Tuesday
17 Jul 2018

കേരളത്തിനെതിരായ ബിജെപി ശ്രമങ്ങളെ കരുതിയിരിക്കുക

By: Web Desk | Thursday 5 October 2017 1:27 AM IST

കേരളം ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍ നിന്ന് ഏതെല്ലാം വിധം വ്യത്യസ്തമായി നിലകൊള്ളുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എല്ലാ വീടുകളിലും ശുചിമുറികളും നാടെമ്പാടും ശുചിത്വവുമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്ര പദ്ധതി വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ച സംസ്ഥാനമായിരുന്നു കേരളം. ശുചിത്വ മിഷന്‍ രൂപീകരിക്കുകയും അതിന്റെ മുന്‍കയ്യില്‍ പ്രാദേശിക ഭരണ സംവിധാനങ്ങളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ശുചിത്വകേരളമെന്ന ലക്ഷ്യം നേടുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത സംസ്ഥാനവും കേരളമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ച പ്രസ്തുത പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടി ഭൗതിക സഹായം ലഭ്യമായതോടെ വേഗതനേടിയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും ആര്‍ജിക്കാന്‍ കേരളത്തിന് സാധിച്ചു. ശൗചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ച് നല്‍കുന്നതിനായിരുന്നു സ്വച്ഛ്ഭാരത് പദ്ധതിയുടെ ആദ്യ ഊന്നല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളമാണ് ഇക്കാര്യം ഏറ്റവും നന്നായി നിര്‍വ്വഹിച്ചതെന്ന് കണക്കുകള്‍ പറയുന്നു. മൂന്ന് വര്‍ഷത്തിനിടെ ഇവരില്‍ 82 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയം ആയി. 25000 ടോയ്‌ലറ്റുകളാണ് സംസ്ഥാനത്ത് നിര്‍മ്മിച്ചത്. അതേസമയം 10 കുടുംബങ്ങള്‍ക്ക് ഒരു ശൗചാലയം എന്ന നിലയിലാണ് ബിഹാറിലും ഉത്തര്‍പ്രദേശിലും പദ്ധതി പ്രാവര്‍ത്തികമാക്കിയത്.
ശുചിത്വകാര്യത്തില്‍ കൈവരിച്ചതിന് സമാനമായ നിരവധി നേട്ടങ്ങള്‍ ഇതിന് മുമ്പ് തന്നെ കേരളം സ്വന്തമാക്കിയിട്ടുണ്ട്. ആരോഗ്യ – വിദ്യാഭ്യാസ – തൊഴില്‍ മേഖലകളില്‍ ആയാലും ശിശുപരിപാലനരംഗത്തായാലും മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളം ഇപ്പോഴും മുന്നില്‍ തന്നെ നില്‍ക്കുകയാണ്. സാംസ്‌കാരിക മുന്നേറ്റത്തിന്റെയും നവോത്ഥാന ചിന്തകളുടെയും പുരോഗമന ആശയങ്ങളുടെയും വ്യാപ്തിയുടെയും കാര്യത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളം മുന്നില്‍ തന്നെ നില്‍ക്കുകയാണ്.
ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം സമീപകാലത്ത് ആര്‍എസ്എസ് – സംഘപരിവാര്‍ ശക്തികളും കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തെ അടച്ചാക്ഷേപിക്കാനും പ്രത്യേക ലക്ഷ്യത്തോടെയുള്ള കുപ്രചരണങ്ങള്‍ നടത്താനും ശ്രമിക്കുന്നതിനെ സമീപിക്കേണ്ടത്. കൊച്ചുസംസ്ഥാനമെന്ന നിലയില്‍ പല കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകളിലൂടെ അപമാനിക്കാനാണ് സംഘപരിവാര്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുന്നത്. നാഗ്പൂരില്‍ നവമി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനകളിലും ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ബിജെപി മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ബിജെപി കേന്ദ്ര നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളിലും തെളിഞ്ഞുനില്‍ക്കുന്നത് എതിര്‍ ശബ്ദങ്ങളെ അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യം തന്നെയാണ്.
ഇന്ത്യയില്‍ ബിജെപി നടത്തുന്ന വര്‍ഗീയ – ഫാസിസ്റ്റ് സമീപനങ്ങളെ ചെറുക്കുന്നതില്‍ ചാഞ്ചല്യമില്ലാതെ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളം. ഇടതുപക്ഷത്തിനുള്ള ശക്തമായ വേരോട്ടവും അതിനാല്‍ തന്നെ സംഘപരിവാറിന് നേരായ മാര്‍ഗത്തിലൂടെ വേരുപിടിക്കാന്‍ സാധിക്കാത്ത സാഹചര്യവും അവരെ വല്ലാതെ വിറളിപിടിപ്പിക്കുന്നുണ്ട്. വര്‍ഗീയതയെയും അസഹിഷ്ണുതയേയും പടിക്കു പുറത്തു നിര്‍ത്തുന്ന കേരളത്തില്‍ തങ്ങളുടെ ദുഷ്ടലാക്കുകളൊന്നും നടക്കുന്നില്ലെന്ന് വരുന്നതുകൊണ്ടാണ് കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് ലക്ഷ്യം വച്ചുകൊണ്ടുള്ള കുപ്രചരണങ്ങള്‍ക്ക് അവര്‍ സന്നദ്ധമായിരിക്കുന്നത്.
നിരവധി സംസ്ഥാനങ്ങളുള്ള രാജ്യത്ത് കേരളത്തെയോര്‍ത്ത് മാത്രം ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഇത്രയധികം വേവലാതിപ്പെടുന്നതിന് പിന്നിലെ കാരണം വ്യക്തമാണ്. രാജ്യത്താകെയും സംഘപരിവാറിനകത്തും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ എതിര്‍പ്പുകള്‍ ശക്തമായിക്കൊണ്ടിരിക്കുകയുമാണ്. അതിനെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് വിലപിക്കുന്ന ബിജെപി നേതാക്കള്‍ മറ്റിതര സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തെ കുറിച്ചും അവിടങ്ങളിലെ ജനജീവിതത്തെ കുറിച്ചും ചിന്തിക്കാന്‍ അല്‍പസമയമെങ്കിലും മിനക്കെടുന്നത് നന്നായിരിക്കും. അധികാരമേറ്റ് ആറുമാസം മാത്രം പൂര്‍ത്തിയായ ഉത്തര്‍പ്രദേശില്‍ നടക്കുന്ന അതിക്രമങ്ങള്‍, ബിജെപി ദശകങ്ങളായി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സമാഹ്യമായ പിന്നാക്കാവസ്ഥ, അഴിമതി എന്നിവയെ താരതമ്യം ചെയ്യുമ്പോള്‍ എത്രയോ മെച്ചപ്പെട്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. എന്നിട്ടും കേരളത്തെ മാത്രം ലക്ഷ്യംവച്ച് കുപ്രചരണങ്ങള്‍ നടത്തുന്നത് ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്നതില്‍ തര്‍ക്കമില്ല. ഇത്തരം കുപ്രചരണങ്ങള്‍കൊണ്ടോ പ്രസ്താവനകള്‍കൊണ്ടോ കേരളത്തിന്റെ നേട്ടങ്ങളും ആര്‍ജിച്ച നന്മകളും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്.

 

Related News