Tuesday
17 Jul 2018

ഗതികെട്ട ആര്‍എസ്എസും ബിജെപിയും

By: Web Desk | Sunday 8 October 2017 1:58 AM IST

നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നേരും നെറിയുമില്ലാതെ നടപ്പാക്കിയും കോര്‍പ്പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രാജ്യത്തെ ജനജീവിതം ദുസഹമാക്കി. ആഗോള-സാമ്പത്തിക കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയുള്ള നടപടികളും ഈ നൈരാശ്യം കൂടുതലാക്കി. ഭരണകക്ഷിയില്‍തന്നെ ഈ അസന്തുഷ്ടി പ്രകടമായി തുടങ്ങിയിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും വ്യാവസായിക ഉല്‍പ്പാദനത്തിലും ഉണ്ടായ കുറവ്, ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍, നോട്ടുകള്‍ പിന്‍വലിക്കല്‍, തിടുക്കത്തില്‍ ജിഎസ്ടി നടപ്പാക്കിയതിന്റെ ഭാഗമായുള്ള കെടുതികള്‍ ഇവയൊക്കെ മോഡി സര്‍ക്കാരിനെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍പോലും ഇക്കാര്യം പറയേണ്ട അവസ്ഥ സംജാതമായി. ഭാഗികമായെങ്കിലും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ഈ മാധ്യമങ്ങള്‍ പറയുന്നുണ്ട്.
ഉത്സവസീസണില്‍ വ്യവസായവും കച്ചവടവും വളരെ കൂടുതലായി നടക്കുന്നത് പതിവാണ്. കമ്പോളങ്ങള്‍ ജനനിബിഡമാകുന്നു. എന്നാല്‍ ഈ വര്‍ഷം ഇതിന് നേര്‍വിപരീതമായാണ് സംഭവിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ കയ്യില്‍ പണമില്ല. അവശ്യസാധനങ്ങളുടെ വില സാധാരണക്കാരന് കൈയെത്തുന്നതിലും അപ്പുറമായെന്ന് വസ്ത്രവ്യാപാരികള്‍, ഉപഭോക്തൃസാധനങ്ങള്‍ വില്‍ക്കുന്നവര്‍ എന്നിവരൊക്കെതന്നെ അംഗീകരിക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കുംഭകോണമാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍. രാജ്യത്തെ സാധാരണ ജനങ്ങള്‍ പാപ്പരായി. 2016 നവംബറിന് ശേഷം സാധാരണക്കാരന്റെ പണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇപ്പോള്‍ ആ പണം പിന്‍വലിക്കുന്നതിനും മറ്റ് പണമിടപാടുകള്‍ നടത്തുന്നതിനും എല്ലാതരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നു. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കുന്നു. ഇത്തരത്തില്‍ പിഴയിനത്തില്‍ മാത്രം എസ്ബിഐ 235 കോടി രൂപ ഈടാക്കിയിട്ടുണ്ട്. പണരഹിത സമ്പദ്‌വ്യവസ്ഥ, ഡിജിറ്റല്‍ വത്ക്കരണം എന്നിവയിലൂടെയും ജനങ്ങളെ പിഴിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എടിഎം, പേടിഎം എന്നീ പണമിടപാട് സംവിധാനങ്ങളിലൂടെ നേട്ടമുണ്ടാക്കുന്നത് കോര്‍പ്പറേറ്റുകളായ അംബാനിമാരാണ്.
