Wednesday
18 Jul 2018

ഏകീകൃത തെരഞ്ഞെടുപ്പ് മറ്റൊരു തുഗ്ലക്ക് പരിഷ്‌കാരം

By: Web Desk | Saturday 7 October 2017 1:30 AM IST

ടുത്തവര്‍ഷം സെപ്റ്റംബര്‍ മാസത്തോടെ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാണെന്ന ഇലക്ഷന്‍ കമ്മിഷണര്‍ ഒ പി റാവത്തിന്റെ പ്രഖ്യാപനം സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നരേന്ദ്രമോഡിയുടേയും ബിജെപിയുടേയും മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം), വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീന്‍ എന്നിവ നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ തയാറാക്കാനാവും എന്നതിനപ്പുറം അത്തരം ഒരു സംരംഭത്തിന് ആവശ്യമായ ഭരണഘടനാപരവും രാഷ്ട്രീയവും പ്രായോഗികവുമായ വിശദാംശങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാതെ ‘രാജാവിനെക്കാള്‍ കടുത്ത രാജഭക്തി’ പ്രകടിപ്പിക്കാനുള്ള തിടുക്കമായേ ഈ പ്രസ്താവനയെ കാണാനാവൂ. 15,400 കോടി രൂപയുടെ യന്ത്രങ്ങള്‍ വാങ്ങി വിന്യസിക്കുക എന്ന സാങ്കേതിക നടപടിക്കപ്പുറം രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പിനെത്തന്നെ വെല്ലുവിളിക്കുന്ന തലതിരിഞ്ഞ, പൊള്ളയായ സാങ്കേതിക പരിഷ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സുപ്രധാന ഘടകമായ രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു വിധ കൂടിയാലോചനകള്‍ നടത്താതെയും അവയ്ക്കിടയില്‍ സമവായത്തിനുള്ള യാതൊരു ശ്രമവും നടത്താതെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ ഏകപക്ഷീയമായ പ്രഖ്യാപനമാണ് ഇത്. അതുകൊണ്ടുതന്നെ ഒരു ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തെ അങ്ങേയറ്റം നിരുത്തരവാദപരമെന്ന് വിശേഷിപ്പിക്കാതിരിക്കാന്‍ കഴിയില്ല.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പ് രീതിയും അതിന്റെ സമയക്രമവും ഏതെങ്കിലും നിയമനിര്‍മാണത്തിലൂടെയോ പ്രഖ്യാപനത്തിലൂടെയോ ഭരണാധികാരികളുടെ ഇഷ്ടാനിഷ്ടങ്ങളിലൂടെയോ ഉരുത്തിരിഞ്ഞ ഒന്നല്ല. അത് കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി രാജ്യത്തിന്റെ ജനാധിപത്യ അനുഭവങ്ങളിലൂടെ വളര്‍ന്നുവന്ന ഒന്നാണ്. അക്കാരണത്താല്‍ തന്നെ യാന്ത്രികമായി അതിനെ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആകര്‍ഷകമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാവുന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ മൗഢ്യമായി കാലം വിലയിരുത്തും. സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ (1952) 1967ല്‍ നാലാം ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ രാജ്യത്ത് അത്തരം തെരഞ്ഞെടുപ്പ് രീതിയാണ് നിലനിന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ വന്ന മൗലികമാറ്റങ്ങളും രാഷ്ട്രീയ ബലതന്ത്രത്തില്‍ വന്നുചേര്‍ന്ന പരിണാമങ്ങളുമാണ് നിലവിലുള്ള തെരഞ്ഞെടുപ്പ് രീതിയിലേയ്ക്ക് മാറാന്‍ നമ്മെ നിര്‍ബന്ധിതമാക്കിയത്. അന്നത്തെക്കാള്‍ എത്രയോ സങ്കീര്‍ണവും വൈവിധ്യവുമാര്‍ന്ന രാഷ്ട്രീയാന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നതു മാത്രം ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യത്തിന്റെ പൊള്ളത്തരവും അപ്രായോഗികതയും വ്യക്തമാക്കും. പണക്കൊഴുപ്പിന്റെയും പേശീബലത്തിന്റെയും കോര്‍പ്പറേറ്റ് മാധ്യമ പിന്തുണയോടെ നടത്തുന്ന പക്ഷപാതപരമായ പ്രചണ്ഡ പ്രചാരണത്തിന്റെയും പിന്‍ബലത്തില്‍ തങ്ങളുടെ ഭരണം ശാശ്വതവല്‍ക്കരിക്കാനാവുമെന്ന നരേന്ദ്രമോഡിയുടെയും സംഘ്പരിവാറിന്റെ അബദ്ധധാരണ മാത്രമാണ് തെരഞ്ഞെടുപ്പ് ഏകീകരണമെന്ന ഈ തന്ത്രത്തിന്റെ പിന്നിലുള്ളത്.
ഭരണഘടനയുടെ അനുഛേദം 83(2), അനുഛേദം 172 എന്നിവയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ് ഏകീകൃത തെരഞ്ഞെടുപ്പ് എന്ന ആശയം. ലോകസഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധിയെ സംബന്ധിക്കുന്നതാണ് ഇരു വ്യവസ്ഥകളും. സംസ്ഥാന അസംബ്ലികള്‍ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന ഭരണഘടനയുടെ 356-ാം അനുഛേദം നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത തെരഞ്ഞെടുപ്പ് എങ്ങനെ നടപ്പാക്കാനാവുമെന്നും ചോദ്യം ഉയരുന്നു. കേരളം പോലെ താരതമേ്യന കൊച്ചു സംസ്ഥാനത്തുപോലും ഒറ്റദിവസംകൊണ്ട് പോളിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത രാജ്യത്ത് ഒരു ഏകീകൃത തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം പൂര്‍ത്തിയാക്കാനാവശ്യമായ അര്‍ധസൈനിക സേനാവിഭാഗങ്ങളുടെ ലഭ്യത പോലും ബന്ധപ്പെട്ടവര്‍ പരിഗണിച്ചിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏതാണ്ടെല്ലാം തന്നെ ഈ നിര്‍ദേശത്തിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി ഇതിനകം രംഗത്തുവന്നിട്ടുണ്ട്. നോട്ട് അസാധൂകരണം, ജിഎസ്ടി തുടങ്ങി ആവശ്യമായ ആലോചന കൂടാതെ അമിതോത്സാഹത്തോടെ നടപ്പാക്കിയ പരിഷ്‌കാര നടപടികള്‍ രാഷ്ട്ര സമ്പദ്ഘടനയ്ക്കും ജനജീവിതത്തിനും വരുത്തിവച്ച വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറാന്‍ എത്രകാലം വേണ്ടിവരുമെന്നുപോലും കണക്കാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഒരു ഭരണകൂടത്തിന്റെ മനോധര്‍മത്തിനനുസരിച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം തന്നെ തകര്‍ക്കാന്‍ അനുവദിച്ചുകൂട. തെരഞ്ഞെടുപ്പ് പരിഷ്‌കാരം സംബന്ധിച്ച വിലപ്പെട്ട മറ്റെല്ലാ നിര്‍ദേശങ്ങളും ഒറ്റയടിക്ക് അട്ടിമറിക്കുക കൂടിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Related News