Friday
14 Dec 2018

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷപദവി വര്‍ഗീയതയ്ക്കുള്ള ലൈസന്‍സല്ല

By: Web Desk | Thursday 9 November 2017 1:41 AM IST

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ ധൃതിപിടിച്ച കേരള സന്ദര്‍ശനത്തിന് പുറകില്‍ മറ്റെന്തെങ്കിലും അജന്‍ഡകള്‍ ഉണ്ടോ? അത്തരമൊരു സംശയം ഉയര്‍ത്തിവിടുന്ന കാര്യങ്ങളാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഒരുമാതിരി എഴുതാപ്പുറം വായനയോ വായുവില്‍ നിന്ന് വിഭൂതിസൃഷ്ടിക്കുന്നതുപോലുള്ള അഭ്യാസമോ ആയി അത് മാറിയതെന്തുകൊണ്ട്?
സത്യത്തില്‍ അടിയന്തര കേരള സന്ദര്‍ശനത്തിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടായിരുന്നോ? കേരളത്തിലെ വനിതാ കമ്മിഷനെപ്പോലും അറിയിക്കാതെ സൂപ്പര്‍ പൊലീസിനെപ്പോലെ നേരെ ഹാദിയയുടെ വീട്ടിലേക്ക് കുതിച്ചതും അതിനുശേഷം നാടകീയമായി ചില പ്രസ്താവനകള്‍ നടത്തിയതും വനിതാക്ഷേമം പോയിട്ട് ചുരുങ്ങിയത് ഹാദിയ ക്ഷേമം പോലും ഉദ്ദേശിച്ചല്ല എന്നത് വ്യക്തം. ഹാദിയയുടെ മതംമാറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ 2015 മുതല്‍ ആരംഭിച്ചതാണ്. ആ സംഭവത്തിന്റെ നാള്‍വഴികളില്‍ സമചിത്തതയോടെ കേരള സമൂഹവും ഭരണകൂടവും ഇന്നുവരെ നേരിടുകയാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ ഇക്കാര്യത്തില്‍ വിവിധ കോടതികള്‍ നടത്തിയ നിരീക്ഷണങ്ങളും വിധികളും നമുക്ക് മുന്‍പിലുണ്ട്. അന്തിമ വിധിക്കായി ഹാദിയയെ നേരിട്ട് കേള്‍ക്കാന്‍ സുപ്രിം കോടതി തയാറായ ഈ വേളയില്‍ ഇക്കാലമൊന്നുംതന്നെ ഹാദിയയുടെ സുഖവിവരം തിരക്കിവരാതിരുന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ധൃതിപിടിച്ച് ഇവിടെ ഇപ്പോള്‍ വന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. രണ്ട് കാര്യങ്ങളാണ് ഇക്കാര്യത്തില്‍ സംശയിക്കേണ്ടതായുളളത്.
കോടതിയുടെ പരിഗണനയിലുള്ളൊരു കേസില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായുള്ള ഒരു കമ്മിഷന്‍ അധ്യക്ഷയ്ക്ക് ആ പരിധികള്‍ ലംഘിച്ച് അതീവ ഗൗരവകരമായ ആരോപണങ്ങള്‍ ഒരു സംസ്ഥാനത്തിനെതിരെ ഉന്നയിക്കാന്‍ അവകാശമുണ്ടോ? അത് അവരുടെ പദവിക്ക് നിരക്കുന്നതാണോ? രണ്ട്, അവര്‍ ആരോപിച്ച രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധിത മതംമാറ്റം, മനുഷ്യക്കടത്ത് ഇവ കേരളത്തില്‍ നടക്കുന്നുണ്ടെന്ന കാര്യം ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ പ്രസ്താവിച്ചിരിക്കുന്നത്? രാജ്യത്തെ സ്ത്രീക്ഷേമത്തിനും സുരക്ഷിതത്വത്തിനും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട വനിതാ കമ്മിഷന്റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന ഹാദിയയുടെ സ്ത്രീ എന്ന നിലയിലുള്ള അവകാശത്തെക്കുറിച്ച് അതേസമയം ഒരു ഉല്‍ക്കണ്ഠയും അവര്‍ പങ്കുവച്ചതുമില്ല. അതിനെന്ന പേരിലാണല്ലോ അവര്‍ കേരളത്തിലേക്ക് വന്നത്.
ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡകള്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ കീഴിലുള്ള പല ഔദ്യോഗിക സ്ഥാപനങ്ങള്‍ വഴിയും ഏജന്‍സികള്‍ വഴിയും രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ദേശീയ വനിതാ കമ്മിഷനെയും അതിന് ഉപയോഗിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് അധ്യക്ഷയുടെ വാക്കുകള്‍. എല്ലാ ജീവിതസൂചികകളിലും രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിട്ടുനില്‍ക്കുന്ന കേരളത്തിലെ സ്ത്രീ അവസ്ഥകളെക്കുറിച്ച് അന്വേഷിക്കാന്‍ അധ്യക്ഷ തയാറാണോ? പ്രസവാനന്തര മരണങ്ങളില്‍, പട്ടിണി സൂചികയില്‍, ലിംഗാനുപാതത്തില്‍, സാക്ഷരതയില്‍, ആരോഗ്യപരിപാലനത്തില്‍, മനുഷ്യവികസന സൂചികയില്‍, ശിശുമരണ നിരക്കില്‍ തുടങ്ങി മനുഷ്യവികസനത്തിന്റെ എല്ലാ അളവുകോലുകളിലും കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. ഇവിടെ പുലരുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് അടിത്തറപാകിയത് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും കമ്മ്യൂണിസ്റ്റുകാരുമാണ്.
ഇനി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ അറിവിലേക്ക് ഒരു മനുഷ്യക്കടത്തിന്റെ കാര്യം പറയാം. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സേവാ ഭാരതി 31 പെണ്‍കുട്ടികളെ അസമില്‍ നിന്നും കടത്തിക്കൊണ്ടുപോയ സംഭവം അധ്യക്ഷയ്ക്ക് ഓര്‍മയുണ്ടാകണം. ആ വാര്‍ത്തയ്ക്കുശേഷം പുറത്തുവന്ന ഞെട്ടിക്കുന്ന കഥകള്‍ ഖര്‍വാപ്പസി ബിജെപി നടപ്പിലാക്കുന്നതിന്റെ ക്രൂരമുഖങ്ങളാണ് അനാവരണം ചെയ്തത്. ഗുജറാത്തിലെയും പഞ്ചാബിലെയും ബിജെപി സര്‍ക്കാരുകളുടെ ഒത്താശയോടെ രണ്ടും നാലും വയസുള്ള കുട്ടികളെ ഹിന്ദുത്വം പഠിപ്പിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടുപോയ സംഭവത്തിന്റെ അന്വേഷണം പകുതിക്ക്‌വച്ച് നിര്‍ത്തിയതാരെന്ന് ദേശീയ വനിതാ കമ്മിഷന്റെ പരിധിയില്‍ വരില്ലെങ്കിലും അധ്യക്ഷയ്ക്ക് അന്വേഷിക്കാവുന്നതാണ്. ഹാദിയയെപ്പറ്റി ഏറെ ഉല്‍ക്കണ്ഠപ്പെട്ടതുപോലെ ഇക്കാര്യത്തിലും ഇതുപോലുള്ള നിരവധി സംഭവങ്ങളിലും അന്വേഷണം നടത്തേണ്ടതാണ്. ഈ സംഭവത്തില്‍ പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബാലാവകാശ കമ്മിഷന്‍ നീണ്ടമൗനത്തിലായിരുന്നു. നിര്‍ബന്ധിത മതംമാറ്റവും മനുഷ്യക്കടത്തും തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ട ഒരു ദേശീയ കമ്മിഷന്‍ അധ്യക്ഷ നിലപാടുകളെടുക്കേണ്ട വിഷയങ്ങളല്ല. കേരളത്തില്‍ നിന്ന് അധ്യക്ഷ നേരെ പോകേണ്ടത് രാജസ്ഥാനിലേക്കാണ്. അവിടെ 22 വയസുള്ള ഒരു പെണ്‍കുട്ടി മതംമാറ്റം നടത്തി വിവാഹിതയായ പ്രശ്‌നത്തില്‍ അധ്യക്ഷയുടെ രാഷ്ട്രീയ താല്‍പര്യത്തിന് നേതൃത്വം നല്‍കുന്നവര്‍ കൈക്കൊള്ളുന്ന സമീപനം അധ്യക്ഷതന്നെ നേരിട്ടുപോയി അന്വേഷിക്കേണ്ടതുണ്ട്. ആ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ തയാറാവേണ്ടതുണ്ട്. നിര്‍ബന്ധിത മത പരിവര്‍ത്തനം നിര്‍ത്തലാക്കാന്‍ നിയമം ഉണ്ടാക്കിയ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.
ഹാദിയയുടെ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് ഒരു രാഷ്ട്രീയ അജന്‍ഡയുമില്ലായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും ആദ്യം ബന്ധപ്പെടേണ്ടിയിരുന്നത് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയെയാണ്. ഹാദിയക്കേസില്‍ സുപ്രിം കോടതിയില്‍ കക്ഷിചേരാന്‍ തയാറായ സംസ്ഥാന വനിതാ കമ്മിഷനെ കേള്‍ക്കാനോ കാണാനോ തയാറാകാതെ ഒരു സംസ്ഥാനത്തെ മുഴുവന്‍ ആക്ഷേപിച്ച് വര്‍ഗീയ പ്രസ്താവന നടത്തി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ മടങ്ങിയതെന്തിനായിരിക്കും. സംസ്ഥാന അധ്യക്ഷ പറയുംപോലെ ഹാദിയ സുപ്രിം കോടതിയില്‍ എന്ത് പറയുമെന്ന അങ്കലാപ്പ് കൊണ്ടുമാത്രമാണോ?