിരപേക്ഷ സ്വഭാവം ഉറപ്പുവരുത്തണമെന്ന വിചിത്ര നിര്‍ദേശവുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി). അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു) ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്‌യു) എന്നിവയുടെ പേരുകളില്‍ നിന്നും ‘മുസ്‌ലിം’, ‘ഹിന്ദു’ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് യുജിസി ഓഡിറ്റ് കമ്മിറ്റി നിര്‍ദേശം. പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നും വിശാലവും മതനിരപേക്ഷവുമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതെന്നും ഇതിനെ വിലയിരുത്താം. എന്നാല്‍ അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്നത് നഗ്നമായ വര്‍ഗീയതും അസഹിഷ്ണുതയും കറകളഞ്ഞ സങ്കുചിതത്വവും അനിവാര്യമായ പരിഷ്‌കാരങ്ങള്‍ മണലണകെട്ടി തടയാനുള്ള പാഴ്ശ്രമവുമാണ്. അക്കാദമികവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ എണ്ണമറ്റ പ്രശ്‌നങ്ങള്‍കൊണ്ട് രാജ്യത്തെ സര്‍വകലാശാലകള്‍ പൊതുവിലും കേന്ദ്ര സര്‍വകലാശാലകള്‍ പ്രത്യേകിച്ചും നീറിപ്പുകയുകയാണ്. കേന്ദ്രസര്‍വകലാശാലകളും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടങ്ങളിലെ അസ്വസ്ഥതകൊണ്ടും പൊട്ടിത്തെറികള്‍കൊണ്ടും ഇത്രയേറെ ശ്രദ്ധാ കേന്ദ്രങ്ങളായി മാറിയ മറ്റൊരു കാലഘട്ടം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊന്നില്ല. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മദ്രാസ് ഐഐടി, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, ജാദവ്പൂര്‍ സര്‍വകലാശാല- കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവയെല്ലാം കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അത്തരത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഉന്നത വിദ്യാപീഠങ്ങളാണ്. അവയില്‍ ഓരോന്നിലും ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരവെയാണ് രണ്ട് കേന്ദ്ര സര്‍വകലാശാലകളെ പേരുമാറ്റത്തിലൂടെ മതനിരപേക്ഷമാക്കി മാറ്റുക എന്ന പ്രഹസനവുമായി യുജിസി രംഗത്ത് വന്നിരിക്കുന്നത്.
യുജിസി പേരുമാറ്റം നിര്‍ദേശിക്കുന്ന ഇരു സര്‍വകലാശാലകളും അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത് അവയില്‍ മതനിരപേക്ഷതയ്‌ക്കോ മതസൗഹാര്‍ദ്ദത്തിനു നേരെ ഉയര്‍ന്ന ഏതെങ്കിലും വെല്ലുവിളികളുടെയോ പേരിലല്ല. ബനാറസ് ഹിന്ദു സര്‍വകലാശാല മാധ്യമങ്ങളില്‍ മുഖ്യസ്ഥാനം നേടിയത് അവിടെ പെണ്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളുടേയും അതില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളടക്കം വിദ്യാര്‍ഥികളെ സര്‍വകലാശാല അധികൃതരുടെ ഒത്താശയോടെ പൊലീസ് തല്ലിച്ചതച്ച സംഭവത്തെ തുടര്‍ന്നുമാണ്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയാകട്ടെ അവിടെ അരങ്ങേറിയ രാഷ്ട്രീയേതര അക്രമസംഭവങ്ങളുടെയും സര്‍വകലാശാലയുടെ മൗലിക സ്വഭാവത്തില്‍ വ്യതിയാനം വരുത്താന്‍ നിക്ഷിപ്ത വര്‍ഗീയ ശക്തികള്‍ നടത്തിവരുന്ന ശ്രമങ്ങളുടെയും പേരിലുമാണ്. ഇരുസര്‍വകലാശാലകളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ പശ്ചാത്തലത്തില്‍ വ്യക്തമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണ്. ഇരു സര്‍വകലാശാലകളും അവയുടെ ചരിത്രപരമായ ദൗത്യനിര്‍വഹണത്തില്‍ വലിയൊരളവ് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ, ന്യൂനപക്ഷ മതസമുദായങ്ങളിലെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ അവരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഈ മഹദ് സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നതും നിഷേധിക്കാനാവില്ല. അത്തരം സങ്കുചിത മത, സമുദായ, രാഷ്ട്രീയ താല്‍പര്യങ്ങളെ ഒരു പേരുമാറ്റംകൊണ്ട് മതനിരപേക്ഷമാക്കി മാറ്റാമെന്ന് യുജിസിയോ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ താല്‍പര്യങ്ങളോ കരുതുന്നെങ്കില്‍ അത് കേവലം വ്യാമോഹം മാത്രമായി അവശേഷിക്കുമെന്ന് പറയാതെ വയ്യ. മാത്രമല്ല, അത്തരം നീക്കം ഗുണത്തെക്കാളേറെ ദോഷം ക്ഷണിച്ചുവരുത്തുകയുമാവും.
