Friday
14 Dec 2018

ഒരു സീന്‍പോലും കട്ട് ചെയ്ത് നീക്കില്ല-അതു താന്‍ വിടുതലൈ

By: Web Desk | Monday 23 October 2017 1:20 AM IST

ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും അസഹിഷ്ണുതാനിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന നിര്‍ലജ്ജമായ കടന്നുകയറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തമിഴ് നടന്‍ വിജയ് നായകനായ മെര്‍സല്‍ എന്ന ചലച്ചിത്രം. സാധാരണ ഒരു സിനിമയ്ക്ക് വിലക്ക് വീഴുക സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണ്. അത്തരം വിലക്കുകള്‍ക്ക് ചില നിബന്ധനകളും മാനദണ്ഡവുമൊക്കെയുണ്ട്. എ, യു തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ചലച്ചിത്രങ്ങളെ പ്രദര്‍ശനയോഗ്യമാക്കുന്നത് അവയുടെ അടിസ്ഥാനത്തിലാണ്. അതിനുശേഷം സിനിമ തിയേറ്ററിലെത്തിക്കഴിഞ്ഞാല്‍ അത് പ്രേക്ഷകരുടെ വകയാണ്. കാണികള്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില സിനിമകള്‍ക്കെതിരെ സംഘടിതനീക്കം നടത്തിയിട്ടുണ്ട്. അത് പലപ്പോഴും ചില സ്ഥാപിത താല്‍പര്യസംരക്ഷണത്തിനാണ്. എന്നാല്‍ മെര്‍സല്‍ എന്ന ചലച്ചിത്രത്തിനെതിരെ ബിജെപി ഉയര്‍ത്തുന്ന ഭീഷണി അസഹിഷ്ണുതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. സര്‍ക്കാര്‍നയങ്ങളെ എക്കാലത്തും ജനാധിപത്യരാഷ്ട്രത്തില്‍ നിശിതവിമര്‍ശനത്തിന് വിധേയമാക്കാറുണ്ട്. പല മാധ്യമങ്ങളും അതിന് ഉപയോഗിക്കപ്പെടുത്താറുമുണ്ട്. വിവിധ എഴുത്തുകള്‍, ഗാനങ്ങള്‍, സംഗീതത്തിന്റെ വിവിധ ശാഖകള്‍, വരകള്‍, ശില്‍പങ്ങള്‍ ഒക്കെ അവയില്‍പ്പെടും. പത്രമാധ്യമങ്ങളും ദൃശ്യശ്രാവ്യമാധ്യമങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളും ഈ ദൗത്യം നിര്‍വഹിക്കുന്നുണ്ട്. ഏറ്റവും രസകരങ്ങളായ കാര്‍ട്ടൂണുകള്‍ ഉണ്ടായിട്ടുള്ളത് രാഷ്ട്രീയ നായകരെക്കുറിച്ചാണ്. ആര്‍ കെ ലക്ഷ്മണനെപ്പോലുളള പ്രഗത്ഭമതികളായ കാര്‍ട്ടൂണിസ്റ്റുകളും ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളും തമ്മില്‍ നിലനിന്ന ഊഷ്മളവും ആരോഗ്യകരവുമായ സൗഹൃദത്തിലാണ് കടുത്ത വിമര്‍ശനാത്മക കാര്‍ട്ടൂണുകള്‍ രാജ്യത്ത് ഉടലെടുത്തത്. ആ സഹിഷ്ണുതയും തഞ്ചവുമാണ് ഇന്ന് ഭരണരാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായി തുടച്ചു നീക്കപ്പെട്ടിരിക്കുന്നത്. മിര്‍സല്‍ എന്ന സിനിമയില്‍ നായകന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യയുടെ നേര്‍ചിത്രങ്ങള്‍ക്ക് നേരെയുള്ള കൂരമ്പുകളായത് നടന്റെയോ സിനിമയുടേയോ നിര്‍മാതാവിന്റെയോ സംവിധായകന്റെയോ കുഴപ്പം കൊണ്ടല്ല, മറിച്ച് ആ ചോദ്യങ്ങള്‍ക്ക് ആധാരമാകുന്ന വിഷയങ്ങള്‍ ഭരണകൂട അധികാരങ്ങളുടെ ജനവിരുദ്ധനിലപാടുകളാണെന്നതുകൊണ്ടാണ്.
നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. നോട്ടുനിരോധനം രാജ്യത്തെ സാധാരണക്കാര്‍ക്ക് വരുത്തിവച്ച ദുരന്തം സമ്മതിച്ചുതരാത്ത ബിജെപിയും കേന്ദ്ര ഭരണകൂടവും അതിനെതിരെ ഉയരുന്ന ഓരോ ശബ്ദത്തെയും ഭയക്കുക സ്വാഭാവികം. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ സാമ്പത്തിക ഏജന്‍സികളും റിസര്‍വ് ബാങ്ക് തന്നെയും അതൊരു പരാജയമാണെന്ന് പറഞ്ഞ കാര്യം ഒരു ചലച്ചിത്രത്തില്‍ പരാമര്‍ശമായെന്നതില്‍ ബിജെപിക്ക് ഇത്ര വെകിളിയാകാമോ? ഇവിടെയാണ് ഇത്തരം വിഷയങ്ങളില്‍ അവര്‍ തുടര്‍ന്നുപോരുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ജനങ്ങള്‍ നിലകൊള്ളുക. മിര്‍സെല്‍ കാണുന്ന പ്രേക്ഷകര്‍ ബിജെപിയുടെ ഈ നിലപാടോടെ പൂര്‍ണമായും സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ഹിന്ദുക്കള്‍ക്കെതിരായ പടമാണെന്ന വര്‍ഗീയ ഫാസിസ്റ്റ് തന്ത്രം പുറത്തെടുത്തതോടെ അവരുടെ നില തമിഴ്‌നാട്ടില്‍ കൂടുതല്‍ പരുങ്ങലിലായിക്കഴിഞ്ഞു. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന മസാലകള്‍ ചേര്‍ത്ത് ഇറങ്ങിയ ഒരു ശരാശരി തമിഴ്ചലച്ചിത്രത്തിനെതിരെപോലും അസഹിഷ്ണുത കാണിക്കുന്ന ബിജെപി സംഘ് പരിവാര്‍ ശക്തികള്‍ നാളെ എന്തിലൊക്കെ വര്‍ഗീയവിഷം കലര്‍ത്തുമെന്ന് പ്രവചിക്കാനാകില്ല. ചരിത്രസ്മാരകങ്ങളോടും ചരിത്രത്തോട് തന്നെയും അലര്‍ജി പുലര്‍ത്തുന്ന ഇവരുടെ തീവ്രമത ചിന്താഘോഷങ്ങള്‍ രാജ്യത്തെ ലോകത്തിന് മുന്‍പില്‍ അപമാനിതരാക്കിക്കൊണ്ടിരിക്കുന്നു. താജ്മഹലിന്റെ മഹത്വമറിയാത്തവര്‍, ഭാരതീയ ദര്‍ശനങ്ങളുടെ വൈവിധ്യവും അപാരതയും തിരിച്ചറിയാനാകാത്തവര്‍, അവരുടെ ഇടുങ്ങിയ യാഥാസ്ഥിതിക വര്‍ഗീയ മത പ്രഖ്യാപനങ്ങളിലൂടെ രാജ്യത്തെ വിഷലിപ്തമാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണവര്‍ വിയോജന ശബ്ദങ്ങളെയും ഭയക്കുന്നത്. ഗൗരിലങ്കേഷടക്കം ധൈഷണികവ്യക്തിത്വങ്ങളെ വെടിവെച്ചുകൊന്നതും ഭയംകൊണ്ടാണ്. ആശയങ്ങളെ- ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഭയക്കുന്നതും അതുകൊണ്ടാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ആത്യന്തികമായി ഭീരുക്കളാണ്. ആ ഭീരുക്കളുടെ തലതൊട്ടപ്പന്മാരായ ബിജെപി നയിക്കുന്ന കേന്ദ്രഭരണം ഇന്നീരാജ്യത്ത് അഴിച്ചുവിടുന്ന ഭീഷണിക്കും അക്രമത്തിനും കാരണമൊന്നേയുള്ളു. അവര്‍ ഭയപ്പെടുത്താന്‍ നോക്കുന്നത് ഭയം അവരെ ചൂഴ്ന്ന് നില്‍ക്കുന്നതുകൊണ്ടാണ്. ജനങ്ങള്‍ ധീരരാണ്. അവര്‍ മിര്‍സലിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് ഹേമരുക്മിണി അതുകൊണ്ടാണ് പറഞ്ഞത് ചിത്രത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ ചിത്രം റീ എഡിറ്റ് ചെയ്യുകയോ സംഭാഷണങ്ങള്‍ നിശ്ശബ്ദമാക്കുകയോ ചെയ്യില്ല. ഒരു സീന്‍പോലും ചിത്രത്തില്‍ നിന്ന് കട്ട് ചെയ്യില്ല എന്ന്. അതാണ് ഒരു ജനാധിപത്യരാജ്യത്തെ ആവിഷ്‌കാരസ്വാതന്ത്ര്യം- ബിജെപിയും സംഘപരിവാറും ഭയക്കുന്നതും അതുതന്നെ. അതുതാന്‍ വിടുതലൈ.

Related News