Friday
14 Dec 2018

ഇനി ഒരു കുടുംബത്തിനും ഈ ദുരന്തമുണ്ടാകരുത്

By: Web Desk | Friday 27 October 2017 1:12 AM IST

നാരോഗ്യകരമായ അന്തരീക്ഷം നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്നതിന്റെ പല സൂചനകളും അടിക്കടി പുറത്തുവരുന്നുണ്ട്. സ്വകാര്യവല്‍ക്കരണത്തിന്റേതായ കെടുതികളാണ് ഇവയൊക്കെത്തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദ്യാഭ്യാസം നല്‍കേണ്ടവരും ആര്‍ജിക്കേണ്ടവരും ഇന്നനുഭവിക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് നിരവധി കാരണങ്ങളുണ്ട്. കൊല്ലം ട്രിനിറ്റി കോളജിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിനേഹയുടെ ആത്മഹത്യ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. സ്വന്തം ജീവിതം സ്വയം അവസാനിപ്പിക്കാന്‍ മാത്രം ഗൗരിയെ പ്രേരിപ്പിച്ച സംഭവം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന നിര്‍ഭാഗ്യകരമായ പ്രവണതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ശിക്ഷാ നടപടികളുടെ പേരില്‍ എന്ത് കാടത്തവും കാട്ടുന്ന അധ്യാപകര്‍ക്ക് കുട്ടികളെ എങ്ങനെ തിരുത്തണം എന്ന കാര്യത്തില്‍ വളരെ ശാസ്ത്രീയമായ പരിശീലനം നല്‍കേണ്ടതുണ്ട്. ഇവിടെ പലപ്പോഴും സംഭവിക്കുന്നത് ഒന്നുകില്‍ ഗുരുവിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന രീതിയാണ്. മനഃശാസ്ത്ര സമീപനം പോലും സ്വീകരിക്കേണ്ടി വരുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഇന്നുണ്ടാകുന്നുണ്ട്. കുട്ടിയുടെ കുടുംബപശ്ചാത്തലം, പഠനശേഷി, വ്യക്തിവികാസം, ഇവയൊക്കെ തന്നെ നിര്‍ണയിക്കുന്നതിനും മനസിലാക്കുന്നതിനും കഴിയേണ്ടവര്‍ അധ്യാപകര്‍ തന്നെയാണ്. കാരണം ഒരു ദിവസത്തിന്റെ ഏറ്റവുമധികം സമയം അവര്‍ ചിലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. വളര്‍ച്ചയുടെ ആദ്യപടവുകള്‍ അടുത്തുനിന്ന് കാണുന്നതും അധ്യാപകരാണ്. അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്തം വളരെ വലുതാണ്.
ഗൗരിയുടെ കാര്യത്തില്‍ നടന്നത് ഈ സമീപനങ്ങളെ പാടേ നിരാകരിക്കുന്ന നടപടികളാണ്. ശിക്ഷിക്കുന്ന രീതി മുതല്‍ വൈരാഗ്യബുദ്ധിയോടെ വേട്ടയാടിയ രീതി വരെ ക്രൂരവും നിന്ദ്യവുമാണെന്ന വെളിപ്പെടുത്തലുകള്‍ മനഃസാക്ഷി ഉള്ളവരെ ഞെട്ടിച്ചിരിക്കുന്നു. ആ നിമിഷത്തെ മാനസികസംഘര്‍ഷത്തിന്റെ പ്രേരണയില്‍ ജീവന്‍ പൊലിഞ്ഞത് ഒരമ്മയുടെ സ്‌നേഹനിധിയുടേതാണ്. അവയ്ക്ക് പകരം നല്‍കാന്‍ ഒന്നും ആരുടെ കൈയിലുമില്ല. ഇത് നല്‍കിയ നടുക്കുന്ന ഓര്‍മകളും പേറി ആ അമ്മ ശിഷ്ടകാലം ജീവിതം തള്ളിനീക്കേണ്ടിവരും.
ഇവിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന അധ്യാപക വിദ്യാര്‍ഥി ബന്ധത്തെക്കുറിച്ച് നാം ഉറക്കെ ചിന്തിക്കേണ്ടത്. ശിക്ഷ എങ്ങനെയാവാം എന്ന കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. പണ്ട് ചൂരല്‍ പ്രയോഗമൊക്കെ നടക്കുമായിരുന്നു. നല്ല ശിക്ഷയും ശിക്ഷണരീതിയും രക്ഷിതാക്കള്‍ക്കും വിശ്വാസമായിരുന്നു. മുട്ടിന് താഴെ മാത്രമേ പ്രഹരിക്കാവൂ എന്ന് പറയുമ്പോള്‍ കണങ്കാല്‍ തല്ലി ഒടിക്കുകയും ശിക്ഷ അതിര് വിടുമ്പോള്‍ നിയന്ത്രണം വേണമെന്ന് പറയുമ്പോള്‍ നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാകില്ല.
വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് പലതരത്തിലുള്ള മാനസികപ്രശ്‌നങ്ങളായിരിക്കും ഉണ്ടാകുക. അവയെ അവധാനതയോടെ മനസിലാക്കി സമീപിക്കാനും അതനുസരിച്ച് അവരെ തിരുത്താനും അധ്യാപകര്‍ക്ക് കഴിയേണ്ടതാണ്. അധ്യാപക സംഘടനകളും ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വമായ നിര്‍ദേശങ്ങളും നേതൃത്വവും എടുക്കേണ്ടതുണ്ട്. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ മേല്‍ വിദ്യാഭ്യാസ വകുപ്പിനുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്തി, കൊല്ലത്ത് നടന്ന അതിദാരുണമായ സംഭവത്തില്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. ഇനിയും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ത്വരിതഗതിയിലുള്ള അത്തരമൊരു ഇടപെടല്‍ നടന്നില്ലെങ്കില്‍ വിഷയം കൂടുതല്‍ വഷളാകും. ഇപ്പോള്‍ത്തന്നെ ഗൗരിയുടെ കുടുംബത്തിന് ആ സന്ദേഹം ഉടലെടുത്തുകഴിഞ്ഞു.
ഉയര്‍ന്ന സാമൂഹ്യമൂല്യങ്ങളും അക്കാദമിക് നിലവാരമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു ദുരന്തം നടക്കുന്നു എന്നതും അതിന്മേല്‍ കര്‍ശന നടപടികള്‍ വൈകുന്നു എന്നതും നമ്മുടെ സാംസ്‌കാരിക സാമൂഹ്യ പൈതൃകത്തിന് ഭൂഷണമല്ല.
സംഭവത്തില്‍ അടിയന്തരമായ അനേ്വഷണവും നടപടികളുമുണ്ടാകണം. കുറ്റക്കാരായ അധ്യാപികമാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. ഇതിനുമുമ്പ് പ്രസ്തുത സ്‌കൂളില്‍ ഇതിന് സമാനമായ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കലാലയ അന്തരീക്ഷം കലുഷിതമാക്കുന്ന പ്രവണതകളെ കയറൂരിവിടുന്നത് ദുരന്തങ്ങള്‍ കൂട്ടാനേ ഉപകരിക്കൂ. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുക എന്നത് മനുഷ്യമനസാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. മിടുക്കിയായി പഠിച്ച് ഉന്നത നിലയിലെത്തുന്ന മകളെ സ്വപ്നം കണ്ട ഒരമ്മയുടെ മനോനില എന്തായിരിക്കും? ഏറെ പ്രതീക്ഷകളോടെയാണ് രക്ഷിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്നത്. അവര്‍ക്ക് തെറ്റ് പറ്റുമ്പോള്‍ അവരെ ശിക്ഷിച്ച് നേര്‍വഴിക്കാക്കേണ്ടവര്‍ പ്രാകൃത മനസോടെ കുട്ടികളോട് പെരുമാറുക എന്നത് അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ല.
അധഃപതിക്കുന്ന വിദ്യാഭ്യാസ മേഖലയെ ശരിയായ ഉയരത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരേണ്ടത് ജനപക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനിന്നിവിടെ ആവശ്യം മുഖം നോക്കാത്ത നടപടിയാണ്. ഗൗരിയുടെ അമ്മയ്ക്കും കുടുംബത്തിനും നീതി നല്‍കുന്നതോടൊപ്പം ഇനിയൊരു കുടുംബത്തിനും ഈ ദുരന്തമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും ശക്തമായ നടപടി ആവശ്യമാണ്.

Related News