രാജ്യത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവും അക്കാദമികവുമായ രംഗം അപ്പാടെ കാവിവല്‍ക്കരിക്കാനും അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെയും ശാസ്ത്രയുക്തി ചിന്തകളെയും തകര്‍ക്കാനും ആസൂത്രിതശ്രമം നടത്തുന്ന ഇന്നത്തെ ഭരണസംവിധാനത്തില്‍ നിന്നും അപ്രതീക്ഷിത നീക്കമായി ഇതിനെ കാണേണ്ടതില്ല. അടിസ്ഥാന അക്കാദമി സ്വാതന്ത്ര്യങ്ങളും സര്‍വകലാശാല സമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളും നിഷേധിക്കാതെ തങ്ങളുടെ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ഭരണവര്‍ഗങ്ങള്‍ക്ക് ഉറപ്പുണ്ട്. അക്കാദമിക അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നമ്മുടെ സര്‍വകലാശാലകളില്‍ നിന്നും ഉയരുന്ന മുറവിളികള്‍ക്കുനേരെ ബധിരത നടിക്കുന്ന യുജിസിയും ഭരണകൂടവുമാണ് വിലകുറഞ്ഞ വര്‍ഗീയ വികാരങ്ങള്‍ ഉയര്‍ത്തി കാമ്പസുകളെയും ജനതയെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആണ്‍-പെണ്‍ വിദ്യാര്‍ഥികള്‍ ഒരുപോലെ പഠിക്കുന്ന ഇരു സര്‍വകലാശാലകളിലും നിലനില്‍ക്കുന്ന ലിംഗവിവേചനം മാത്രമെടുത്താല്‍ ഈ പരിഷ്‌കാരശ്രമങ്ങളുടെ പൊള്ളത്തരം വ്യക്തമാകും. മുസ്‌ലിമിന്റെയും ഹിന്ദുവിന്റെയും പേരില്‍ വാളോങ്ങി നില്‍ക്കുന്ന ഇരുവിഭാഗം വര്‍ഗീയവാദികളും തങ്ങളുടെ പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനം ശാശ്വതമായി നിലനിര്‍ത്തുന്നതില്‍ ഒറ്റക്കെട്ടാണ്. ഇരുസര്‍വകലാശാലകളിലും ലൈബ്രറി ഉപയോഗത്തില്‍ പോലും പെണ്‍കുട്ടികള്‍ക്ക് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതില്‍ ഇരുകൂട്ടരും അച്ചടക്കത്തിന്റെ ഖഡ്ഗമേന്തി നില്‍ക്കുന്ന കാഴ്ച ഏത് പരിഷ്‌കൃത സമൂഹത്തെയും ലജ്ജിപ്പിക്കാന്‍ പോന്നതാണ്.