Thursday
18 Oct 2018

രാഷ്ട്രീയ മാറ്റത്തിന് ആഹ്വാനം നല്‍കുന്ന തൊഴിലാളിവര്‍ഗ മുന്നേറ്റം

By: Web Desk | Friday 10 November 2017 1:00 AM IST

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ദേശത്തിനും എതിരായ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകളുടെ ത്രിദിന പാര്‍ലമെന്റ് ധര്‍ണ ഇന്നലെ രാഷ്ട്രതലസ്ഥാനത്ത് ആരംഭിച്ചു. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ വ്യവസായങ്ങളിലേയും സ്ഥാപനങ്ങളിലേയും തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകളും ഉള്‍പ്പെട്ട സംയുക്തവേദിയുടെ ആഭിമുഖ്യത്തിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ധര്‍ണയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി അമ്പതിനായിരത്തിലധികം തൊഴിലാളികള്‍ ധര്‍ണയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കല്‍ക്കരി, ഉരുക്ക്, ഗതാഗതം, ടെലികോം, പെട്രോളിയം, വൈദ്യുതി, തുറമുഖം, എന്‍ജിനീയറിങ്, നിര്‍മാണം, പദ്ധതി തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, റയില്‍വേ, ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം തുടങ്ങി സമസ്ത തൊഴില്‍ മേഖലകളില്‍ നിന്നുമുള്ള തൊഴിലാളികള്‍ സമരത്തില്‍ അണിനിരക്കും. മൂന്ന് ദിവസത്തെ രാഷ്ട്രതലസ്ഥാനത്തെ ധര്‍ണയെത്തുടര്‍ന്ന് സംയുക്ത തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ അനിശ്ചിതകാല പണിമുടക്കമടക്കം വിവിധ തുടര്‍സമരപരിപാടികള്‍ക്കാണ് സംഘടനകള്‍ തയാറെടുക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തൊഴിലാളി സംഘടനകള്‍ ഉന്നയിച്ചുവരുന്ന പന്ത്രണ്ടിന അവകാശ പത്രികയോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്നത്. ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ഒഴികെ മറ്റെല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സമരമുഖത്താണ്. രാഷ്ട്രീയ കാരണങ്ങളാല്‍ സംയുക്ത ട്രേഡ് യൂണിയന്‍ വേദിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ബിഎംഎസ് പോലും തൊഴിലാളി സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, കുറഞ്ഞ കൂലി 18,000 രൂപയായി നിശ്ചയിക്കുക, മികച്ച പെന്‍ഷന്‍ അടക്കം സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറുക, പൊതുമേഖലയെ തകര്‍ക്കുന്ന കോര്‍പ്പറേറ്റ് അനുകൂല നയങ്ങളില്‍ നിന്നും പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വര്‍ഷങ്ങളായി തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്നത്. തൊഴിലാളികളുടെ നീതിപൂര്‍വമായ ആവശ്യങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ അതിന്റെ ജനവിരുദ്ധ നയങ്ങളിലൂടെ തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവിതത്തെ കൂടുതല്‍ ദുഷ്‌കരവും ദുരിതപൂര്‍ണവുമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ പോലും സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. നോട്ട് നിരോധനമെന്ന സാഹസിക സാമ്പത്തിക നടപടിയും ചരക്ക് സേവന നികുതിയെന്ന വിനാശകരമായ നികുതിപരിഷ്‌കാരവും രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും തൊഴില്‍ സംരംഭങ്ങളെയും അപ്പാടെ തകര്‍ത്തുകളഞ്ഞു. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് തങ്ങളുടെ തുച്ഛവേതനം പോലും നിഷേധിക്കപ്പെട്ട് തൊഴില്‍രഹിതരായി മാറിയത്. ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന നിര്‍മാണ മേഖല അപ്പാടെ സ്തംഭനത്തിലാണ്. കേന്ദ്രസര്‍ക്കാരാകട്ടെ തങ്ങളുടെ നയപരമായ പരാജയവും പാളിച്ചകളും അംഗീകരിക്കാതെ വാചാടോപത്തിന്റെയും തികഞ്ഞ കാപട്യത്തിന്റെയും പാതയിലാണ്.

തങ്ങളുടെ കോര്‍പറേറ്റ് പ്രീണനഭരണം തുടരാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ മതത്തിന്റെയും മൂഢവിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് നടത്തിവരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ മോഡി ഭരണം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ അസംതൃപ്തിയും രോഷവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അസംതൃപ്തരായ തൊഴിലാളികളും കര്‍ഷകരും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി നടത്തുന്ന ചെറുത്തുനില്‍പുകള്‍ക്കും പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയമാനം നല്‍കുകയെന്നതാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ഇന്നത്തെ കടമ. നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നത് അതിസമ്പന്നരുടേയും കോര്‍പറേറ്റുകളുടെയും ബഹുരാഷ്ട്ര മൂലധനത്തിന്റെയും താല്‍പര്യങ്ങളെയാണ്. അവര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാരടക്കം അധ്വാനിക്കുന്ന ഒരു ജനവിഭാഗത്തിനും സാമ്പത്തികനീതി ഉറപ്പുവരുത്താനാകില്ല. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന പ്രക്ഷോഭസമരങ്ങളെ ജനാധിപത്യ പുനഃസ്ഥാപനത്തിനും സാമ്പത്തിക, സാമൂഹിക നീതിക്കുംവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ അനിവാര്യ ഘടകമാക്കി മാറ്റുക എന്നതാണ് വര്‍ഗരാഷ്ട്രീയത്തിന്റെ ഇന്നത്തെ കര്‍ത്തവ്യം. രാഷ്ട്രതലസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രക്ഷോഭം രാഷ്ട്രീയമാറ്റത്തിനുവേണ്ടിയുള്ള വിശാലമുന്നേറ്റത്തിന്റെ നാന്ദിയാക്കി മാറ്റാന്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുന്ന ആഹ്വാനമാണ്.