ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം എക്കാലത്തെയും എല്ലാവരുടെയും പ്രചോദനം

മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ ആസ്പദമാക്കിയുള്ള ജോണ്‍ റീഡിന്റെ വിഖ്യാത ഗ്രന്ഥത്തിന്റെ പേര് ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്നായിരുന്നു. ആ പുസ്തകത്തെ സംബന്ധിച്ച് പ്രസ്തുത പേര് ശരിയാണ്. പക്ഷേ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം ലോകത്തെ പത്തു ദിവസം മാത്രമായിരുന്നില്ല പിടിച്ചു കുലുക്കിയത്. വിപ്ലവാനന്തരവും വിപ്ലവത്തിലൂടെ സ്ഥാപിതമായ സോഷ്യലിസ്റ്റ് ഭരണക്രമത്തിലൂടെയും അതിന് അവസാനമുണ്ടായ 1991 ന് ശേഷവും ലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ട്, പ്രസക്തമായി നില്‍ക്കുകയാണ് മഹത്തായ ആ വിപ്ലവത്തിന്റെ പ്രതിഫലനങ്ങളും പ്രസക്തിയും. ഒപ്പം പ്രതീക്ഷകളും. എഴുപത്തിനാല് വര്‍ഷവും ഒരുമാസവും പതിനെട്ട് ദിവസവും നീണ്ടു നിന്ന സോഷ്യലിസ്റ്റ് ഭരണക്രമത്തിന് 1991 ഡിസംബര്‍ 25 ന്
ദുരന്തപര്യവസാനമുണ്ടായതിന്റെ പ്രത്യാഘാതങ്ങളും 25 വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുകയുമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പത്തു ദിവസങ്ങള്‍കൊണ്ട് ലോകത്തെ പിടിച്ചുകുലുക്കിയ വിപ്ലവത്തിന് അരങ്ങൊരുങ്ങിയത് ദശകങ്ങള്‍ മാത്രം നീണ്ട മുന്നൊരുക്കത്തിന്റെ ഫലമായിരുന്നു, നൂറ്റാണ്ടുകള്‍ നീണ്ടതായിരുന്നില്ല. അതിന് അരനൂറ്റാണ്ട് മാത്രം മുമ്പ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട മാര്‍ക്സിസമാണ് ലെനിന്റെ നേതൃത്വത്തിലുളള വിപ്ലവത്തിന് ആശയപ്രേരണയായി വര്‍ത്തിച്ചത്. അങ്ങനെ പുതിയൊരു ആശയത്തിന്റെ അടിത്തറയില്‍ തികച്ചും നവീനമായൊരു സാമൂഹ്യക്രമം ലോകത്താദ്യമായി റഷ്യയില്‍ രൂപം കൊള്ളുകയായിരുന്നു. അതുവരെയുണ്ടായിരുന്നതും രൂപമാറ്റം സംഭവിച്ചതുമായ എല്ലാ സാമൂഹ്യക്രമങ്ങള്ക്കും നൂറ്റാണ്ടുകളുടെ പരിണാമഘട്ടങ്ങളുണ്ടായിരുന്നു. അടിമ – ഉടമ വ്യവസ്ഥ, നാടുവാഴിത്തം മുതലാളിത്തം എന്നിവയെല്ലാം നീണ്ട പരിണാമഘട്ടം പിന്നിട്ടാണ് ഓരോ സാമൂഹ്യക്രമവും രൂപം കൊണ്ടത്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മറ്റ് സാമൂഹ്യക്രമങ്ങളോടെന്ന പോലെ സോഷ്യലിസത്തെ താരതമ്യം ചെയ്യാനാവില്ല.
ഉടമയും അടിമയുമില്ലാത്ത, നാടുവാഴിയും കുടിയാനുമില്ലാത്ത, മുതലാളിയും തൊഴിലാളിയുമില്ലാത്ത മനുഷ്യരെല്ലാവരും ഒരേ അവകാശങ്ങളും സമാനരീതിയിലുള്ള ജീവിതവും അനുഭവിക്കുന്ന ഒരു സാമൂഹ്യക്രമം അതുവരെ കെട്ടുകഥകളില്‍ മാത്രമായിരുന്നു. സൂക്ഷിക്കാന്‍ കയ്യിലേറ്റെടുത്തവര് തന്നെ മുക്കാല്‍ നൂറ്റാണ്ട് പ്രായം തികയുന്നതിന് മുമ്പ് തകര്‍ത്തുകളഞ്ഞ ആ ഭരണ വ്യവസ്ഥയുടെ സമാനതകളില്ലാതിരുന്ന നേട്ടങ്ങള്‍, തകര്‍ക്കപ്പെട്ടതിന് പിന്നീടാണ് ലോകം കേട്ടറിഞ്ഞ് ആസ്വദിച്ചു തുടങ്ങിയത്. അതില്ലാതായതിന്റെ ദോഷങ്ങളും ദുരന്തങ്ങളും പ്രത്യാഘാതങ്ങളും അതിന് പിന്നീട് ശക്തവുമായി.
