Wednesday
19 Sep 2018

ഇതര സംസ്ഥാന തൊഴിലാളികള്‍: കേരളത്തിനെതിരെ സംഘപരിവാര്‍ ഒളിയുദ്ധം

By: Web Desk | Wednesday 11 October 2017 1:23 AM IST

കേരളത്തിന്റെ ഇടതുപക്ഷ മതനിരപേക്ഷ പ്രതിഛായക്ക് മങ്ങലേല്‍പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി-സംഘപരിവാര്‍ ശ്രമങ്ങള്‍ അത്യന്തം അപകടകരമായ രൂപം കൈവരിക്കുന്നു. കേരളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷിത തൊഴിലിടമല്ലെന്ന് വരുത്തിതീര്‍ക്കാന്‍ സംസ്ഥാനത്തിനാകെ അപമാനകരമായ പ്രചാരവേലകളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ തല്ലിക്കൊന്നുവെന്ന് വടക്കേഇന്ത്യയിലാകെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യാപകമായ കുപ്രചരണമാണ് അവര്‍ നടത്തിവരുന്നത്. ഏതാണ്ട് നാല്‍പത് ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തില്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. വ്യാപകമായ കുപ്രചരണത്തെ തുടര്‍ന്ന് ഉറ്റവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിപോകുന്നതായി വാര്‍ത്തയുണ്ട്. ഇതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ രണ്ട് ഹോട്ടലുകള്‍ തൊഴിലാളികളുടെ അഭാവത്തില്‍ അടച്ചുപൂട്ടേണ്ടി വന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ കോഴിക്കോട്ടെ കൂടുതല്‍ തൊഴില്‍സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ആശങ്കയുണ്ട്. ഹോട്ടല്‍ ഉടമകളടക്കം തൊഴിലുടമകള്‍ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചുകഴിഞ്ഞു. അക്രമാസക്തമായ വര്‍ഗീയത കുത്തിയിളക്കി കേരളത്തില്‍ കലാപവും മത-ജാതി ചേരിതിരിവുകളും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ബിജെപി-സംഘ്പരിവാര്‍ കണക്കുകൂട്ടലുകള്‍ നിലംപൊത്തുന്ന പശ്ചാത്തലത്തിലാണ് ഫാസിസ്റ്റ് രീതിയിലുള്ള വിധ്വംസക പ്രവര്‍ത്തനം. കേരളത്തില്‍ ജനരക്ഷായാത്ര നടത്തി താമര വിരിയിക്കാന്‍ സംഘ്പരിവാര്‍ നടത്തിയ ശ്രമം തകര്‍ന്നടിയുകയാണ്. കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ നേരിട്ടെത്തിയ അമിത്ഷായ്ക്ക് സ്വന്തം നാണക്കേട് മറയ്ക്കാനാവാതെ നാടുവിടേണ്ടി വന്നു. സ്വന്തം സംസ്ഥാനത്തെ കൂട്ടശിശുമരണങ്ങള്‍ തുടര്‍ക്കഥയാക്കി മാറ്റിയ ആദിത്യനാഥിനും സംസ്ഥാന രാഷ്ട്രീയത്തില്‍ യാതൊരു ചലനങ്ങളും സൃഷ്ടിക്കാനായില്ല. അഴിമതിയുടെയും ജനദ്രോഹനയങ്ങളുടെയും ചതുപ്പില്‍ ആണ്ടുതുടങ്ങിയ ബിജെപി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് കേരളത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് ഇവിടത്തെ പൊതു സാമൂഹ്യ-തൊഴില്‍ അന്തരീക്ഷമാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലക്ഷക്കണക്കായ തൊഴിലാളികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് കേവലം വേതനം മാത്രമല്ല. രാജ്യത്തെ ഏറ്റവും മികച്ച വേതനവും തൊഴില്‍ സംസ്‌കാരവും ഉറപ്പുനല്‍കുന്ന