Tuesday
17 Jul 2018

ലോകകപ്പ് സ്വപ്‌നം യാഥാര്‍ഥ്യമാകുമ്പോള്‍

By: Web Desk | Friday 6 October 2017 1:07 AM IST

ന്നുമുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മാറുകയാണ്. കാല്‍പന്തുകളിയുടെ ഇന്ത്യന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇന്നത്തെ ദിവസം പ്രത്യേകം അടയാളപ്പെട്ടിരിക്കും. 87 വര്‍ഷത്തെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ലോകകപ്പ് ഫുട്‌ബോളില്‍ പന്ത് തട്ടും. ഇതൊരു തുടക്കമാണ്. ഭാവിയിലേക്കുള്ള ചുവടുവയ്പാണ്.
ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ ഒരു ടൂര്‍ണമെന്റിനു ഇന്ത്യ വേദിയാവുന്നത്. ഉറങ്ങുന്ന ഭീമന്‍മാരെന്നായിരുന്നു മുന്‍ ഫിഫ പ്രസിഡന്‍് സെപ് ബ്ലാറ്റര്‍ ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിനെ ഉണര്‍ത്താനുള്ള ശ്രമത്തിലാണ് ഫിഫ. ഇതിന്റെ ഭാഗമായാണ് പതിനേഴാം കൗമാര ലോകകപ്പിന് വേദിയാവാനുള്ള അവസരം ഇന്ത്യക്കു കൈവന്നത്.
ആതിഥ്യം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഒരുക്കങ്ങളില്‍ സംഘാടകരായ ഫിഫയെ സംതൃപ്തരാക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് സാധിച്ചിട്ടുണ്ട്. ഭാവിയിലേക്കുള്ള ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന വേദിയെന്ന നിലയില്‍ കായികലോകത്തിന്റെ ശ്രദ്ധ ഇനിയുള്ള 22 ദിവസവും ഇന്ത്യയിലേക്കായിരിക്കും. ക്ലബ് ഫുട്‌ബോളില്‍ താരോദയങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരുപിടി യുവ കളിക്കാര്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകുന്നുണ്ട്.
ആതിഥേയരടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, അമേരിക്ക, കൊളംബിയ, ഘാന എന്നിവരും ബിയില്‍ പരാഗ്വേ, തുര്‍ക്കി, മാലി, ന്യൂസിലന്‍ഡ് എന്നിവരും സിയില്‍ ജര്‍മനി, കോസ്റ്ററിക്ക, ഇറാന്‍, ഗ്വിനിയ എന്നിവരും ഡിയില്‍ ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍, ഉത്തര കൊറിയ എന്നിവരും ഇയില്‍ ഫ്രാന്‍സ്, ജപ്പാന്‍, ഹോണ്ടുറാസ്, ന്യൂ കാലിഡോണിയ എന്നിവരും എഫില്‍ ഇംഗ്ലണ്ട്, ചിലി, മെക്‌സിക്കോ, ഇറാഖ് എന്നിവരും മത്സരിക്കും. ആറു നഗരങ്ങളാണ് മല്‍സരങ്ങള്‍ക്കു വേദിയാവുക. 28ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വിശ്വവിജയികളെ നിശ്ചയിക്കും. ആകെ 504 യുവ കളിക്കാരാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കാനെത്തുക.
ലോകകപ്പിന് ഇന്ത്യയെ നയിക്കുന്ന ആദ്യ ക്യാപ്റ്റനാവുകയാണ് അമര്‍ജിത് സിങ് കിയാം. ആതിഥേയരെന്ന നിലയ്ക്കാണ് യോഗ്യത നേടിയതെങ്കിലും കോടാനുകോടി ജനങ്ങളുടെ പ്രതീക്ഷയും പേറിയാണ് അമര്‍ജിതിന്റെ നായകത്വത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ ഇറങ്ങുന്നത്. 1950 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീം യോഗ്യത നേടിയിരുന്നെങ്കിലും കളിക്കാതെ പിന്‍വാങ്ങുകയായിരുന്നു. ഇത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നോട്ടുള്ള യാത്രയെ എത്രത്തോളം ബാധിച്ചുവെന്നത് ഇന്ത്യയുടെ ഫിഫ റാങ്കിങിലെ സ്ഥാനം തെളിയിക്കും. 140-150 സ്ഥാനങ്ങളില്‍ നിന്നും സമീപകാലത്താണ് ഇന്ത്യ റാങ്കിങില്‍ ആദ്യ നൂറിനുള്ളിലേക്കെങ്കിലും എത്തിയത്. ഇന്ത്യയ്ക്ക് ഇതുവരെ ലോകകപ്പില്‍ കളിക്കാനായിട്ടില്ലെന്നത് എല്ലാ കായികപ്രേമികളുടേയും ദുഃഖമാണ്.
