Wednesday
22 Nov 2017

മോഡി വന്‍ പരാജയമാണെന്ന് തെളിയിച്ച ഒരു വര്‍ഷം

By: Web Desk | Wednesday 8 November 2017 1:22 AM IST

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രി മുന്നറിയിപ്പുകളോ സൂചനകളോ ഒന്നും നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന്റെ അടുത്ത ദിവസം എല്ലാ മാധ്യമങ്ങളെയുമെന്ന പോലെ ഞങ്ങളും അതുതന്നെയാണ് ഒന്നാം പേജിലെ പ്രധാന വാര്‍ത്തയാക്കിയത്. എല്ലാവരും ധീരമായ ചുവടുവയ്‌പെന്ന് അതിന് അനുബന്ധ വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ ഞങ്ങള്‍ നല്‍കിയ അനുബന്ധ വാര്‍ത്തയുടെ തലക്കെട്ട് ‘മറ്റൊരു തുഗ്ലക്ക് പരിഷ്‌കാരം’ എന്നായിരുന്നു. അക്ഷരാര്‍ഥത്തില്‍ അതായിരുന്നു ശരിയെന്ന് നോട്ടുനിരോധനം നിലവില്‍ വന്ന ആദ്യമണിക്കൂറില്‍ തന്നെ നാം അനുഭവിച്ചു തുടങ്ങി.
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികള്‍ കള്ളപ്പണം, കള്ളനോട്ട്, ഭീകരപ്രവര്‍ത്തനം എന്നിവയാണെന്നും അത് തടയുന്നതിന് ജനങ്ങള്‍ കുറച്ചുകാലത്തേയ്ക്ക് സഹിക്കണമെന്നും പറഞ്ഞായിരുന്നു മോഡി ആ രാത്രിയിലെ പ്രഖ്യാപനം നടത്തിയത്. ചടുലമായ വാഗ്‌ധോരണികളുമായി പറഞ്ഞുപറ്റിക്കാന്‍ കഴിയുന്നൊരു ഭരണാധികാരിയാണെന്ന് ബോധ്യമുള്ളവരായിരുന്നുവെങ്കിലും ജനം ആ പ്രഖ്യാപനത്തെ ധീരമാണെന്ന് ആദ്യം കരുതി. എന്നാല്‍ പിന്നീടുള്ള ഓരോ നിമിഷവും ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും തുഗ്ലക്കിനെയും തോല്‍പ്പിച്ച തീരുമാനമായിരുന്നു അതെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
ഒരു വര്‍ഷത്തിനിടയില്‍ ഈയൊരു മണ്ടന്‍ തീരുമാനംകൊണ്ട് ജനങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയും അനുഭവിച്ച ഗുരുതരമായ പ്രതിസന്ധികള്‍ വിലയിരുത്തുവാന്‍ ഈയൊരു കുറിപ്പിലൂടെ സാധ്യമല്ല തന്നെ. അത്രയധികം തിരിച്ചടികളാണ് ഒരു രാത്രി പ്രഖ്യാപനംകൊണ്ട് രാജ്യം അനുഭവിക്കേണ്ടി വന്നത്, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് 2016 ഡിസംബര്‍ 31 വരെയായിരുന്നു ആദ്യം സമയം നല്‍കിയതെങ്കില്‍ പിന്നീടത് കഴിഞ്ഞ മാര്‍ച്ച് 31 വരെയും അതിന് ശേഷം ഉപാധികളോടെ കുറച്ചുമാസത്തേയ്ക്ക് കൂടിയും നീട്ടിനല്‍കി. അതിനുശേഷം റിസര്‍വ് ബാങ്ക് ഓഗസ്റ്റ് 31 ന് പുറത്തുവിട്ട കണക്കുകള്‍ മാത്രം മതി നോട്ടുനിരോധനം എത്ര വലിയ പരാജയമായിരുന്നുവെന്ന് വ്യക്തമാകാന്‍. നിരോധിക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ തിരികെയെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടിയില്‍ 15.28 ലക്ഷം കോടിയും തിരികെയെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലുണ്ടായിരുന്നത്. കള്ളപ്പണം വിദേശങ്ങളിലാണെന്നും അത് ഇവിടെ കണ്ടെത്തുക പ്രയാസമാണെന്നും നോട്ടുനിരോധനം ഫലം കാണില്ലെന്നും പറഞ്ഞ സാമ്പത്തിക വിദഗ്ധരായിരുന്നു ശരിയെന്ന് ഇതിലൂടെ തെളിഞ്ഞു. മോഡിയുടെ സാമ്പത്തിക മാനേജ്‌മെന്റ് ദയനീയ പരാജയമാണെന്നും വ്യക്തമായി. തെരഞ്ഞെടുപ്പ് കാലത്ത് മോഡി തന്നെ പറഞ്ഞിരുന്നത് കള്ളപ്പണം വിദേശത്താണെന്നും അത് കണ്ടെത്തി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് ഓരോ പൗരന്മാര്‍ക്കും വീതിച്ചു നല്‍കുമെന്നുമായിരുന്നു. 