സംസ്ഥാനമാണ് കേരളം. അതിനെക്കാള്‍ ഉപരി ജാതി, മതം, ഭാഷ, വര്‍ണം, സംസ്‌കാരം എന്നിവകളുടെ പേരില്‍ സ്വന്തം നാട്ടില്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനമോ അപമാനമോ അതിക്രമങ്ങളോ അവര്‍ക്കിവിടെ നേരിടേണ്ടി വരുന്നില്ല. ഭക്ഷണത്തിന്റെയോ വസ്ത്രധാരണ രീതിയുടെയോ ആചാരക്രങ്ങമളുടെയോ പേരില്‍ ആക്രമിക്കപ്പെടുമെന്നും കൊല ചെയ്യപ്പെടുമെന്നും അവന് ഭയക്കേണ്ടതില്ല. ഇതര സംസ്ഥാനക്കാരായ ഇന്ത്യന്‍ പൗരന്മാരെ അധഃസ്ഥിതരെന്നും അപരിഷ്‌കൃതരെന്നും അഭയാര്‍ഥികളെന്നും അവമതിക്കുന്ന സവര്‍ണ സംസ്‌കാരത്തിന് ഇവിടെ ഇടമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവിടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നേതൃത്വം നല്‍കുന്നത് ഇന്നാട്ടിലെ ട്രേഡ് യൂണിയനുകളും അവയുടെ നേതൃത്വവുമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി, തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, ലേബര്‍ ക്യാമ്പ് എന്നിവയിലെല്ലാം നാം ഏറെ മുന്നോട്ടുപോയിരിക്കുന്നു. അവരുടെ തൊഴില്‍, സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ, പാര്‍പ്പിട അവകാശങ്ങള്‍ക്കുവേണ്ടി സമഗ്ര നിയമനിര്‍മാണം തന്നെ കേരളത്തിന്റെ മുന്‍ഗണനാ പട്ടികയിലാണ്. അത്തരം ഒരു സംസ്ഥാനത്തിനും ജനതക്കുമെതിരെ തീര്‍ത്തും അടിസ്ഥാനരഹിതമായ കുപ്രചരണം ദുരുപദിഷ്ടമാണ്, ദുരുദ്ദേശപരമാണ്.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളില്‍ രാജ്യം നട്ടം തിരിയുമ്പോഴും അതിന്റെ കെടുതികളില്‍ നിന്ന് ഒരു പരിധി വരെ പിടിച്ചുനില്‍ക്കാന്‍ സംസ്ഥാനത്തിനാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ ജനാഭിമുഖ്യ സാമ്പത്തിക വികസന നയങ്ങളാണ്. ആ നയപരിപാടികളുടെ സാക്ഷാല്‍ക്കരണത്തില്‍ നാല് ദശലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍ണായക പങ്കാണ് നിര്‍വഹിക്കാനുള്ളത്. സംഘ്പരിവാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന നാണംകെട്ട കുപ്രചരണം ആ തൊഴിലാളി കുടുംബങ്ങളിലും സമൂഹങ്ങളിലും ഭീതി പടര്‍ത്തി അവരെ കേരളത്തില്‍ നിന്ന് അകറ്റുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്. നോട്ട് അസാധൂകരണം കേരളമടക്കം തദ്ദേശീയ സമ്പദ്ഘടനകളില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതില്‍ നിന്ന് തൊഴില്‍ മേഖല സാവധാനം കരകയറി വരുമ്പോഴാണ് നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കേരളത്തിനു നേരെ മറ്റൊരു ഒളിയുദ്ധത്തിന് ബിജെപി-സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ മുതിര്‍ന്നിരിക്കുന്നത്. വെടക്കാക്കി തനിക്കാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അവര്‍ കരുക്കളാക്കുന്നു. അധികാരത്തിന്റെ എച്ചില്‍ കഷ്ണങ്ങള്‍ക്കായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന കുമ്മനവും കൂട്ടരും ഈ കൊടുംവഞ്ചനയ്ക്ക് കേരളത്തോട് മറുപടി പറയേണ്ടി വരും.

Related News