മികച്ചരീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പോര്‍ച്ചുഗീസ് പരിശീലകനായ ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസിന്റെ കീഴില്‍ ഇന്ത്യന്‍ കുട്ടികള്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടൂര്‍ണമെന്റിനായി ടീം ഇത്രയും മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്നതും ശ്രദ്ധേയം. ടീമിന്റെ തയ്യാറെടുപ്പുകള്‍ക്കായി 15 കോടി രൂപ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെലവഴിച്ചു. 18 രാജ്യങ്ങളിലാണ് ഇന്ത്യന്‍ കൗമാരനിര പരിശീലന മല്‍സരങ്ങള്‍ കളിച്ചത്. ഇതിന്റെയെല്ലാം ഫലം കളിക്കളത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മുന്‍ ചാമ്പ്യന്മാരായ യുഎസ്എയും ഘാനയും കൊളംബിയയും അടങ്ങുന്ന ഗ്രൂപ്പില്‍ കളിക്കുന്ന ഇന്ത്യ നോക്കൗട്ട് പ്രവേശനം പോലും പ്രതീക്ഷിക്കുന്നില്ലെങ്കിലും വമ്പന്മാരോടേറ്റുമുട്ടുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ചില മിന്നും താരങ്ങള്‍ ഇന്ത്യന്‍ നിരയിലുമുണ്ട്. ഭാവിയില്‍ ഒരു പക്ഷെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളാവാന്‍ ശേഷിയുള്ളരും ഇവരിലുണ്ടാവാം.
ലോകകപ്പ് ആരവത്തിനൊപ്പം കേരളവുമുണ്ട്. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങള്‍ക്കാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും മലയാളനാടും ആതിഥേയത്വം വഹിക്കുക. ലോക ഫുട്‌ബോളിലെ രാജാക്കന്‍മാരായ ബ്രസീല്‍, സ്‌പെയിന്‍ എന്നിവരുടെ കളികള്‍ ആരാധകരെ ഹരംകൊള്ളിക്കാന്‍ കൊച്ചിയിലുണ്ട്. 21 അംഗ ഇന്ത്യന്‍ ടീമിലുമുണ്ട് മലയാളി പ്രാതിനിധ്യം. മധ്യനിരയില്‍ കെ പി രാഹുലാണ് കേരളത്തിന്റെ അഭിമാനമാവുക.
ഫുട്‌ബോളിന്റെ കുത്തക നിലനിര്‍ത്തിപ്പോരുന്ന ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇത് വലിയൊരു ടൂര്‍ണ്ണമെന്റല്ല. ഫുട്‌ബോള്‍ പാരമ്പര്യമുള്ള പല പ്രമുഖരാജ്യങ്ങളും കളിയിലേക്ക് യോഗ്യത നേടിയിട്ടുമില്ല. എങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിനിത് കുട്ടികളുടെ ടൂര്‍ണ്ണമെന്റല്ല, സ്വപ്‌നസാക്ഷാത്കാരമാണ്. ഇന്ത്യന്‍ താരോദയങ്ങള്‍ക്ക് അനുഭവസമ്പത്ത് പകരുന്നതിനോടൊപ്പം രാജ്യത്തെ ഫുട്‌ബോള്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പിന്തുണ വര്‍ധിക്കുന്നതിനും ലോകകപ്പ് വഴിയൊരുക്കും. ഇന്ത്യ കളിക്കുന്ന മത്സരങ്ങളുടെ ഫലം എന്തുമാകട്ടെ, വേദി ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യ ജേതാക്കളായി എന്നായിരുന്നു ഫിഫ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ക്രൊയേഷ്യന്‍ ഇതിഹാസതാരവുമായ വോനിമിര്‍ ബോബന്‍ മുമ്പൊരിക്കല്‍ അഭിപ്രായപ്പെട്ടത്.
ക്രിക്കറ്റിനോളമില്ലെങ്കിലും പരിഗണന ലഭിച്ചുതുടങ്ങിയതോടെ രാജ്യത്ത് ഫുട്‌ബോളും വളര്‍ച്ചയുടെ പാതയിലാണെന്ന് നിസ്സംശയം പറയാം. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ വാണിജ്യസാധ്യതകളെ തുറന്നിരിക്കുന്നു. കോടികള്‍ പ്രതിഫലം ലഭിക്കുന്ന കളിക്കാര്‍ രാജ്യത്തുണ്ടായിരിക്കുന്നു. ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്ക് കൂടുതല്‍ കാണികളെ ലഭിച്ചുതുടങ്ങിയിരിക്കുന്നു. ടൂര്‍ണ്ണമെന്റുകള്‍ മികച്ചരീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്നു. തീര്‍ച്ചയായും ഇതെല്ലാം ലോക ഫുട്‌ബോളും ഇന്ത്യന്‍ ഫുട്‌ബോളും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

Related News