Saturday
22 Sep 2018

യുഎന്‍ സുരക്ഷാസമിതി പരിഷ്‌കാരങ്ങളും ആഗോള രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളും

By: Web Desk | Friday 20 October 2017 1:00 AM IST

ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി (യുഎന്‍എസ്‌സി) പരിഷ്‌കാരങ്ങളെപ്പറ്റി സഭയിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ ഇക്കാര്യത്തില്‍ വിവിധ ആഗോള ശക്തികളുടെ നിലപാടുകളെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കുന്നവയാണ്. സുരക്ഷാസമിതി പരിഷ്‌കാരങ്ങളെപ്പറ്റി പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ചര്‍ച്ചകള്‍ ഇപ്പോഴും ലക്ഷ്യത്തില്‍ നിന്നും എത്രയോ അകലെയാണെന്നും യുഎസ് അംബാസിഡറുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ജനാധിപത്യവല്‍ക്കരണത്തില്‍ വന്‍ശക്തികള്‍ ഏറെയും വിമുഖരാണ്. സുരക്ഷാസമിതിയില്‍ വീറ്റോ അധികാരം കയ്യാളുന്ന രാജ്യങ്ങള്‍ ഒന്നും തന്നെ ഇന്നത്തെ ലോക യാഥാര്‍ഥ്യം അംഗീകരിക്കാനോ തങ്ങളുടെ അമിതാധികാരം മറ്റ് രാഷ്ട്രങ്ങളുമായി പങ്കുവയ്ക്കാനോ തയാറല്ല. ഇന്ത്യയുള്‍പ്പെടെ സുരക്ഷാ സമിതി അംഗത്വത്തിനായി ശ്രമിക്കുന്ന രാഷ്ട്രങ്ങളെ അഥവാ ഉള്‍ക്കൊള്ളാന്‍ തയാറായാല്‍ തന്നെ വീറ്റോ അധികാരമില്ലാത്ത അംഗങ്ങളായി മാത്രമേ അവയെ അംഗീകരിക്കാനാവൂ. സുരക്ഷാസമിതി പരിഷ്‌കാരങ്ങള്‍ക്കായി ജനാധിപത്യപരമായ വോട്ടിങ് പ്രയോജനപ്പെടുത്താന്‍ പോലും അവര്‍ വിമുഖരാണ്. ഐക്യരാഷ്ട്ര സഭാ ചാര്‍ട്ടര്‍ വ്യവസ്ഥ ചെയ്യുന്ന മൂന്നില്‍ രണ്ട് വോട്ടിന്റെ ബലത്തില്‍ പോലും ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ അവരില്‍ പലരും തയാറല്ല. വോട്ടെടുപ്പിലൂടെ തീര്‍പ്പുണ്ടാക്കിയാല്‍ അത് ഭിന്നിപ്പിനും ശിഥിലീകരണത്തിനും വഴിവയ്ക്കുമെന്ന വാദഗതിയാണ് അവര്‍ ഉയര്‍ത്തുന്നത്. ജനസംഖ്യാ ബാഹുല്യം, സാമ്പത്തിക വളര്‍ച്ചാ നിരക്ക്, സൈനികശേഷി, രാഷ്ട്രീയ സ്വാധീനം, ജനാധിപത്യ പാരമ്പര്യവും പ്രതിഛായയും തുടങ്ങിയ ഘടകങ്ങളൊന്നും കണക്കിലെടുക്കാന്‍ അവര്‍ സന്നദ്ധമല്ല. അത് തുറന്നുപറയാതെ ഇന്ത്യയെ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വാധീനവലയത്തില്‍ ഉറപ്പിച്ചുനിര്‍ത്തി മുതലെടുക്കാനുള്ള തന്ത്രങ്ങളാണ് യുഎസ് അടക്കം വീറ്റോ രാഷ്ട്രങ്ങള്‍ പലതും മെനയുന്നത്. മോഡി ഭരണകൂടം ആ തന്ത്രത്തില്‍ അറിഞ്ഞുകൊണ്ട് പങ്കാളിയാവുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