സാമ്രാജ്യത്വത്തിലേയ്ക്ക് ഭീമാകാരമായിക്കൊണ്ടിരുന്ന മുതലാളിത്തത്തെ ലോകം വിറപ്പിച്ചു നിര്‍ത്തിയത് ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പിന്‍ബലത്തിലായിരുന്നു. സോഷ്യലിസ്റ്റ് ശിശുവിനെ കൊല്ലാനും ലോകമാകെ ആധിപത്യമുറപ്പിക്കാനുമുള്ള ഫാസിസ്റ്റ് മുന്നേറ്റത്തെ പിടിച്ചുകെട്ടിയതും ഒരു ഡസനിലധികം രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിതമായതും മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അനന്തരഫലമായിരുന്നു. അതിന് ഒരു രാജ്യത്തെ സൈനിക ശക്തി മാത്രം മതിയായിരുന്നില്ല. ഒരു ജനതയാകെ പടച്ചട്ടയണിഞ്ഞ് സൈന്യത്തിന്റെ കൂടെ നിന്നു. സൈനികര്‍ക്കൊപ്പം പടനിലങ്ങളില്‍ വീരമൃത്യു വരിച്ചു. ഓരോ വ്യക്തിയും പോരാളിയും ഓരോ ഭവനവും പോര്താവളവുമായി മാറി. ഒരു രാജ്യമാകെ പടനിലങ്ങളില്‍ നിലയുറപ്പിച്ച അതുപോലൊരു യുദ്ധമുന്നേറ്റത്തിന് ചരിത്രത്തില്‍ സമാനതകളില്ല. പുരാണങ്ങളിലോ കെട്ടുകഥകളിലോ പോലും കാണില്ല. അതായിരുന്നു സോഷ്യലിസത്തിന്റെ ആന്തരികശക്തി. ഒരു ജനതയെ മുഴുവന്‍ ഒന്നിപ്പിക്കാനാകുക എന്ന ശക്തി.
ഒരു നൂറ്റാണ്ടിന് മുമ്പുള്ള നവംബര്‍ ഏഴിന് ശേഷമാണ് അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചന സ്വപ്നങ്ങള്‍ക്ക് കരുത്ത് കൂടിയത്. അത് കമ്യൂണിസ്റ്റ് വേരുകള്‍ പടര്ന്നയിടങ്ങളില് മാത്രമായിരുന്നില്ല. ലോകത്ത് എല്ലാ ഭാഗങ്ങളിലും വിമോചനപോരാട്ടങ്ങള്‍ കരുത്താര്‍ജിച്ചു. സോഷ്യലിസ്റ്റ് സോവിയറ്റുകള്‍ക്കു മുന്നില്‍ ഫാസിസം തോറ്റുമടങ്ങിയതിന് ശേഷമുള്ള കാലത്താണ് രാജ്യങ്ങളെ അടിമകളാക്കി വാണിരുന്നവര് സ്വാതന്ത്ര്യം തിരിച്ചു നല്കി സ്വന്തം രാജ്യങ്ങളിലേയ്ക്ക് കെട്ടുകെട്ടിയതെന്നതും ചരിത്രമാണ്. ലോകജനസംഖ്യയിലെ 34.6 ശതമാനം പേര് അധിവസിക്കുന്ന ഭൂപ്രദേശങ്ങള്‍ സോഷ്യലിസത്തിലേയ്ക്കും 31.9 ശതമാനം പേര് ജീവിക്കുന്ന രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിലേയ്ക്കും നടന്നടുത്തത് ഫാസിസത്തെ സോവിയറ്റ് ചേരി കീഴടക്കിയതിന് ശേഷമായിരുന്നു.
സോവിയറ്റ് യൂണിയന് പുറമേ മംഗോളിയ, ബള്‍ഗേറിയ, ചെക്കോസ്ലോവാക്യ, പോളണ്ട്, ഹംഗറി, റുമേനിയ, ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക്, യൂഗോസ്ലാവിയ, അല്‍ബേനിയ, ചൈന, കൊറിയ, വിയറ്റ്നാം, ക്യൂബ എന്നിവയടങ്ങിയ സോഷ്യലിസ്റ്റ് ചേരിയും അതിനോടൊപ്പം നവലിബറല്‍ രാജ്യങ്ങളും കൂടിയഒരു ചേരിയും അതോടനുഭാവമുള്ള ചേരിചേരാ പ്രസ്ഥാനങ്ങളും ചേര്‍ന്ന ശാക്തികസഖ്യം സാമ്രാജ്യത്ത കുതന്ത്രങ്ങളെയും അവര്‍ നടത്താന്‍ ശ്രമിച്ച പുതിയ അധിനിവേശശ്രമങ്ങളെയും ഭൗതിക – ആയുധ സന്നാഹങ്ങള്‍ നല്കി ചെറുത്തുനിന്നു.