15 ലക്ഷം രൂപ വീതം നല്‍കുമെന്നും പറഞ്ഞിരുന്നു. അതേ മോഡി കള്ളപ്പണം ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തിയത് എങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്നുമാത്രമല്ല, വിദേശത്തുള്ള കള്ളപ്പണത്തിന്റെ പുതിയ കണക്കുകള്‍ കൂടി കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ മോഡി ഒരു പരിഹാസ കഥാപാത്രമായി കൂടി മാറുകയാണ്.
നോട്ടുനിരോധനത്തിന്റെ മറ്റൊരു ലക്ഷ്യമായി പറഞ്ഞത് കള്ളനോട്ടിന്റെ കാര്യമായിരുന്നു. അത് എവിടെ പോയെന്നും എത്ര കള്ളനോട്ടുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും വ്യക്തമാക്കാന്‍ ഇതുവരെ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ലെന്നതും തീരുമാനത്തിന്റെ മറ്റൊരു പരാജയത്തിന് ഉദാഹരണമാണ്.
ഇതുതന്നെയാണ് ഭീകരതയുമായി ബന്ധപ്പെട്ട വിഷയം. നോട്ടുനിരോധനത്തിന് ശേഷമുള്ള പതിനൊന്ന് മാസത്തിനിടെ ഭീകരാക്രമണങ്ങളില്‍ 34 ശതമാനം വര്‍ധനയുണ്ടായെന്ന് കണക്ക് ഒരു മാസം മുമ്പാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ 24 വരെയുള്ള പത്തുമാസത്തിനിടെ ജമ്മു കശ്മീരില്‍ മാത്രം 323 ഭീകരാക്രമണങ്ങള്‍ നടന്നു. യഥാര്‍ഥത്തില്‍ കശ്മീരിലും പരിസരങ്ങളിലും നടന്നിരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുകയാണുണ്ടായത്.
നോട്ടുനിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ വന്‍ ശേഖരം പിടിച്ചെടുത്ത കേസുകളില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ബിജെപിക്കാരും അവരുമായി ബന്ധമുള്ളവരുമാണെന്നതും നോട്ടുനിരോധനത്തിന്റെ ലക്ഷ്യം മോഡി പ്രഖ്യാപിച്ചത് തന്നെയായിരുന്നുവോ എന്ന സംശയവും ബലപ്പെടുത്തുന്നു. ബിജെപിക്കാര്‍ക്കും അവരുടെ ഉറ്റചങ്ങാതിമാരായ വ്യാപാരി – വ്യവസായികള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള വഴിയായിരുന്നോ നോട്ടുനിരോധനമെന്ന ചോദ്യത്തിനും പ്രസക്തി ഏറുകയാണ്.
ഇതിനെല്ലാം പുറമേയാണ് നോട്ടുനിരോധനം സമ്പദ്ഘടനയ്ക്ക് ഉണ്ടാക്കിയ കനത്ത ആഘാതം. നോട്ട് അച്ചടിക്കുവേണ്ടി പതിനായിരത്തോളം കോടി രൂപ അധികം ചെലവഴിച്ചുണ്ടാക്കിയ ബാധ്യതയ്ക്കു പുറമേ എല്ലാ മേഖലകളിലും തിരിച്ചടി ഉണ്ടായതിന്റെ ഫലമായി സമ്പദ്ഘടന കൂപ്പുകുത്തി. വളര്‍ച്ചാ നിരക്ക് പിറകോട്ടടിച്ചു. ഉല്‍പാദനമേഖല സ്തംഭിച്ചു, പരമ്പരാഗത മേഖല തളര്‍ന്നു, വ്യാവസായികോല്‍പാദനം കൂപ്പുകുത്തി. ഇതിന്റെയെല്ലാം ഫലമായി രാജ്യത്ത് വന്‍ വിലക്കയറ്റവുമുണ്ടായി.
തകര്‍ന്നുപോയൊരു സമ്പദ്ഘടനയും ദുരിതത്തിലായൊരു ജനതയുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മനസിലാക്കാന്‍ കൂട്ടാക്കാതെ നെഞ്ചുവിരിച്ചുനടക്കുന്ന ഭരണാധികാരി, നരേന്ദ്രമോഡി ഒരു വലിയ പരാജയമാണെന്നാണ് നോട്ടുനിരോധനം തെളിയിക്കുന്നത്.