സുരക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ അഞ്ച് രാജ്യങ്ങളില്‍ ആരും തങ്ങളുടെ അവകാശം വച്ചൊഴിയാന്‍ സന്നദ്ധമല്ല. ഇന്ത്യ സുരക്ഷാസമിതി അംഗത്വത്തിന് അവകാശവാദം ഉന്നയിക്കുന്നത് ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. ഇന്ത്യയുടെ അവകാശവാദം 2010ല്‍ ബറാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശന വേളയില്‍ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നരേന്ദ്രമോഡിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഡൊണാള്‍ഡ് ട്രംപും അതിനെ പിന്തുണച്ചിരുന്നു. റഷ്യ ഇന്ത്യയുടെ സുരക്ഷാ കൗണ്‍സില്‍ അംഗത്വത്തെ അംഗീകരിക്കുന്നുവെങ്കിലും സമിതിയുടെ സമഗ്ര പരിഷ്‌കാരത്തില്‍ അവര്‍ തെല്ലും തല്‍പരരല്ല. ചൈന ഒരു ഘട്ടത്തിലും ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കാന്‍ തയാറായിട്ടില്ലെന്ന് മാത്രമല്ല സമിതി പരിഷ്‌കാരത്തില്‍ അവര്‍ നിഷേധാത്മക നിലപാടാണ് നാളിതുവരെയും പിന്തുടര്‍ന്നു പോരുന്നത്. യുകെയും ഫ്രാന്‍സും ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് അനുകൂല നിലപാട് അവലംബിക്കുമ്പോഴും ഫ്രാന്‍സ് മാത്രമാണ് വീറ്റോ അധികാരം പുതിയ അംഗങ്ങള്‍ക്ക് നല്‍കുന്നതിനെപ്പറ്റി അനുകൂലചിന്തയ്ക്ക് സന്നദ്ധമായിട്ടുള്ളത്.
വന്‍ശക്തി രാഷ്ട്രങ്ങള്‍, പ്രതേ്യകിച്ചും യുഎസും ചൈനയും ആഗോളതലത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. സാമ്പത്തികവും സൈനികവുമായ മേല്‍ക്കോയ്മ ഉറപ്പിക്കാനുള്ള ആ ശ്രമത്തില്‍ യുഎന്‍ ജനാധിപത്യവല്‍ക്കരണത്തിനോ സുരക്ഷാസമിതി പരിഷ്‌കരണത്തിനോ യാതൊരു സ്ഥാനവുമില്ല. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിലുള്ള ജനാധിപത്യവല്‍ക്കരണവും പരിഷ്‌കരണവും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇനിയും കടന്നുവരേണ്ടിയിരിക്കുന്നു. വന്‍ശക്തി പക്ഷം ചേരാതെ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കുന്ന, ചേരിചേരായ്മയില്‍ അധിഷ്ഠിതമായ, നിരന്തര പരിശ്രമത്തിലൂടെയേ ഐക്യരാഷ്ട്രസഭയുടെ ജനാധിപത്യപരമായ പരിഷ്‌കരണം സാധ്യമാകൂ എന്ന യാഥാര്‍ഥ്യം ഇന്ത്യ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരമൊരു പരിഷ്‌കരണ ശ്രമത്തിനെ ലോകജനതയുടെയും വന്‍ശക്തിരാഷ്ട്രങ്ങള്‍ക്ക് പുറത്തുള്ള രാഷ്ട്രകൂട്ടായ്മയുടെയും പിന്തുണയും വിശ്വാസവും ആര്‍ജിക്കാനാവൂ. അതിന് മാത്രമേ ഐക്യരാഷ്ട്രസഭയുടെ പടിപടിയായുള്ള പരിഷ്‌കരണ ശ്രമങ്ങള്‍ക്കുപോലും വിജയം ഉറപ്പുവരുത്താനാവൂ. സ്വന്തം കരുത്തിലുള്ള അതിരുകടന്ന ആത്മവിശ്വാസം യുഎന്‍ പരിഷ്‌കരണ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാനും വന്‍ശക്തി ആശ്രിതത്വത്തിലേക്കും അതുവഴി ആഗോള ചേരിതിരിവിലേക്കുമായിരിക്കും നമ്മെ നയിക്കുക. ഇക്കാര്യത്തില്‍ തത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമല്ലാത്ത ഏത് നിലപാടും യുഎന്‍ സ്ഥാപക തത്വങ്ങള്‍ക്ക് വിരുദ്ധമായി ആഗോള രാഷ്ട്രീയത്തില്‍ ചേരിതിരിവിനും സംഘര്‍ഷങ്ങള്‍ക്കും മാത്രമായിരിക്കും വഴിവയ്ക്കുക.