വൈറ്റ് ഹൗസിലിരുന്ന് നക്ഷത്രയുദ്ധങ്ങള്‍ സ്വപ്നം കണ്ട റൊണാള്‍ഡ് റീഗന്മാര് മോസ്കോയില്‍ ചുവന്ന ചത്വരത്തിലെ (റെഡ്സ്ക്വയറിലെ) ക്രെംലിന് കൊട്ടാരത്തില്‍ നിന്നുള്ള ‘അരുതു കാട്ടാളാ’ എന്ന ആക്രോശം കേട്ട് ഞെട്ടി വിറച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു ഭീഷണിയായി ദീഗോഗാര്‍ഷ്യയില്‍ സൈനികസന്നാഹമൊരുക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രതിരോധത്തിനായി നങ്കൂരമിടാന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ യുദ്ധക്കപ്പലുകളുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിലേയ്ക്ക് ചുവട് വച്ച ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഭിലായിലും ബൊക്കാറോയിലും വ്യവസായ ശാക്തീകരണത്തിന് കൈത്താങ്ങാകാന്‍ യുഎസ്എസ്ആര്‍ എന്ന രാജ്യമുണ്ടായിരുന്നു. ഇന്ന് വൈറ്റ്ഹൗസിലിരുന്ന് ട്രംപ് യുദ്ധാസക്തിയില് എരിപൊരി കൊള്ളുമ്പോള്‍ അരുതെന്നുപറയാന്‍ കരുത്തുള്ള ശബ്ദങ്ങള്‍ പോലുമില്ലെന്നത് നമ്മെയാകെ ഭീതിപ്പെടുത്തുന്നുണ്ട്.
പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിച്ച് എല്ലാവര്ക്കും പാര്‍പ്പിടം നല്കി സമത്വത്തിന്റെ സമാനതകളില്ലാത്ത ഭരണം കാഴ്ച വയ്ക്കാനും സോഷ്യലിസത്തിന് സാധിച്ചിരുന്നുവെന്ന് പട്ടിണി പതിവായ പുതിയ കാലത്ത് സോഷ്യലിസ്റ്റ് രാജ്യങ്ങളെ കുറിച്ച് പങ്കു വയ്ക്കുന്ന മധുരമൂറുന്ന ഓര്‍മകളില്‍ ഒന്നു മാത്രമാണ്. ശാസ്ത്രത്തിന്റെയും സാംസ്കാരിക – കായികക്ഷമതകളുടെയും വമ്പിച്ച നേട്ടങ്ങള്‍, സമ്പൂര്‍ണ സാക്ഷരത എന്നിങ്ങനെ ഇല്ലാതായതിന് ശേഷം കൊട്ടിഘോഷിക്കപ്പെടുന്ന സോഷ്യലിസ്റ്റ് നേട്ടങ്ങള്‍ പിന്നെയും കിടക്കുന്നു.
മുതലാളിത്ത – ജനാധിപത്യ രാജ്യങ്ങളിലെ വിരലിലെണ്ണാവുന്ന ന്യൂനപക്ഷത്തിന്റെ സുഭിക്ഷതയും സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലടക്കമുള്ള മഹാഭൂരിപക്ഷം ജനങ്ങളുടെ നിത്യദാരിദ്ര്യവും താരതമ്യം ചെയ്യുമ്പോഴാണ് ഭക്ഷണവും തൊഴിലും പാര്‍പ്പിടവും വിദ്യാഭ്യാസവും എല്ലാ ജനങ്ങളുടെയും അടിസ്ഥാന അവകാശങ്ങളായി നടപ്പിലാക്കപ്പെട്ട സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ മഹത്വം വീണ്ടും വീണ്ടും പ്രസക്തമാകുന്നത്. ന്യൂനപക്ഷത്തിന്റെ സുഭിക്ഷതയായിരുന്നോ ഒരു രാജ്യത്തെ മുഴുവന്‍ പേരുടെയും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായിരുന്നോ നേട്ടമെന്ന ചോദ്യത്തിന് ഉത്തരമായി ചൂണ്ടിക്കാട്ടാന്‍ എഴുപത്തിനാല് വര്‍ഷത്തിലധികം നിലനിന്ന സോവിയറ്റ് യൂണിയന് എന്ന രാജ്യത്തിന്റെ ഓര്‍മകളും ചരിത്രവുമുണ്ടെന്നതുതന്നെയാണ് നൂറ്റാണ്ട് മുമ്പ് നടന്ന ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ എക്കാലത്തെയും എല്ലാവരുടെയും പ്രചോദനമാക്കുന്നത്.