ചരക്കുസേവന നികുതിയുടെ തിടുക്കത്തിലുള്ള നടപ്പാക്കല്‍ കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി. മാസം തോറും കണക്കുകള്‍ സമര്‍പ്പിക്കേണ്ട അവസ്ഥ കച്ചവടക്കാര്‍ക്കുണ്ടായി. രേഖകള്‍ മാത്രമല്ല സമര്‍പ്പിക്കേണ്ടത്, ചരക്ക് സേവനനികുതിയിനത്തില്‍ പിരിച്ച തുകയും ബാങ്കുകളില്‍ നിക്ഷേപിക്കണം. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് നേരത്തേ പിരിച്ചെടുത്ത നികുതി ബാങ്കുകളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 95,000 കോടി രൂപ ഇത്തരത്തില്‍ നിക്ഷേപിച്ചുവെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് ജിഎസ്ടിയുടെ വിജയമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ 65,000 കോടി രൂപ കച്ചവടക്കാര്‍ക്ക് തിരികെ നല്‍കേണ്ടതാണെന്ന് പിന്നീട് വ്യക്തമായി. ഈ തുക തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും കഴിഞ്ഞ ശേഷമായിരിക്കും പണം തിരികെ നല്‍കുകയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയുന്നില്ല. പുതിയ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ വ്യവസായം തകിടംമറിയുന്നു. അവരുടെ ജീവനോപാധിപോലും തകരാറിലായെന്ന് പറഞ്ഞ് കച്ചവടക്കാര്‍ തെരുവിലിറങ്ങുന്നു. ഇത് വന്‍ നഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും ഇപ്പോള്‍ സാധാരണ കാഴ്ചയാണ്.
ജിഎസ്ടി നടപ്പാക്കിയതോടെ ഭൂരിഭാഗം അവശ്യസാധനങ്ങള്‍ക്കും കൂടുതല്‍ വില നല്‍കേണ്ട അവസ്ഥയാണ്. കൂടാതെ ഓരോ സാധനത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള ചരക്കുസേവന നികുതി നിരക്ക് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താറുമാറാക്കുന്നവിധത്തില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചുവെന്ന് മാത്രമാണ് വ്യക്തമാകുന്നത്. ബൂര്‍ഷ്വാഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളുടെ പ്രത്യക്ഷ ഫലമാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. വിലക്കയറ്റം തടയുന്നത് സംബന്ധിച്ച് ഒന്നും പറയാന്‍ മോഡി സര്‍ക്കാര്‍ തയ്യാറല്ല. എന്നാല്‍ ഇതിനെ ജനങ്ങള്‍ ചോദ്യംചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജിഎസ്ടി കുടുംബബജറ്റിന് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്.
വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്ത് എത്തിക്കുമെന്ന മോഡിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വെറുംവാക്കായി. ഇതിനെ ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. പനാമ രേഖകളില്‍ പറഞ്ഞിട്ടുള്ള 500 ഇന്ത്യക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത മോഡി സര്‍ക്കാരിന്റെ നിലപാടിനെ ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ചോദ്യം ചെയ്തു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എഴുന്നൂറോളം ഇന്ത്യാക്കാര്‍ ഒരു പ്രത്യേക ബാങ്കില്‍ വന്‍ തുക കള്ളപ്പണമായി നിക്ഷേപിച്ചിട്ടുണ്ടെന്ന് ഒരു ജര്‍മ്മന്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം മോഡി മൗനം പാലിക്കുകയായിരുന്നുവെന്നാണ് യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം. ഇത്തരത്തില്‍ അനധികൃതമായി നിക്ഷേപിച്ചിട്ടുള്ള പണം രാജ്യത്ത് അടുത്ത പത്ത് വര്‍ഷത്തിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മതിയാവോളമാണ്. കള്ളപ്പണം രാജ്യത്ത് എത്തിച്ച് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന മോഡിയുടെ വാക്കും പാഴായി.
കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും വായ്പയായി നല്‍കിയ തുക തിരിച്ചടയ്ക്കാതെ നിഷ്‌ക്രിയ ആസ്തികളാക്കി മാറ്റുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിന് പകരം ഈ വായ്പകള്‍ എഴുതിത്തള്ളുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. 81,000 കോടി രൂപയാണ് നിഷ്‌ക്രിയ ആസ്തികള്‍ എഴുതിത്തള്ളുന്നതിന് ബജറ്റ് വിഹിതമായി അനുവദിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിഷ്‌ക്രിയ ആസ്തിയില്‍ 40 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നു. കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്നുവെന്ന് മാത്രമല്ല, പുതുതായി കോടികള്‍ വായ്പയായി അനുവദിക്കുകയും ചെയ്യുന്നു. പ്രതിപക്ഷം മാത്രമല്ല, ഭരണകക്ഷിയില്‍തന്നെയുള്ള വിവിധ വിഭാഗക്കാര്‍ ഈ വിഷയം വളരെ ഗൗരവത്തോടെ ഉന്നയിക്കുന്നുണ്ട്. ഈ വിഷയങ്ങള്‍ ഉന്നയിച്ച് ഒരു മാസത്തെ ജനകീയ പ്രചരണത്തിന് ആദ്യമായി ആഹ്വാനം ചെയ്തത് സിപിഐ ആണ്. പനാമാ രേഖകളില്‍ പറഞ്ഞിട്ടുള്ള ഇന്ത്യക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുക, വന്‍കിട കോര്‍പ്പറേറ്റുകളും വ്യവസായികളും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത നിഷ്‌ക്രിയ ആസ്തി തിരികെ പിടിക്കുക അല്ലെങ്കില്‍ അവരുടെ ആസ്തി കണ്ടുകെട്ടുക, ബിജെപി മന്ത്രിമാരും നേതാക്കളും ഉള്‍പ്പെട്ട അഴിമതി കേസുകളില്‍ നടപടികള്‍ സ്വീകരിക്കുക, വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കുക, നോട്ട് പിന്‍വലിക്കല്‍-ജിഎസ്ടി നടപ്പാക്കല്‍ എന്നിവയുടെ ഭാഗമായി ഉണ്ടായ പ്രയാസങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ പ്രചരണത്തിന് ആഹ്വാനം ചെയ്തത്. ഇപ്പോള്‍ മറ്റുള്ളവരും ഇതേ ആവശ്യവുമായി യോജിക്കുന്നു.
ഈ അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും ഭരണവര്‍ഗത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള കാര്യങ്ങളല്ല. ഇക്കാര്യത്തില്‍ പൂര്‍ണ നിസംഗതയാണ് അവര്‍ പുലര്‍ത്തുന്നത്. ജനങ്ങളെ ഏറെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ജാതി-വര്‍ഗീയ ധ്രുവീകരണങ്ങളുടെ ആക്കം കൂട്ടാനുള്ള നിലപാടുകളാണ് ബിജെപിയും സംഘപരിവാറും സ്വീകരിക്കുന്നത്. ഇതിനായി തെറ്റായ വാര്‍ത്തുകളും അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നു. കോര്‍പ്പറേറ്റ് മാധ്യമങ്ങളെയാണ് ഇതിനുള്ള ഉപകരണമായി അവര്‍ അവലംബിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നു.
തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ രോഷത്തിന് പാത്രമായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രത്യേകിച്ചും ഇടതു പാര്‍ട്ടികള്‍ക്കെതിരെയുള്ള തെറ്റായ പ്രചരണങ്ങളുമായി രാജ്യം ചുറ്റുകയാണ്. പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ദേശവിരുദ്ധര്‍ക്കും വിഘടനവാദികള്‍ക്കും അഭയം നല്‍കുന്നുവെന്ന നിലപാടാണ് അമിത് ഷാ പ്രചരിപ്പിക്കുന്നത്. കേരളത്തെ ലക്ഷ്യമിടുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിക്കേസ് പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. ഇത് പാര്‍ട്ടിയില്‍ വിഭാഗീയതപോലും സൃഷ്ടിച്ചു. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനം ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ വെളിവാക്കുന്നതിനൊപ്പം ദേശീയത, ദേശസ്‌നേഹം എന്നിവ സംബന്ധിച്ച ബിജെപിയുടെ പ്രഹസനവും വെളിച്ചത്തുകൊണ്ടുവരാന്‍ തയ്യാറാകണം.

Related News